സൗദിയിൽ മലയാളി ജീവകാരുണ്യ പ്രവർത്തകനെതിരെയുള്ള കേസ് പിൻവലിച്ചു
സ്പോൺസറുടെ വീട്ടിൽ പ്രയാസത്തിലകപ്പെട്ട തമിഴ്നാട്ടുകാരിയെ രക്ഷപ്പെടുത്താൻ ഇന്ത്യൻ എംബസിയുടെ ആവശ്യപ്രകാരം ഇടപെടുകയും അവസാനം കുരുക്കിലാകുകയും ചെയ്ത ദമാമിലെ സാമൂഹ്യ പ്രവർത്തകൻ മണിക്കുട്ടൻ അവസാനം നഷ്ടപരിഹാരം നൽകി പോലീസ് കേസിൽ നിന്നും ഒഴിവായി.
തമിഴ്നാട്ടുകാരിയെ രക്ഷപ്പെടുത്താൻ ദമാമിലെ ജീവകാരുണ്യ പ്രവർത്തക മഞ്ജു മണിക്കുട്ടനോട് ഇടപെടാൻ ഇന്ത്യൻ എംബസി ആവശ്യപ്പെടുകയും ഭർത്താവ് മണിക്കുട്ടനോടൊന്നിച്ച് ആ സ്ത്രീയെ രക്ഷപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തതാണു ഇവർക്ക് വിനയായത്.
ഖുറയാത്തിലെ സ്പോൺസറുടെ വീട്ടിൽ നിന്ന് തമിഴ്നാട്ടുകാരിയെ രക്ഷിക്കാൻ ഉപയോഗിച്ച മണിക്കുട്ടൻ്റെ കാറിൻ്റെ നംബർ സി സി ടി വിയിൽ കുടുങ്ങുകയായിരുന്നു. നിയമ വിധേയമല്ലാതെ ജോലിക്കാരിയെ കൊണ്ട് പോയതിനു തമിഴ്നാട്ടുകാരിയുടെ കഫീൽ ഖുറയാത്ത് സ്റ്റേഷനിൽ കേസ് ഫയൽ ചെയ്യുകയും ചെയ്തു. നിരന്തര ചർച്ചകൾക്കൊടുവിൽ ,ജയിലിലാകാൻ സാധ്യതയുണ്ടായിരുന്ന കേസിൽ നിന്ന് 16,000 റിയാൽ സ്പോൺസർക്ക് നഷ്ടപരിഹാരം നൽകിയാൽ ഒഴിവാകാൻ വഴി തെളിയുകയായിരുന്നു.
എന്നാൽ ജോലിക്കാരിയെ രക്ഷിക്കാൻ ആവശ്യപ്പെട്ട ഇന്ത്യൻ എംബസി ഈ പണം നൽകാൻ തയ്യാറാകാതിരുന്നത് മണിക്കുട്ടനെയും മഞ്ജു മണിക്കുട്ടനേയും പ്രയാസത്തിലാക്കി. അവസാനം ചില സുമനസ്സുകൾ ചേർന്ന് ഈ പണം വായ്പയായി സംഘടിപ്പിക്കുകയും പണം പോലീസ് സ്റ്റേഷനിലേൽപ്പിച്ചതോടെ ഖുറയാത്ത് പോലീസ് അദ്ദേഹത്തിനെതിരെയുള്ള കേസ് പിൻവലിക്കുകയും ചെയ്തു.
രക്ഷിക്കാൻ ആവശ്യപ്പെട്ടിട്ട് അവസാനം കുടുങ്ങിയപ്പോൾ കൈ മലർത്തിയ ഇന്ത്യൻ എംബസിക്കെതിരെ ശക്തമായ പ്രതിഷേധമാണു പ്രവാസികളിൽ നിന്നുയർന്നിട്ടുള്ളത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa