Friday, November 22, 2024
Travel

ഒരു ദിവസം ,488 രൂപ ,മൂന്ന് സംസ്ഥാനങ്ങൾ : അനവധി കാഴ്ചകൾ


മുബശ്ശിർ മുഹമ്മദ്

പരമാവധി നല്ല കാഴ്ചകൾ കണ്ട് ഒരു ദിവസം എത്രദൂരം വരെ യാത്രചെയ്ത് മടങ്ങിയെത്താമെന്ന ജിജ്ഞാസയേറിയ ഭ്രാന്തിൽ നിന്നാണ് ഈ യാത്ര തുടങ്ങുന്നത്. കൂടുതൽ ദൂരം യാത്രചെയ്യാൻ പാകത്തിലുള്ള ബൈക്കോ കാറോ സ്വന്തമായി ഇല്ലാത്തതിനാലും, മറ്റൊരാളുടെ ബൈക്ക് കടംവാങ്ങി മൂന്നു വർഷം മുമ്പ് ഒറ്റൊക്കൊരു യാത്ര പോയതിന് ഉറ്റവരിൽ നിന്ന് കുറേ അനിഷ്ടങ്ങൾ കേട്ടതിനാലും സാധാരണക്കാരുടെ വാഹനമായ ആനവണ്ടിയാണ് തിരഞ്ഞെടുത്തെത്.


ഓരോ പ്രദേശത്തെയും പ്രാദേശിക ബസ്സുകളിൽ അവിടങ്ങളിലെ നാട്ടുകാരോട് സംസാരിച്ച്, അവരുടെ – അവിടുത്തെ വിശേഷങ്ങൾ അറിഞ്ഞ് യാത്ര ചെയ്യേണമെന്ന ഏറെ നാളത്തെ ആഗ്രഹം കൂടെയുണ്ടായിരുന്നു ഈ തിരഞ്ഞെടുപ്പിന് പിന്നിൽ.
അപ്രതീക്ഷിതമായി ഒഴിവു ലഭിച്ച ഒരു ഞാറാഴ്ചയായതിനാൽ അധികം പ്ലാനുകളൊന്നുമില്ലാതെ ശനിയാഴ്ചയാണ് ഏകദേശ യാത്രാറൂട്ടുകൾ മനസ്സിനുള്ളിൽ തട്ടിക്കൂട്ടിയത്. തമിഴ്നാടിലെ തണുത്ത് കിടക്കുന്ന നീലഗിരി ജില്ലയിലെ വിവിധ പ്രദേശങ്ങളും ഒന്നു രണ്ട് വന്യജീവി സങ്കേതങ്ങളുമൊക്കെയായിരുന്നു ആദ്യം മനസ്സിൽ പതിഞ്ഞ ലക്ഷ്യസ്ഥാനങ്ങൾ.


ഗൂഡല്ലൂരിലേക്ക്,
വൈകി ഉറങ്ങിയതിനാലുള്ള ഉറക്കം ബാക്കിയുള്ളതിനാലും പുലർച്ചേ നല്ല തണുപ്പുണ്ടായതിനാലും പിന്നീടാവാം എന്ന് ഒരുവേള നിനച്ചെങ്കിലും ഈ അവസരം നഷ്ടപ്പെടുത്തേണ്ടെന്ന് കരുതി പുലർച്ചെ അഞ്ച് മണിക്കു തന്നെ ഒരുക്കങ്ങൾ തുടങ്ങിയിരുന്നു. 5: 40 ഓടെ അടിവാരത്തിനടുത്തുള്ള താമസ സ്ഥലത്തു നിന്നും സുഹൃത്തിന്റെ സ്ക്കൂട്ടറിൽ അടിവാരത്തേക്ക്. നല്ലൊരു സ്വറ്റർ ഇട്ടിട്ടും ആ സമയത്ത് അവനു പിന്നിലിരിക്കുമ്പോൾ തന്നെ നന്നായി തണുത്തതിൽ നിന്ന് വയനാട്ടിലേയും നീലഗിരിയിലേയും ഒക്കെ ഏകദേശ തണുപ്പ് മനസ്സിലാക്കാനായി.

7: 10 am ന് കൽപ്പറ്റയിൽ നിന്നും പുറപ്പെടുന്ന നാടുകാണി – നിലമ്പൂർ – പാലക്കാട് ബസ്സായിരുന്നു ലക്ഷ്യം. ആറ് മണിയോടെ കോഴിക്കോട് നിന്നുള്ള കൽപറ്റ ലിമിറ്റഡ് സ്റ്റോപ്പ് കെ എസ് ആർ ടി സിയിൽ അടിവാരത്ത് നിന്ന് കൽപറ്റയിലേക്ക്. കൽപറ്റയെത്തുമ്പോൾ സമയം 7:07 am. പഴയ സ്റ്റാന്റിലുള്ള കടയിൽ നിന്ന് കാപ്പിയും ചെറിയൊരു കടിയും ഓർഡർ ചെയ്തെങ്കിലും ബസ്സ് എടുത്തതിനാൽ മുഴുമിപ്പിക്കാതെ ബസ്സിൽ കയറി. വയനാടിന്റെ പുലർഗ്രാമീണ ഭംഗി കണ്ട്, മുൻ സീറ്റിലിരുന്ന് മേപ്പാടി-റിപ്പൺ – വടുവഞ്ചാൽ പ്രദേശങ്ങളിലെ തേയിലത്തോട്ടങ്ങൾക്കിടയിലൂടെ തമിഴ്‌നാട് അതിർത്തിയിലേക്കൊരു പ്രഭാതയാത്ര. തമിഴ്നാടൻ ഗ്രാമങ്ങളായ ചേരമ്പാടി – പന്തലൂർ – ദേവാല എന്നിവ പിന്നിട്ട് 8: 55 am ഓടെ ബസ്സ് നാടുകാണിയിലെത്തി.

ഗുഡല്ലൂർ ബസ്സും കാത്ത് നാടുകാണിയിൽ നിൽക്കുമ്പോഴതാ കർണാടകാ ആർ ടി സി യുടെ മലപ്പുറം – മടിക്കേരി ബസ്സ് ചുരം കയറി വരുന്നു. ഗൂഡല്ലൂർ ഇറങ്ങി തമിഴ്നാടൻ സ്പെഷ്യൽ വിഭവങ്ങൾ കഴിച്ച് മസിനഗുഡിയിലേക്ക് യാത്ര തുടരാനായിരുന്നു കരുതിയിരുന്നെങ്കിലും ഈ ബസ്സ് മുതുമലൈ കടുവാ സങ്കേതത്തിലൂടെ പോവുന്നതായതിനാൽ മസിനഗുഡിയിലേക്ക് തിരിയുന്ന ജംഗ്ഷനായ ‘തെപ്പക്കാട്ടേ’ ക്കുള്ള ടിക്കറ്റെടുത്തു. 9:40 am ന് തെപ്പക്കാട്‌ എത്തി. തണുപ്പകറ്റാൻ ചെറിയൊരു കാപ്പി. 10 മണിക്ക് എത്തിയ തമിഴ്നാട് ആർ ടി സി യുടെ ലോക്കൽ ബസ്സിൽ മുതുമലൈ കടുവാ സങ്കേതത്തിലെ കാഴ്ചകൾ കണ്ട് മസിനഗുഡിയിലേക്ക്.

മസിനഗുഡി കാഴ്ചകൾ,
മസിനഗുഡി ചെറിയൊരു പട്ടണമാണ്. ഒട്ടേറെ കാർഷിക ഗ്രാമങ്ങളിൽ നിന്നുള്ള ഊടുവഴികൾ സംഗമിക്കുന്ന സുന്ദരമായ ഇടം. ബസ്റ്റാന്റിനു സമീപത്തെ ചായക്കടയിൽ നിന്നും ചൂടു വടയും ഇഡലിയും കഴിച്ചു. നല്ല രുചിയും കുറഞ്ഞ വിലയും ഉള്ളവ. സമയം 10: 25 ആയിട്ടേ ഉള്ളൂ. മസിനഗുഡിയിലെ ചില ഗ്രാമങ്ങൾ കണ്ട് തിരിച്ച് തെപ്പക്കാട് വഴി ഗുണ്ടൽപേട്ട പോവാനായിരുന്നു ആദ്യം കരുതിയതെങ്കിലും സുഹൃത്ത് റിയാസിനെ വിളിച്ചപ്പോൾ അവൻ 36 ഹെയർപിൻ വളവുകളുള്ള മസിനഗുഡി – ഊട്ടി ചുരം കയറാതെ അവിടുന്ന് പോരരുത് എന്ന് പറഞ്ഞ് കൊതിപ്പിച്ചതിനാൽ മനസ്സിലെ യാത്രാ റൂട്ടിൽ ഇല്ലാത്ത ഊട്ടിയും യാത്രയിലെ നിർണയ സ്ഥലമായി. ഇനി 11 മണിക്കേ ഊട്ടിയിലേക്ക് ഇവിടുന്ന് തമിഴ്നാട് ആർ ടി സിയുടെ ബസ്സുള്ളൂ. ബസ്റ്റാന്റിൽ കണ്ട ചില തദ്ദേശീയരോട് സംസാരിച്ചും പാലക്കാട്ടുകാരിയായ അമ്മ നടത്തുന്ന കടയിൽ കയറിയും ഗ്രാമങ്ങളിലേക്ക് നീളുന്ന ഒന്നു രണ്ട് ചെറുവഴികളിലൂടെ അൽപം ഉള്ളോട്ട് നടന്നും സമയം 11 മണിയിലെത്തിച്ചു.
തമിഴ്നാടൻ ഗ്രാമീണ കാർഷിക കാഴ്ചകൾ കണ്ട് ചുരത്തിലേക്കുള്ള ചെറിയ വഴിയിലൂടെ ആ ബസ്സ് നീങ്ങി. ആളുകൾ കൈകാട്ടുന്ന ഇടത്തെല്ലാം നിർത്തുന്ന, അവരുടെ കലപില സംസാരങ്ങൾ കേൾക്കുന്ന, മുളകുപാടവും ക്യാരറ്റ് നിലങ്ങളും കാണുന്ന ഈ ബസ്സ് യാത്രക്ക് എന്തു ഭംഗി!😍
11:20 ഓടെ ബസ്സ് ചുരം കയറിത്തുടങ്ങി. വീതി കുറഞ്ഞ കുത്തനേയുള്ള കയറ്റങ്ങൾ. ഉയരം കൂടുന്തോറും താഴ്ഭാഗത്തെ ഭംഗി കൂടുന്നു… ഡ്രൈവറിന് ഇടതു വശത്തുള്ള സീറ്റായതിനാൽ അദ്ദേഹത്തോട് സംസാരിച്ചും ഓരോ വളവും അദ്ദേഹം മനോഹരമായി വളക്കുന്നത് നോക്കിയുമിരുന്നു. 12: 20 ഓടെ ഉദഗമണ്ഡലം (ഊട്ടി) സ്റ്റാന്റിൽ എത്തി. ശേഷം അവിടെ അൽപം കറങ്ങി.

വീണ്ടും ഗൂഡല്ലൂർ,
ഊട്ടിയിലെ ബൊട്ടാണിക്കൽ ഗാർഡൻ പോലോത്ത പൊതുടൂറിസ ഇടങ്ങൾ മുമ്പ് പല തവണ കണ്ടതിനാൽ അവിടെയൊന്നും പോവാതെ നഗരത്തിൽ കുറച്ച് കറങ്ങി. ഉദഗമണ്ഡലം റെയിൽവേ സ്റ്റേഷനിൽ പോയി കൂനൂർ – മേട്ടുപാളയം ട്രൈയിനിന്റെ സമയവും ടികറ്റ് ലദ്യതയും അന്വേഷിച്ചു.(പിന്നീടൊരിക്കൽ ഈ ട്രൈയിൻ യാത്രക്ക് മാത്രമായി വരേണം). പിന്നീട് 1:30 pm ന്റെ തമിഴ്നാട് ആർ ടി സി യുടെ ബസ്സിൽ നടുവട്ടം വഴി ഗൂഡല്ലൂരിലേക്ക്. അതിനിടയിൽ നടുവട്ടത്ത് ഭക്ഷണം കഴിക്കാനായി നിർത്തിയപ്പോൾ ഇളം ചോളം പുഴുങ്ങിയതും ഒരു വാഴപ്പഴവും അര ലിറ്ററിന്റെ വെള്ളവും കഴിച്ച് ഉച്ചഭക്ഷണം ഉഷാറാക്കി. വശങ്ങളിലെ ഭംഗിയേറിയ ദൃശ്യങ്ങൾ കണ്ട് സമയം പോയതറിഞ്ഞില്ല.

ഗൂഡല്ലൂരിൽ നിന്ന് ദേവർശോല – സുൽത്താൻ ബത്തേരി വഴി അടിവാരത്തേക്ക് തന്നെ തിരിക്കാനായിരുന്നു കരുതിയിരുന്നതെങ്കിലും ഈ ബസ്സ് ഗൂഡല്ലൂരിൽ എത്തുമ്പോൾ 3:10 pm ഏ ആവൂ എന്ന് ഡ്രൈവർ പറഞ്ഞപ്പോൾ മറ്റെവിടേക്കെങ്കിലും തിരിച്ചാലോ എന്ന് തോന്നി. ഏതായാലും ഇറങ്ങിയതല്ലേ


ബാലേട്ടന്റെ റൂട്ട് മാപ്പുകൾ
ഡ്രൈവറോട് സമയം അന്വേഷിക്കുന്നത് കേട്ടാണ് എന്റെ അടുത്തിരുന്ന മധ്യവയസ്‌കൻ എന്നോട് സംസാരിച്ച് തുടങ്ങിയത്. എവിടേക്കെല്ലാം പോയി, ഇനി എവിടെ പോവുന്നു എന്നെല്ലാം അദ്ദേഹം ചോദിച്ചറിഞ്ഞു. അപ്പഴാണറിഞ്ഞത്, മൂപ്പരൊരു തമിഴ്നാട് ആർ ടി സിയിലെ ഡ്രൈവറാണെന്നും ഡ്യൂട്ടി കഴിഞ്ഞ് ഗൂഡല്ലൂരിലെ വീട്ടിലേക്ക് മടങ്ങുകയാണെന്നും. ഊട്ടിയിൽ നിന്നും കിന്നക്കൊരൈ എന്ന സുന്ദര പ്രദേശത്തേക്കുള്ള ബസ്സിലാണ് അദ്ദേഹത്തിന്റെ സേവനം. ഒരിക്കൽ ആ റൂട്ടിൽ വരൂ, വളരെ മനോഹരമാണ് അതെന്നും വരുന്നെങ്കിൽ വിളിക്കൂ എന്നും അദ്ദേഹം പറഞ്ഞു. ബസ്സിൽ പോയി കാണാൻ കഴിയുന്ന നീലഗിരിയിലെ മറ്റു ചില സുന്ദര റൂട്ടുകളും അദ്ദേഹം പറഞ്ഞുതന്നു.

ബാലേട്ടനും ലേഖകനും


ഗുണ്ടൽപേട്ടിലേക്ക്
3:10 pm ന് ഗൂഡല്ലൂർ സ്റ്റാന്റിലെത്തിയ തമിഴ്നാട് ബസ്സിൽ നിന്നിറങ്ങി 20 രൂപക്ക് ഓറഞ്ചും ഒരു വാഴപ്പഴവും വാങ്ങിക്കഴിച്ച് നഗരത്തിലൂടെ കുറച്ച് അലഞ്ഞ് ഏതാനും പേരോട് സംസാരിച്ചു. സമയം 3:40 pm ആയിട്ടേ ഉള്ളൂ. ഗുണ്ടൽപേട്ടയിലേക്ക് തിരിച്ചാലോ എന്ന് മനസ്സ് പറഞ്ഞു. നേരത്തെ മുതുമലൈ കടുവാ സങ്കേതത്തിലെ തെപ്പക്കാട് വരെയുള്ള ദൃശ്യങ്ങളേ കണ്ടുള്ളൂ എന്നതിനാൽ ഗുണ്ടൽപേട്ടയിലേക്ക് പോവുമ്പോൾ ബാക്കിയുള്ള ഭാഗവും കാണാമെന്നും, ബന്ദിപ്പൂർ നാഷണൽ പാർക്കിലൂടെയും ബസ്സ് പോവുമെന്നും അറിഞ്ഞപ്പോൾ ഗുണ്ടൽപേട്ട് ബസ്സിനുള്ള കാത്തിരിപ്പായി. 3:50 ഓടെ കർണാടക ആർ ടി സിയുടെ ഊട്ടി-മൈസൂർ ബസ്സിൽ ഗുണ്ടൽപേട്ടിലേക്ക്. മുൻസീറ്റിൽ തന്നെ ഇടം കിട്ടിയതിനാൽ മുതുമലൈ നാഷണൽ പാർക്കിലെയും ബന്ദിപ്പൂർ നാഷണൽ പാർക്കിലെയും കാഴ്ചകൾ കാണാൻ എളുപ്പമായി.

തിരികെ
5:00 pm നു ഗുണ്ടൽപേട്ടയിൽ ബസ്സെത്തി. സ്റ്റാൻഡിൽ നിന്നും ലോക്കൽ കർണാടക ബസ്സിൽ കയറി കൂത്തനൂരു എന്ന കാർഷിക ഗ്രാമത്തിൽ ബസ്സിറങ്ങി. വിളവെടുപ്പെല്ലാം കഴിഞ്ഞ് പുതിയ വിത്ത് പാകുന്നതിനുള്ള നിലം ഒരുക്കുന്നതിലും ഭൂമി നനക്കുന്നതിലും വ്യാപൃതരാണ് കർഷകർ. പിന്നീട് 6:00 pm ന്റെ കോഴിക്കോട് ബസ്സിൽ കൂടുതൽ പച്ചക്കറി പാടങ്ങളും ബന്ദിപ്പൂർ നാഷണൽ പാർക്കിലെ സായാഹ്ന ദൃശ്യങ്ങളും കണ്ട് മുത്തങ്ങ- സുൽത്താൻ ബത്തേരി- കല്പറ്റ വഴി അടിവാരത്തെ താമസ സ്ഥലത്തേക്ക്. കൂട്ടിനു കുളിരേകാനെന്നോണം സ്വെറ്ററിനുള്ളിലേക്ക് അടിച്ചു കയറുന്ന വയനാടൻ തണുപ്പും. 9 :30 pm നു അടിവാരത്ത് ബസ്സിറങ്ങി. അങ്ങനെ 16 മണിക്കൂറിനുള്ളിൽ മൂന്നു സംസ്ഥാനങ്ങളിലായി 358 കിലോമീറ്റർ യാത്ര ചെയ്ത് ഒടുവിൽ റൂമിലെത്തുന്നു.

തമിഴ് നാടിന്റെ പ്ലാസ്റ്റിക് വർജ്ജന മാതൃകകൾ
മസിനഗുഡി അങ്ങാടിയിൽ നിന്നാണ് പാലക്കാട്ടുകാരി അമ്മയുടെ കടയിൽ കയറുന്നത്. സാധനം പൊതിഞ്ഞു തരുന്നത് പത്രം ഒട്ടിച്ചുണ്ടാക്കിയ കവറിലും തുണി സഞ്ചിയിലും ഒക്കെയാണ്. കൂടാതെ കമുകിൻ പാള കൊണ്ടുള്ള വിവിധ വലുപ്പത്തിലുള്ള പ്ലെയിറ്റുകളും വില്പനക്ക് വെച്ചിരിക്കുന്നത് കണ്ടവിടെ. വിവിധ സ്ഥലങ്ങളിലായി കണ്ട ഒരൊറ്റ കടയിലും പ്ലാസ്റ്റിക് കവറുകൾ നൽകുന്നില്ല. എല്ലായിടത്തും തുണിസഞ്ചിയോ ന്യൂസ് പേപ്പർ കവറുകളോ ആണ് നൽകുന്നത്.

മസിനഗുഡിയിൽ നിന്ന് ഊട്ടിയിലേക്കുള്ള യാത്രക്കിടെ റോഡിനിരുവശത്തും ഫോറസ്ററ് ഉദ്യോഗസ്ഥർ യാത്രക്കാർ വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കുന്നത് നല്ലൊരു മാതൃകയായി തോന്നി. ചേരമ്പാടിയിൽ നിന്ന് നാടുകാണിയിലേക്കുള്ള ഓരോ ഒരു കിലോമീറ്ററിനുള്ളിലും ഡസ്റ്റ് ബിന്നുകൾ കാണാൻ സാധിച്ചു. അതിന്മേലെല്ലാം ” അടുത്ത ഡസ്റ്റ് ബിൻ ഒരു കിലോമീറ്റർ കഴിഞ്ഞാണ്, അതിൽ തന്നെ മാലിന്യങ്ങൾ നിക്ഷേപിക്കൂ” എന്ന മനോഹരമായ ഓര്മപ്പെടുത്തലുകളും. ജനവാസമില്ലാത്ത പ്രദേശങ്ങളായിട്ടു പോലും ഓരോ കിലോമീറ്ററിനിടയിലും ഡസ്റ്റ് ബിന്നുകൾ സ്ഥാപിച്ചത് വലിയൊരു മാതൃക തന്നെ✌.

കാഴ്ചകൾ
വിവിധ പ്രദേശങ്ങളിലെ കാർഷിക ഗ്രാമങ്ങളാണ് കണ്ണിനു വലിയ കുളിരേകിയത്. കൂടാതെ കാടിന്റെ ഭംഗിയും ഉയർന്ന പ്രദേശങ്ങളുടെ സൗന്ദര്യവും. ബന്ദിപ്പൂർ, മുതുമലൈ നാഷണൽ പാർക്കുകളിൽ നിന്നായി സ്വാഭാവിക പ്രകൃതിയിൽ ആന, മാൻ, മയിൽ, കുരങ്ങ്, സിംഹവാലൻ കുരങ്ങ് എന്നീ ജീവികളെയാണ് കണ്ടത്. ആനകളെയും മാൻ കൂട്ടങ്ങളെയും പല തവണ കണ്ടു.

ചിലവുകൾ
അടിവാരം- കല്പറ്റ കെ എസ് ആർ ടി സി ലിമിറ്റഡ് സ്റ്റോപ്പ്, 23 രൂപ.
കല്പറ്റ- നാടുകാണി കെ എസ് ആർ ടി സി, 52 രൂപ.നാടുകാണി- തെപ്പക്കാട് കർണാടക ആർ ടി സി, 35 രൂപ.തേപ്പേകാട് – മസിനഗുഡി തമിഴ്നാട് ആർ ടി സി, 7 രൂപ.മസിനഗുഡി- ഊട്ടി തമിഴ്നാട് ആർ ടി സി, 26 രൂപ.ഊട്ടി- ഗൂഡല്ലൂർ തമിഴ്‌നാട് ആർ ടി സി, 40 രൂപ.ഗൂഡല്ലൂർ- ഗുണ്ടൽപേട്ട് കർണാടക ആർ ടി സി, 48 രൂപ.ഗുണ്ടൽപേട്ട് – കൂത്തനൂറു കർണാടക ആർ ടി സി, 9 രൂപ.കൂത്തനൂറു- അടിവാരം കെ എസ് ആർ ടി സി, 118 രൂപ.ഭക്ഷണം,130 ( രണ്ടു നേരത്തേക്ക് )ആകെ 358+130 = 488 രൂപ

കണ്ട കാഴ്ചകൾ ചെറിയ രൂപത്തിലേ ഇവിടെ വിവരിച്ചിട്ടുള്ളൂ. മനസ്സിലുണ്ട് എല്ലാം. പരമാവധി എല്ലാ ബസ്സുകളിലും മുൻസീറ്റിൽ തന്നെ ഇടം കിട്ടിയതിനാൽ കാഴ്ചകൾ വളരെ മനോഹരമായിരുന്നു. രണ്ടു കണ്ണുകൾക്കും തന്നെ കാണാൻ ഒരുപാട് കാഴ്ചകൾ ഉള്ളതിനാൽ ഫോണിന്റെ കാമറ കണ്ണിനെ കൂടുതൽ കാഴ്ചകൾ കാണിച്ചില്ല. ബാലേട്ടന്റെ ബസ്സിൽ മുൻ സീറ്റിലിരുന്ന് ഊട്ടിയിൽ നിന്നും കിന്നക്കോരയിലേക്കുള്ള അടുത്ത യാത്രക്കായി ഇപ്പോൾ തന്നെ മനസ്സ് കൊതിക്കുന്നു.

(ലേഖകൻ മുബശ്ശിർ മുഹമ്മദ് പ്രകൃതിയുടെ പ്രവാചകൻ എന്ന പ്രസിദ്ധമായ സൃഷ്ടിയുടെ രചയിതാവ് കൂടി ആണ്.)

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്