Tuesday, November 26, 2024
Saudi Arabiaവഴികാട്ടി

സൗദിയിൽ സ്പോൺസറുടെ അനുമതിയില്ലാതെ സ്പോൺസർഷിപ്പ് മാറാൻ സാധിക്കുന്ന അവസരങ്ങൾ

സൗദി തൊഴിൽ നിയമപ്രകാരം ഒരു സ്പോൺസറുടെ കീഴിൽ ജോലി ചെയ്യുന്ന വിദേശിക്ക് മറ്റൊരു സ്പോൺസറുടെ കീഴിലേക്ക് സൗദിയിലെത്തിയ ഉടനെ ഏത് സമയവും സ്പോൺസർഷിപ്പ് മാറാം, സമയ പരിധിയില്ല.

ഇഖാമയോ വർക്ക് പെർമിറ്റോ എക്സ്പയർ ആയാൽ നിലവിലെ സ്പോൺസറുടെ സമ്മതമില്ലാതെ തന്നെ പുതിയ സ്പോൺസറുടെ കീഴിലേക്ക് സ്പോൺസർഷിപ്പ് മാറാം. അത് പോലെ സൗദിയിലെത്തിയ ശേഷം ഒരിക്കലും വർക്ക് പെർമിറ്റ് ഇഷ്യു ചെയ്യാത്ത പുതിയ ആളുകൾക്കും കഫീലിൻ്റെ സമ്മതമില്ലാതെ സ്പോൺസർഷിപ്പ് മാറാം.

തൊഴിലാളി തൊഴിലുടമക്കെതിരെ പരാതി നൽകുകയും കേസിൽ തൊഴിലുടമ ഹാജരാകുകയും ചെയ്യാതിരുന്നാലും തൊഴിലുടമയുടെ സമ്മതമില്ലാതെ കഫാല മാറാം. 3 മാസം തുടർച്ചയായി ശംബളം നൽകാതിരുന്നാലും കഫീലിൻ്റെ സമ്മതമില്ലാതെ സ്പോൺസർഷിപ്പ് മാറാം. ഇങ്ങനെ ഉള്ള അപേക്ഷകൾ തൊഴിൽ മന്ത്രിക്കോ മറ്റു ഉത്തരവാദിത്വപ്പെട്ടവർക്കോ അംഗീകരിക്കാൻ അനുമതിയുണ്ട്.

സ്ഥാപനം തകരും വിധം ഉത്തരവാദിത്വമില്ലായ്മ കാണിച്ചാലും സ്പോൺസറുടെ ബിനാമി ഇടപാടുകളെ സംബന്ധിച്ച് അധികൃതരെ അറിയിച്ചാലും സ്പോൺസർഷിപ്പ് മാറാൻ സാധിക്കും.

എന്നാൽ സ്പോൺസർഷിപ്പ് സ്വീകരിക്കാനുദ്ദേശിക്കുന്ന സ്ഥാപനത്തിനു കീഴിലുള്ള ഏതെങ്കിലും വിദേശിയുടെ ഇഖാമയോ വർക്ക് പെർമിറ്റോ എക്സ്പയർ ആയാൽ സ്പോൺസർഷിപ്പ് മാറില്ല. അത് പോലെ സ്പോൺസർഷിപ്പ് സ്വീകരിക്കാനുദ്ദേശിക്കുന്ന സ്ഥാപനത്തിനു കീഴിലുള്ള ഏതെങ്കിലും തൊഴിലാളിയുടെ വർക്ക് പെർമിറ്റ് സൗദിയിലെത്തി 3 മാസത്തിനുള്ളിൽ ഇഷ്യു ചെയ്തില്ലെങ്കിലും സ്പോൺസർഷിപ്പ് മാറില്ല.

നിയമ പരമായി ട്രാൻസ്ഫർ സേവനങ്ങൾ നിർത്തി വെച്ച രാജ്യത്തെ പൗരന്മാർക്ക് സ്പോൺസർഷിപ്പ് മാറ്റം അനുവദിക്കില്ല. തൊഴിലാളികൾക്ക് സാലറി വൈകിക്കൊടുക്കുന്ന സ്ഥാപനങ്ങളിലേക്ക് സ്പോൺസർഷിപ്പ് മാറില്ല. ബിനാമി സ്ഥാപനങ്ങളുണ്ടെന്നും കൂലിക്കഫീലാണെന്നും ബോധ്യപ്പെട്ട ആളുകളിലേക്കും സ്പോൺസർഷിപ്പ് മാറില്ല.

 

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്