Monday, September 23, 2024
Saudi ArabiaTop Stories

സൗദിവത്ക്കരണത്തിൽ ഷോറൂം മാനേജർ തസ്തികക്ക് ഇളവ്

12 മേഖലകളിലെ സൗദിവത്ക്കരണ നിബന്ധനകൾ നടപ്പിൽ വരുത്തുന്നത് ഉറപ്പ് വരുത്താനുള്ള പരിശോധനകൾ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ സജീവമായി. മെഡിക്കൽ ഉപകരണങ്ങൾ, ഓട്ടോ സ്പെയർ പാർട്സ്, ബേക്കറി, നിർമ്മാണ സാമഗ്രികൾ, കാർപ്പറ്റുകൾ എന്നിവ വിൽക്കുന്ന സ്ഥാപനങ്ങളാണു കഴിഞ്ഞ ജനുവരി 7 നു ഏറ്റവും അവസാനം സൗദിവത്ക്കരണത്തിനു വിധേയമായത്. ഈ മേഖലകളിലെ ഷോറൂം മാനേജർ തസ്തികയെ 70 ശതമാന സൗദിവത്ക്കരണ നിബന്ധനയിൽ നിന്ന് ഒരു വർഷത്തേക്ക് ഒഴിവാക്കിയിട്ടുണ്ടെന്ന് തൊഴിൽ വകുപ്പ് കിഴക്കൻ മേഖല ഡെപ്യൂട്ടി മാനേജർ മുഹമ്മദ് അഥ്റഷ് അറിയിച്ചു. സൗദി പൗരന്മാർക്ക് ആവശ്യമായ പരിശീലനം ഈ കാലയളവിൽ നേടിയെടുക്കുന്നതിനു സഹായിക്കാനാണിത്.

2018 സെപ്തംബർ 11 മുതലായിരുന്നു 12 മേഖലകളിൽ 70 ശതമാനം സൗദിവത്ക്കരണം ബാധകമാക്കുന്ന നിയമം ഒന്നാം ഘട്ടം ആരംഭിച്ചത്.

പ്രഥമ ഘട്ടത്തിൽ കാർ,ബൈക്ക് ഷോറൂമുകൾ, റെഡിമെയ്ഡ് ഗാർമൻ്റ്സ്, ഹോം ആൻ്റ് ഓഫീസ് ഫർണീച്ചർ, പാത്രക്കടകൾ എന്നിവയും നവംബർ 9 മുതൽ ആരംഭിച്ച രണ്ടാം ഘട്ടത്തിൽ ഇലക്ട്രിക്കൽ ആൻ്റ് ഇലക്ട്രോണിക് ഷോപ്പുകൾ, വാച്ച് കടകൾ, കണ്ണടക്കടകൾ എന്നിവയും ജനുവരി 7 മുതൽ ആരംഭിച്ച മൂന്നാം ഘട്ടത്തിൽ കെട്ടിട-നിർമ്മാണ ഉപകരണങ്ങൾ വിൽക്കുന്ന ഷോപ്പുകൾ, കാർ സ്പെയർ പാർട്സ് ഷോപ്പുകൾ, മെഡിക്കൽ ഉപകരണങ്ങൾ വിൽക്കുന്ന ഷോപ്പുകൾ, കാർപ്പറ്റ് ഷോപ്പുകൾ, ബേക്കറികൾ എന്നീ മേഖലകളും 70 ശതമാനം സൗദിവത്ക്കരണത്തിനു വിധേയമായി.

ഇതോടൊപ്പം അത്തർ കടകളും എല്ലാ തരം തുണിത്തരങ്ങൾ വിൽക്കുന്ന കടകളും കൂടി പുതുതായി സൗദിവത്ക്കരണത്തിനു വിധേയമാക്കുന്നതിനുള്ള നിയമത്തിനു തൊഴിൽ മന്ത്രി അംഗീകാരം നൽകിയിട്ടുമുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്