Sunday, April 20, 2025
Dammam

26 വർഷത്തെ പ്രവാസം അവസാനിപ്പിച്ചു; അഷറഫിന് നവയുഗത്തിന്റെ യാത്രയയപ്പ്.

അൽ ഹസ്സ: ഇരുപത്താറു വർഷം നീണ്ട സൗദി അറേബ്യയിലെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേയ്ക്ക് മടങ്ങുന്ന നവയുഗം സാംസ്‌ക്കാരികവേദി മസറോയി യൂണിറ്റ് കമ്മിറ്റി അംഗം അഷറഫിന്, യൂണിറ്റ് കമ്മിറ്റിയും, ഹഫൂഫ് മേഖല കമ്മിറ്റിയും സംയുക്തമായി യാത്രയയപ്പ് നൽകി.

നവയുഗം മസറോയി യൂണിറ്റ് കമ്മിറ്റി ഓഫിസിൽ, യൂണിറ്റ് കമ്മിറ്റി പ്രസിഡന്റ് സമീറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യാത്രയയപ്പ് യോഗത്തിൽ വെച്ച് ഹഫൂഫ് മേഖല സെക്രട്ടറി ഇ.എസ്.റഹീം തൊളിക്കോട്, നവയുഗത്തിന്റെ ഉപഹാരം അഷറഫിന് കൈമാറി. നവയുഗം നേതാക്കളായ സാജുദ്ദീൻ, നാസർ കൊല്ലം, സുരേഷ്, സുൾഫിക്കർ എന്നിവർ ആശംസകൾ അർപ്പിച്ചു.

യാത്രയയപ്പ് യോഗത്തിന് നവയുഗം മസറോയി യൂണിറ്റ് രക്ഷാധികാരി ബദർ കുളത്തപ്പുഴ സ്വാഗതവും, യൂണിറ്റ് സഹഭാരവാഹി അമീറുദ്ധീൻ നന്ദിയും പറഞ്ഞു.

തിരുവനന്തപുരം പനവൂർ സ്വദേശിയായ അഷറഫ് അൽ ഹസ്സയിൽ പെയിന്റിംഗ് തൊഴിലാളിയായി ജോലി ചെയ്തു വരികയായിരുന്നു. നവയുഗം അൽഹസ്സ മേഖലയിലെ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന അദ്ദേഹം, നീണ്ട 26 വർഷത്തെ പ്രവാസം മതിയാക്കി, നാട്ടിൽ കുടുംബത്തോടൊപ്പം വിശ്രമജീവിതം നയിയ്ക്കാനാണ് തിരികെ പോകുന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa