അൽകോബാറിൽ മരണമടഞ്ഞ ജിഫിലിയുടെ മൃതദേഹം നാട്ടിലേയ്ക്ക് അയച്ചു.
അൽകോബാർ: സൗദി അറേബ്യയുടെ മണ്ണിനോട് സഹോദരന് പിന്നാലെ സഹോദരിയും വിടവാങ്ങി.
ജനുവരി 12 ന് അൽകോബാറിൽ മരണമടഞ്ഞ ജിഫിലിയുടെ മൃതദേഹം നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേയ്ക്ക് അയച്ചു. നവയുഗം സാംസ്ക്കാരികവേദി രക്ഷാധികാരി ഷാജി മതിലകത്തിന്റെ നേതൃത്വത്തിലാണ് നിയമനടപടികൾ പൂർത്തിയാക്കിയത്.
ചെങ്ങന്നൂര്‍ സ്വദേശി എക്കലയില്‍ ജിഫിന്‍ എം.ജോര്‍ജ് നവംബർ 23നാണ് അൽകോബാറിൽ ഹൃദയാഘാതത്തെ തുടർന്ന് മരണമടഞ്ഞത്. ഒരു പ്രൈവറ്റ് കമ്പനിയില്‍ സേഫ്റ്റി ഓഫിസറായി ജോലി ചെയ്യുകയായിരുന്നു ജിഫിന്‍ എം.ജോര്‍ജ്, ഫ്ലാറ്റിൽ തനിച്ച് ഉറങ്ങുമ്പോഴാണ് ഹൃദയാഘാതം ഉണ്ടായത്. ജിഫിന്റെ വിവാഹം കഴിഞ്ഞിട്ട് ആറു മാസം മാത്രമേ കഴിഞ്ഞിരുന്നുള്ളൂ. ജിനിന്‍ ആണ് ഭാര്യ.
ജിഫിന്റെ സംസ്‌കാര ശുശ്രൂഷയില്‍ യാത്രാമൊഴി നല്‍കി ഏകസഹോദരി ജിഫിലി പാടിയ പാട്ട് കൂടിനിന്നവരുടെ കണ്ണ് നനച്ചിരുന്നു. ‘മറുകരയില്‍ നാം കണ്ടീടും, സ്വര്‍ണത്തെരുവില്‍ വീണ്ടും” എന്ന് തുടങ്ങുന്ന ഗാനമാണ് സഹോദരന്റെ മൃതദേഹത്തിനരികിലിരുന്ന് ഇടറുന്ന ശബ്ദത്തില്‍ ജിഫിലി പാടിയത്. ആ പാട്ടുപോലെ തന്നെ, അൻപതാം നാൾ ജിഫിലിയും പ്രിയപ്പെട്ടവരോട് വിടവാങ്ങി. സഹോദരൻ മരിച്ച അതേ മുറിയിൽ, കുടുംബത്തോട് കൂടി ഉറങ്ങുമ്പോൾ, ഹൃദയാഘാതം ഉണ്ടായത് മൂലമാണ് ജിഫിലിയും വിടവാങ്ങിയത്.
മരിയ്ക്കുമ്പോൾ ജിഫിലിയ്ക്ക് 24 വയസ്സായിരുന്നു പ്രായം. ദമാമില്‍ സ്വകാര്യ കമ്പനിയില്‍ ഉദ്യോഗസ്ഥയായി ജോലി ചെയ്തിരുന്നു. ഭര്‍ത്താവ് ശ്രീനാഥിനും രണ്ട് വയസ്സുകാരി മകള്‍ സാന്ദ്രയ്ക്കുമൊപ്പം ആയിരുന്നു താമസിച്ചിരുന്നത്.
ജോർജ്ജ് മാത്യുവിന്റേയും സോബി ജോർജ്ജിന്റേയും മക്കളായിരുന്നു ജിഫിനും ജിഫിലിയും. പ്രവാസി മലയാളി കുടുംബത്തിലെ ഈ സഹോദരങ്ങളുടെ അകാല വേര്‍പാട് കിഴക്കൻ പ്രവിശ്യയിലെ പ്രവാസി സമൂഹം കരളുരുകുന്ന വേദനയോടെയാണ് കേട്ടത്.
നവയുഗം സാംസ്ക്കാരികവേദി ജീവകാരുണ്യവിഭാഗമാണ് രണ്ടു പേരുടെയും മൃതദേഹങ്ങൾ നാട്ടിലേയ്ക്ക് കൊണ്ടുപോകാനുള്ള നിയമനടപടികൾ പൂർത്തിയാക്കിയത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa