Wednesday, November 27, 2024
Kerala

തന്റെ പേരിൽ വരുന്ന വ്യാജ സഹായാഭ്യർത്ഥനകളിൽ വഞ്ചിതരാവരുത് ; ഫിറോസ് കുന്നംപറമ്പിൽ

തന്റെ പേരിൽ പ്രചരിക്കുന്ന വ്യാജ ഫേസ്ബുക് അക്കൗണ്ടിനെതിരെ ഫിറോസ് കുന്നും പറമ്പിൽ സൈബർ സെല്ലിൽ പരാതി കൊടുത്തു. ഫിറോസ് കുന്നംപറമ്പിൽ എന്ന പേരിൽ തന്റെ ഫോട്ടോ വെച്ച് ഫേസ്ബുക്കിൽ ഒരു അക്കൗണ്ട് ഉണ്ടാക്കുകയും സഹായം അഭ്യർത്ഥിച്ചു കൊണ്ട് ബാങ്ക് അക്കൗണ്ട് നമ്പർ അടക്കം കൊടുത്ത് ഒരു പോസ്റ്റ് ഇടുകയും ചെയ്ത ഫെസ്ബുക് അക്കൗണ്ടിനെതിരെയാണ് അദ്ദേഹം പരാതി കൊടുത്തത്. ഒറ്റപ്പാലം ഭാഗത്തു നിന്നാണ് വ്യാജ അക്കൗണ്ട് ഉണ്ടാക്കിയിരിക്കുന്നത്. അക്കൗണ്ട് ഇപ്പോൾ ഡിലീറ്റ് ചെയ്തിട്ടുണ്ട്. എന്നാൽ ഏതറ്റം വരെ പോയിട്ടും അത് ഉണ്ടാക്കിയവരെ നിയമത്തിന്റെ മുൻപിൽ കൊണ്ട് വരിക തന്നെ ചെയ്യും എന്ന് അദ്ദേഹം പറഞ്ഞു. ഇതൊരു സാമ്പത്തിക തട്ടിപ്പാണ്. ഇനി ഇത് ചെയ്തത് തന്നെ അറിയുന്നവരോ സുഹൃത്തുക്കളോ ബന്ധുക്കളോ മറ്റോ ആണെങ്കിൽ പോലും, മാപ്പ് പറഞ്ഞു തന്റെ അടുത്തേക്ക് വരണ്ട എന്നും അദ്ദേഹം ഓർമപ്പെടുത്തി. നമ്മൾ ചെയ്യുന്ന ഇത്തരം ചാരിറ്റി പ്രവർത്തങ്ങൾ മുതലെടുത്തുകൊണ്ട് ചെയ്യുന്ന ഇത്തരം നീച പ്രവർത്തികൾ ഒരിക്കലും അനുവദിച്ചുകൊടുക്കാൻ കഴിയില്ല എന്നും അദ്ദേഹം പറഞ്ഞു.

തന്റെ പേരിൽ വരുന്ന വ്യാജ സഹായാഭ്യർത്ഥനകളിൽ ആരും കുടുങ്ങരുതെന്നും, തന്റെ കാര്യങ്ങൾ തീരുമാനിക്കുന്നത് താൻ മാത്രമാണെന്നും, സുഹൃത്തുക്കളെയോ മറ്റോ അതിന് ഏല്പിച്ചിട്ടില്ല എന്നും അദ്ദേഹം ഓർമ്മപ്പെടുത്തി. പലരും പല കാര്യങ്ങൾക്കും തന്റെ സുഹൃത്തുക്കളെയും തന്നോട് ബന്ധപ്പെട്ട ആളുകളെയും വിളിക്കുന്നത് അവർക്ക് ബുദ്ധിമുട്ടാവുന്നുണ്ട്. ഞാൻ ചെയ്യുന്നത് എന്റെ കടമയാണ്, ആർക്കെങ്കിലും എന്നോട് എന്തെങ്കിലും പറയാൻ ഉണ്ടെങ്കിൽ തന്റെ രണ്ട് ഫോൺ നമ്പറിൽ ഏതെങ്കിലും ഒന്നിലേക്ക് നേരിട്ട് വിളിച്ചാൽ മതി എന്നും അദ്ദേഹം പറഞ്ഞു.

ഫിറോസ് കുന്നംപറമ്പിൽ പാലക്കാട് എന്ന പേരിലുള്ള എന്റെ ഒറിജിനൽ അക്കൗണ്ടിൽ വരുന്ന കാര്യങ്ങൾക്ക് മാത്രമേ എനിക്ക് ഉത്തരവാദിത്തമുള്ളൂ. ധാരാളം പേർ എന്റെ പേരിൽ ഫേസ്ബുക് അക്കൗണ്ടുകൾ ഉണ്ടാക്കുകയും എന്റെ വിഡിയോകൾ അതിലൂടെ പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ട്. സഹായം ചെയ്യുക എന്ന ഉദ്ദേശത്തോടു കൂടി തന്നെയാണ് അവയെല്ലാം ഉണ്ടാക്കിയിട്ടുള്ളത്. എന്നാൽ നാളെ അവരത് ദുരുപയോഗം ചെയ്താൽ എനിക്ക് അതിൽ ഒരു ഉത്തരവാദിത്തവും ഇല്ല. എന്റെ ഫോട്ടോസും എന്റെ പേരും വെച്ച് ആരെങ്കിലും പണം ചോതിക്കുന്നുണ്ടെങ്കിൽ ഒരിക്കലും കൊടുക്കരുത്. നമ്മൾ ഇടുന്നത് ലൈവ് വിഡിയോകൾ ആണ്. ഓരോ കുടുംബത്തിന്റെയും അക്കൗണ്ട് നമ്പർ സഹിതം ആണ് വീഡിയോ ഇടുന്നത്. ആ അക്കൗണ്ടിലേക്ക് മാത്രം നിങ്ങൾ പണം അയച്ചത്‌ മതി. ഞാൻ നേരിട്ട് പണം ചോദിച്ച് നിങ്ങളുടെ അടുത്തേക്ക് വരില്ല എന്നും അദ്ദേഹം പറഞ്ഞു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa