പ്ളാറ്റിനം, പച്ച വിഭാഗങ്ങളിൽ പെട്ട സ്ഥാപനങ്ങൾ ലെവി കുടിശ്ശിക അടക്കേണ്ടതില്ല, അടച്ചവർക്ക് പണം തിരികെ ലഭിക്കും
പുതിയ രാജ വിജ്ഞാപന പ്രകാരം നിതാഖാത്തിൽ കഴിഞ്ഞ ഒരു വർഷമായി പ്ളാറ്റിനം, പച്ച കാറ്റഗറിയിൽ തുടരുന്ന സ്ഥാപനങ്ങൾക്ക് അധിക ലെവി ( ലെവി ഇൻവോയ്സ്) അടക്കേണ്ടതില്ല എന്നത് സ്വകാര്യ മേഖലക്ക് വലിയ ആശ്വാസമാകും. പച്ചയിൽ കടും പച്ചക്ക് പുറമേ ഇടത്തരം പച്ച, ഇളം പച്ച കാറ്റഗറിയിൽ പെട്ട സ്ഥാപനങ്ങൾക്കെല്ലാം ഈ ആനുകൂല്യം ലഭ്യമാകും.
നേരത്തെ അധിക ലെവി അടച്ചവർക്ക് പണം തിരികെ ലഭിക്കും. രാജാവ് അനുവദിച്ച 11.5 ബില്ല്യൻ റിയാലിൽ നിന്നാണു പണം തിരികെ നൽകുക.
അതേ സമയം മഞ്ഞ, ചുവപ്പ് കാറ്റഗറിയിൽ പെട്ട സ്ഥാപനങ്ങൾക്ക് പച്ചയിലേക്കോ പ്ളാറ്റിനത്തിലേക്കോ അപ്ഗ്രേഡ് ചെയ്യാൻ 12 മാസത്തെ സമയം അനുവദിക്കപ്പെട്ടിട്ടുണ്ട്. ഈ സമയം കൊണ്ട് കൂടുതൽ സ്വദേശികളെ ജോലിക്ക് നിയമിക്കുക വഴി മാത്രമേ ഉയർന്ന കാറ്റഗറിയിലേക്ക് അപ്ഗ്രേഡ് ചെയ്യാൻ സാധിക്കൂ.
2018 ജനുവരി മുതൽ ലെവി ആരംഭിക്കുമെന്ന് തൊഴിൽ മന്ത്രാലയം പ്രഖ്യാപിച്ചതിനാൽ ലെവി അടക്കുന്നതിൽ നിന്ന് രക്ഷപ്പെടാൻ 2017 ൽ തന്നെ ഇഖാമകൾ പുതുക്കിയവരുടെ ഇഖാമയിൽ 2018ൽ ബാക്കിയുള്ള കാലാവധിക്കനുസൃതമായ തുകയാണു ലെവി ഇൻവോയ്സ് (അധിക ലെവി). ഈ തുക അടക്കാൻ നിരവധി കംബനികളായിരുന്നു പ്രയാസപ്പെട്ടിരുന്നത്. 2018 ൽ ലെവി വരുമെന്ന് നേരത്തെ മനസ്സിലാക്കി ജീവനക്കാരുടെ ഇഖാമകൾ 2017 ൽ തന്നെ കൂട്ടത്തോടെ പുതുക്കിയവർക്കെല്ലാം അത് വലിയ തിരിച്ചടിയായിരുന്നു. ജീവനക്കാരെ ഒഴിവാക്കിയാൽ പോലും 2018ൽ അവരുടെ ഇഖാമയിൽ ബാക്കിയുള്ള ബിൽ തുക അടക്കേണ്ടതായി വന്നത് ഭീമമായ ബാധ്യതയാണു സ്ഥാപനങ്ങൾക്കുണ്ടാക്കിയത്.
ഇത്തരം സ്ഥാപനങ്ങൾക്ക് ഇപ്പോൾ സഹായ ധനം അനുവദിക്കുന്നത് സൗദി തൊഴിൽ വിപണിയിൽ വലിയ മാറ്റങ്ങൾക്ക് കാരണമാകുമെന്നാണു സാംബത്തിക വിദഗ്ധരുടെ വിലയിരുത്തൽ. അതോടൊപ്പം സ്ഥാപനങ്ങളിൽ കൂടുതൽ സൗദികളെ ജോലിക്ക് നിയമിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നത് വഴി സ്വദേശികൾക്കിടയിലെ തൊഴിലില്ലായ്മക്ക് ഒരു പരിധി വരെ അന്ത്യമാകും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa