ലെവി കുടിശ്ശികയിൽ പ്രഖ്യാപിച്ച ധന സഹായം; പ്രവാസി മലയാളികൾക്ക് ഗുണം ചെയ്യുമോ?
ലെവി കുടിശ്ശിക അഥവാ ലെവി ഇൻവോയ്സ് ഒഴിവാക്കിയും അടച്ചവർക്ക് സാംബത്തിക സഹായം നൽകിയും സൗദി ഭരണകൂടം പ്രഖ്യാപിച്ച പുതിയ പദ്ധതി ഭൂരിപക്ഷം പ്രവാസി സമൂഹത്തിനും ഫലപ്രദമാകില്ലെന്ന് വിലയിരുത്തൽ.
അധിക ലെവി ( ലെവി ഇൻവോയ്സ് ) കൊണ്ട് പ്രയാസപ്പെടുന്ന സ്ഥാപനങ്ങൾക്കാണു സൗദി ഭരണാധികാരി സല്മാൻ രാജാവ് അനുവദിച്ച 11.5 ബില്ല്യൻ റിയാലിൻ്റെ സാംബത്തിക സഹായം പ്രഖ്യാപിച്ചത്. നിതാഖാത്തിൽ പച്ചക്ക് മുകളിൽ കാറ്റഗറിയിലുള്ള സ്ഥാപനങ്ങൾ അടച്ച അധിക ലെവി തിരിച്ച് നൽകുകയും ഇനി നൽകാനുള്ള അധിക ലെവി കുടിശ്ശിക എഴുതിത്തള്ളുകയുമാണു ഇത് വഴി ലക്ഷ്യമാക്കുന്നത്.
ലെവി 2018 ജനുവരിയിൽ ആരംഭിക്കുമെന്ന് തൊഴിൽ മന്ത്രാലയം പ്രഖ്യാപനം നടത്തിയതോടെ ലെവി അടക്കുന്നതിൽ നിന്ന് രക്ഷപ്പെടാൻ 2018ൽ പുതുക്കേണ്ട ഇഖാമകൾ 2017 ൽ തന്നെ പുതുക്കി ആശ്വാസം കൊണ്ടവരുണ്ടായിരുന്നു. എന്നാൽ അങ്ങനെ പുതുക്കിയവരുടെ ഇഖാമയിൽ 2018ൽ ബാക്കിയുള്ള കാലാവധിക്കനുസൃതമായ തുകയാണു ലെവി ഇൻവോയ്സ്( അധിക ലെവി) എന്ന പേരിൽ അറിയപ്പെടുന്നത്. ഈ തുക അടക്കാൻ നിരവധി കംബനികൾ നന്നായി പ്രയാസപ്പെട്ടിരുന്നു.
ഇതിനു കുറെ സമയ പരിധിയും ഇൻസ്റ്റാൾമെൻ്റുകളുമെല്ലാം അനുവദിച്ചിരുന്നെങ്കിലും നിരവധി സ്ഥാപനങ്ങൾക്ക് കുടിശ്ശിക അടക്കാൻ സാധിച്ചിരുന്നില്ല.
അതേ സമയം നിലവിൽ അടച്ച് കൊണ്ടിരിക്കുന്ന ലെവി ചാർജ്ജ് (4800 റിയാൽ, 7200 റിയാൽ എന്നിങ്ങനെ തുടങ്ങി 2020 ആകുംബോൾ 9600 റിയാൽ വരെ എത്തുന്ന തുക) പിൻ വലിക്കുകയോ അതുമായി ബന്ധപ്പെട്ട് അടച്ച പണം തിരികെ നൽകുകയോ ചെയ്യാൻ ഇപ്പോൾ അനുവദിച്ച ഫണ്ട് ഉപയോഗപ്പെടുത്തുന്നില്ല. എന്നാൽ 2016 നു ശേഷം ആരംഭിച്ച സ്ഥാപനങ്ങൾക്ക് നിബന്ധനകൾക്ക് വിധേയമായി ലെവി അടക്കമുള്ള സർക്കാർ തുകയുടെ 80 ശതമാനം തിരികെ നൽകുന്നതിനുള്ള ഫണ്ട് നേരത്തെ അനുവദിച്ചിട്ടുണ്ട്. ചെറുകിട,മീഡിയം വിഭാഗത്തിൽ പെട്ട സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി ആ വിഭാഗത്തിൽ പെട്ട സ്ഥാപനങ്ങൾ സർക്കാരിലേക്ക് അടച്ച ലെവി അടക്കമുള്ള 8 ഇനം ഫീസുകൾ മന്ത്രാലയത്തിൻ്റെ കീഴിൽ രൂപീകരിച്ച സൂപർവൈസറി കമ്മിറ്റിയുടെ പദ്ധതി പ്രകാരമാണു തിരികെ നൽകുക. അത് നേരത്തെ പ്രഖ്യാപിക്കപ്പെട്ടതാണു. ഇതിനായി 700 കോടി റിയാൽ അനുവദിക്കപ്പെട്ടിട്ടുണ്ട്.
അടച്ച അധിക ലെവി പല സ്ഥാപനങ്ങൾക്കും തിരികെ ലഭിക്കുന്നതോടെ സാംബത്തിക പ്രായസങ്ങളിൽ നിന്ന് കര കയറാൻ സഹായകരമാകുകയും അത് വഴി സൗദി വിപണി ഉണരുമെന്നും തീർച്ചയാണു. അതേ സമയം ഈ പണം തിരികെ ലഭിക്കുന്നതിനു സൗദിവത്ക്കരണം നടപ്പാക്കാൻ സ്ഥാപനങ്ങളെ നിർബന്ധമാക്കുകയാണു അധികൃതരുടെ പ്രധാന ലക്ഷ്യം എന്നത് ശ്രദ്ധേയമാണു.
നിലവിൽ ഇഖാമ പുതുക്കുംബോൾ നൽകേണ്ട 7200 റിയാൽ മുതൽ 2020 ആകുംബോൾ 9600 റിയാൽ വരെ എത്തുന്ന ലെവി ചാർജ്ജ് സ്വന്തമായി സ്ഥാപനങ്ങൾ നടത്തുകയും ലെവി സ്വയം വഹിക്കുമെന്ന കരാറിൽ സ്ഥാപനങ്ങളിൽ ജോലി ചെയ്യുകയും ചെയ്യുന്ന ഭൂരിപക്ഷം പ്രവാസികൾ ഇനിയും നൽകേണ്ടി വരുമെന്നതിനാൽ അധിക ലെവി വിഷയത്തിലെ താത്ക്കാലികാശ്വാസം ഭൂരിപക്ഷം പ്രവാസികൾക്കും വലിയ സന്തോഷം നൽകുന്നില്ല എന്നതാണു സത്യം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa