Saturday, November 23, 2024
അനുഭവം

കളഞ്ഞുകിട്ടിയ ഫോണിലെ പ്രണയ വാചകം

ഒരു വാചകം കളഞ്ഞു കിട്ടി, ആരോ കടയിൽ മറന്നു വെച്ചുപോയ ഒരു മൊബൈൽ ഫോണിൽ നിന്ന്. നമ്പർ ലോക്ക്‌ ഇട്ട്‌ പൂട്ടിയതുകൊണ്ട്‌ അത്‌ തുറക്കാൻ സാധിച്ചിരുന്നില്ല. സ്ക്രീൻ സേവർ പ്രായമായ ഒരുസ്ത്രീയുടെ ചിത്രമാണ്‌.

രാവിലെ കടയിൽ നല്ല തിരക്കുള്ള സമയത്ത് കുടുംബവുമായി താമസിക്കുന്ന രണ്ട്‌ മൂന്ന് ചെറുപ്പക്കാർ റൊട്ടിയും ബ്രഡും വാങ്ങി പോയ ഉടനെയാണ്‌ ആരോ മറന്നു വെച്ചു പോയ മൊബൈൽ ഫോണിൽ നിന്ന് ഒരു പഴയ മലയാള പ്രണയ ഗാനത്തിന്റെ റിംഗ്‌ട്ടോൺ ശബ്ദിച്ചത്‌.

നാട്ടിൽ നിന്നാണ്‌ കോൾ എന്ന് അതിന്റെ പൂജ്യങ്ങളും ഒൻപതും ഒന്നും ചേർന്ന സംഖ്യ ബോധ്യപ്പെടുത്തി. പച്ച ബട്ടണിൽ അമർത്തി പിടിച്ച്‌ ചെവിയോട് അടുപ്പിച്ചപ്പോൾ ആ പ്രണയ ഗാനത്തിന്റെ അടുത്ത വരിപോലെ മധുരമായ ആ വാചകം എന്റെ കാതിൽ മുഴങ്ങി.

“മുത്തേ എന്റെ മുത്ത്‌ എന്തേ ഇന്നലെ പിന്നെ വിളിക്കാതിരുന്നത്‌ എന്റെ പൊന്ന് ചായ കുടിച്ചോ”

“ഹലോ ” എന്ന എന്റെ പരുക്കൻ ശബ്ദവും അപരിജിത്തവും കൊണ്ടാവാം ആ പ്രണയിനി ടെലിഫോൺ കട്ട്‌ ചെയ്തു.

ഇപ്പോൾ ഈ ഫോൺ ആരുടേതാണ്‌ ‌ എന്നല്ല ഫോണിൽ കേട്ട ആ മധുര പ്രണയ വാചകം ആർക്കുള്ളതാണ്‌ എന്നായി എന്റെ ചിന്ത.
പിന്നീട്‌ കടയിലേക്ക്‌ വരുന്ന ഓരോ കണ്ണിലും ഞാൻ ആ പ്രണയം തിരഞ്ഞു.

കുറച്ച്‌ അപ്പുറത്ത്‌ ഒരു കെട്ടിടത്തിന്റെ കാവൽ ജോലി ചെയ്യുന്ന അറുപത്‌ വയസ്‌ പ്രായം തോന്നിക്കുന്ന അയാൾ കടയുടെ വാതിൽ തുറന്നപ്പോഴേ എനിക്ക്‌ മനസിലായി, നഷ്ടപ്പെട്ട്‌ പോയ ആ വാചകം തിരഞ്ഞാണ് അയാൾ വന്നിരിക്കുന്നത്‌ എന്ന്.

അന്ന് രാത്രി എന്റെ നല്ല പാതിക്ക്‌ വിളിച്ചപ്പോൾ കളഞ്ഞു കിട്ടിയ ആ വാചകം ഞാൻ ധൈര്യം സംഭരിച്ച് ഉപയോഗിച്ചു.
“മുത്തേ മുത്തിന്ന് സുഖല്ലേ? എന്റെ പൊന്ന് ഭക്ഷണം കഴിച്ചോ”

അതിന്ന് മറുപടിയായുള്ള പ്രണയാർദ്ദ മായ ആ മൂളലിൽ നിന്നാണ്‌ എനിക്ക്‌ മനസിലായത്‌, ആ വാചകം ഞങ്ങൾക്ക് എവിടെയോ വെച്ച്‌ കൈവിട്ടു പോയതായിരുന്നു.

അത്‌ തിരികെ കിട്ടിയ അന്നു മുതലാണ്‌ ആ പഴയ പ്രണയ ഗാനം ഞങ്ങൾ വീണ്ടും മൂളാൻ തുടങ്ങിയത്‌.

ഹക്കീം വേങ്ങൂർ

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa