മുഹമ്മദ് ബിൻ സല്മാൻ രാജകുമാരൻ്റെ പാക് സന്ദർശന ദിവസം വൈകിപ്പിച്ചു
സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സല്മാൻ രാജകുമാരൻ്റെ പാകിസ്ഥാൻ സന്ദർശന ദിവസം ഒരു ദിവസം വൈകിച്ചു. 16 ആം തീയതി മുതൽ ആരംഭിക്കേണ്ടിയിരുന്ന സന്ദർശനം ഞായറാഴ്ച- 17 ആം തീയതി മുതലേ ആരംഭിക്കുകയുള്ളൂ.
കാശ്മീരിൽ നടന്ന ഭീകരാക്രമണത്തിനു പിറകെയാണു ഈ തീരുമാനം എന്നത് അതിപ്രധാനമാണെന്നാണു വിലയിരുത്തൽ. 17 ആം തീയതിയും 18 ആം തീയതിയുമായിരിക്കും കിരീടാവകാശിയുടെ പാക് സന്ദർശനത്തിൻ്റെ പുതിയ ഷെഡ്യൂൾ.
ഇന്ത്യയിൽ നടന്ന ഭീകരാക്രമണത്തിൽ സൗദി അറേബ്യ അതി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. ഇന്ത്യക്കൊപ്പം നില കൊള്ളുന്നുവെന്ന് വിദേശകാര്യ മന്ത്രാലയ വൃത്തങ്ങൾ പ്രസ്താവിക്കുകയും ചെയ്തതിനു പിറകെയാണു കിരീടാവകാശിയുടെ ഷെഡ്യൂൾ ഒരു ദിവസം വൈകിച്ചത് എന്നത് ശ്രദ്ധേയമാണു.
സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സല്മാൻ രാജകുമാരൻ ഈ മാസം 19 നു ഇന്ത്യ സന്ദർശിക്കും. രണ്ട് ദിവസം നീളുന്ന സന്ദർശനം ഇന്ത്യ-സൗദി ബന്ധം കൂടുതൽ ശക്ത്മാക്കാൻ ഉപകരിക്കുമെന്നാണു വിദഗ്ധരുടെ വിലയിരുത്തൽ. കിരീടാവകാശിയായ ശേഷമുള്ള മുഹമ്മദ് ബിൻ സല്മാൻ രാജകുമാരൻ്റെ പ്രഥമ ഇന്ത്യൻ സന്ദർശനമാണിത്.
ഊർജ്ജ മേഖലയിലെ വൻ പങ്കാളിത്തമായിരിക്കും ഇരു രാജ്യങ്ങളും തമ്മിലുള്ള ചർച്ചകളുടെ പ്രധാന വിഷയം. ഇന്ത്യയിൽ സൗദി നിക്ഷേപം വർധിപ്പിക്കുന്നതും കിരീടാവകാശിയുടെ സന്ദർശനത്തിൽ ചർച്ചാ വിഷയമായേക്കുമെന്നാണു സൂചന.
സൗദിയുടെ എണ്ണ മേഖലയിലെ പ്രധാന ഉപഭോക്താവായ ഇന്ത്യയുമായുള്ള ചർച്ചകൾക്ക് സൗദിയും വലിയ പ്രാധാന്യമാണു കരുതുന്നത്. ഇലക്ഷൻ അടുത്തതിനാൽ എണ്ണ വില ക്രമീകരണത്തിനു ക്രൂഡ് ഓയിൽ വില കുറക്കാനും കേന്ദ്രം സമ്മർദ്ദം ചെലുത്തിയേക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
രത്നഗിരി റിഫൈനറിയിൽ 50 ശതമാനം ഓഹരി നേടാനായി ഒരു കൺസോർഷ്യവുമായി സൗദി ആരാംകോ കഴിഞ്ഞ വർഷം കരാർ ഒപ്പിട്ടിരുന്നു. ഇന്ത്യയിലെ എണ്ണ മേഖലയിലെ സൗദിക്കുള്ള നിക്ഷേപ താത്പര്യമാണു ഇത് കാണിക്കുന്നത്.
പ്രതിരോധ, ഭീകര വിരുദ്ധ, സാംബത്തിക മേഖലകളിലെല്ലാം ഇരു രാജ്യങ്ങളും തമ്മിൽ ബന്ധം ഊട്ടിയുറപ്പിക്കാൻ കിരീടാവകാശിയുടെ സന്ദർശനം സഹായിക്കുമെന്നാണു കരുതുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa