Friday, April 18, 2025
Saudi ArabiaTop Stories

വിദേശിയുടെ മൃതദേഹം നാട്ടിലേക്കയക്കാൻ പണം ആവശ്യപ്പെട്ട സ്പോൺസർ ഗവർണ്ണർ ഇടപെട്ടപ്പോൾ വഴങ്ങി

കിഴക്കൻ പ്രവിശ്യയിൽ മരിച്ച വിദേശി തൊഴിലാളിയുടെ മൃതദേഹം സ്വദേശത്തേക്കയക്കാൻ ആവശ്യമായ നടപടിക്രമങ്ങളുടെ ഭാഗമായി ഇഖാമ കാൻസൽ ചെയ്യാനും ഫൈനൽ എക്സിറ്റ് ഇഷ്യു ചെയ്യാനും സ്പോൺസർ ആവശ്യപ്പെട്ടത് 10,000 റിയാൽ. കിഴക്കൻ പ്രവിശ്യയിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്തിരുന്ന പാകിസ്ഥാനിലെ ഗുജറാത്ത് സ്വദേശി ഷാഹിദ് അലിയാണു കഴിഞ്ഞ മാസം 19 നു പെട്ടെന്ന് മരിച്ചത്. ഷാഹിദ് അലിയുടെ കുടുംബാംഗങ്ങൾ ഉടൻ അവരറിയുന്ന മാർഗങ്ങളിലൂടെ മൃത ദേഹം നാട്ടിലെത്തിക്കാനുള്ള പരിശ്രമം ആരംഭിച്ചു.

റിയാദിലെ പാകിസ്ഥാൻ എംബസി മൃതദേഹം നാട്ടിലെത്തിക്കുന്നതിനു എല്ലാ സൗകര്യങ്ങളും ചെയ്യാമെന്ന് ഉറപ്പ് കൊടുക്കുകയും അതിനാവശ്യമായ എല്ലാ ചെലവുകളും വഹിക്കാമെന്ന് അറിയിക്കുകയും ചെയ്തു.

എന്നാൽ ഷാഹിദ് അലിയുടെ സ്പോൺസറെ സമീപിച്ചപ്പോൾ നിരാശയായിരുന്നു ഫലം. മൃതദേഹം നാട്ടിലേക്കയക്കാനവശ്യമായ നിയമ നടപടികളിൽ പെട്ട എക്സിറ്റ് ഇഷ്യു ചെയ്യാൻ തനിക്ക് 10,000 റിയാൽ വേണമെന്ന് സ്പോൺസർ ആവശ്യപ്പെടുകയായിരുന്നു. ഷാഹിദ് സ്പോൺസറുടെ കീഴിലല്ലായിരുന്നു ജോലി ചെയ്തിരുന്നത്.

അവസാനം ഈ പ്രശ്നത്തിൽ ഇടപെട്ടിരുന്ന പാകിസ്ഥാനി സാമൂഹ്യ പ്രവർത്തകനായ നിയാസ് മുൻഷി ഈസ്റ്റേൺ പ്രൊവിൻസ് ഗവർണ്ണറായ സൗദ് ബിൻ നായിഫ് രാജകുമാരൻ്റെ വാതിലിൽ മുട്ടുകയു വിഷയം അവതരിപ്പിക്കുകയും ചെയ്തു.

രാജകുമാരൻ ഉടൻ തന്നെ പോലീസ് വകുപ്പുമായി ബന്ധപ്പെട്ട് പ്രശ്നത്തിൽ ഇടപെടാൻ ആവശ്യപ്പെടുകയും തത്ഫലമായി സ്പോൺസർ എക്സിറ്റ് നൽകാൻ നിർബന്ധിതനാകുകയും ചെയ്തു.

തുടർന്ന് പാകിസ്ഥാൻ എംബസി മൃതദേഹത്തിൻ്റെ എംബാമിംഗ് ഉൾപ്പടെയുള്ള എല്ലാ ചെലവുകളും വഹിക്കുകയും പാകിസ്ഥാൻ്റെ ദേശീയ വിമാനത്തിൽ മൃതദേഹം സൗജന്യമായി സ്വദേശത്തേക്കെത്തിക്കുകയും ചെയ്തു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്