Sunday, September 22, 2024
DammamFootball

നവയുഗം സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ് സെമിഫൈനല്‍ ലൈനപ്പായി.

ദമ്മാം: നവയുഗം സാംസ്ക്കാരികവേദി കായികവേദി കേന്ദ്രകമ്മിറ്റി സംഘടിപ്പിച്ച നവയുഗം സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റിന്റെ ക്വാർട്ടർ നോക്ക്ഔട്ട് റൗണ്ടുകൾ പൂർത്തിയായപ്പോൾ സോക്കോ ഇരിക്കൂർ, റാക്ക സോക്കർ സ്പോർട്ടിങ്, ഖോബാർ നൈറ്റ്‌സ്, സോക്കോ വാരിയേഴ്‌സ് എന്നീ നാല് ടീമുകൾ വിജയികളായി സെമിഫൈനലിൽ കടന്നു.
 
ടൂർണമെന്റിലെ ഗ്രൂപ്പ്‌ A യിലെ  ആദ്യമത്സരത്തിൽ സോക്കോ ഇരിക്കൂർ എഫ്.സി 4 – 1 എന്ന സ്‌കോറിന് ട്യുസ്‌ഡേ സ്പോർട്സ് എഫ്.സിയെ പരാജയപ്പെടുത്തി. ഏകപക്ഷീയമായ കളിയുടെ എല്ലാ മേഖലകളിലും ആധിപത്യം സ്ഥാപിച്ച സോക്കോ ഇരിക്കൂർ എഫ്.സിയ്ക്ക് മുന്നിൽ പിടിച്ചു നിൽക്കാൻ ട്യുസ്‌ഡേ സ്പോർട്സ് എഫ്.സിയ്ക്ക് കഴിഞ്ഞില്ല.
 
 ഗ്രൂപ്പ്‌ A യിലെ വാശിയേറിയ രണ്ടാം മത്സരത്തിൽ റാക്ക സോക്കർ സ്പോർട്ടിങ് എഫ്.സി 2 – 0 എന്ന സ്കോറിന് അൽ ശബാബ് എഫ്.സിയെ പരാജയപ്പെടുത്തി. തുല്യശക്തികൾ തമ്മിലുള്ള പോരാട്ടത്തിൽ, ഗോളടിയ്ക്കാനുള്ള ഒട്ടേറെ അവസരങ്ങൾ ലഭിച്ചെങ്കിലും, ഫിനിഷിങ്ങിലെ പോരായ്മകൾ അൽ ശബാബ് എഫ്.സിയെ പുറകോട്ടടിച്ചു. രണ്ടാം പകുതിയിൽ ലഭിച്ച അവസരങ്ങൾ മുതലാക്കിയ റാക്ക സോക്കർ സ്പോർട്ടിങ് എഫ്.സി രണ്ടു ഗോളടിച്ചു വിജയം കൈപ്പിടിയിൽ ഒതുക്കി.
 
ടൂർണമെന്റിലെ തന്നെ ഏറ്റവും വാശിയേറിയ പോരാട്ടമാണ് ഗ്രൂപ്പ് B യിൽ ഖോബാർ നൈറ്റ്‌സ് എഫ്.സിയും, കൊദറിയ ഫാൽക്കൺ എഫ്.സിയും തമ്മിൽ നടന്നത്. ഇഞ്ചോടിച്ചു മത്സരിച്ചു മുന്നേറ്റങ്ങൾ നടത്തിയ രണ്ടു ടീമുകളും നിശ്ചിതസമയം അവസാനിച്ചപ്പോൾ 3 – 3 എന്ന സ്കോറിന് സമനില പാലിച്ചതിനെത്തുടർന്ന്, കളി പെനാൽറ്റി ഷൂട്ട്ഔട്ടിലേയ്ക്ക് നീങ്ങി. ആകാംഷ നിറഞ്ഞ ഷൂട്ട്ഔട്ടിൽ 4 – 3 എന്ന സ്‌കോറിന് ഖോബാർ നൈറ്റ്‌സ് എഫ്.സി മത്സരവിജയികളായി.
 
ഗ്രൂപ്പ് B യിലെ  ആദ്യമത്സരത്തിൽ സോക്കർ വാരിയേഴ്സ് എഫ്.സി, നവയുഗം എഫ്.സിയെ പെനാൽറ്റി ഷൂട്ട്ഔട്ടിൽ പരാജയപ്പെടുത്തി സെമിഫൈനൽ ബെർത്ത് ഉറപ്പിച്ചിരുന്നു. 
 
ടൂർണ്ണമെന്റ് മത്സരപരിപാടികൾക്ക് നവയുഗം കായികവേദി നേതാക്കളായ ബിജു വർക്കി, നഹാസ്‌, തമ്പാൻ നടരാജൻ, ജോസ് സെബാസ്റ്റിയൻ, സാദിക്ക്, ഷഫീക് ചെറിയാണ്ടി, ഫാറൂഖ്, കുഞ്ഞുമോൻ കുഞ്ഞച്ചൻ, റഹീം, രാജ്‌കുമാർ, റെജിൻ, സാബു എന്നിവർ നേതൃത്വം നൽകി.
 
ഫെബ്രുവരി 28 വ്യാഴാഴ്ച രാത്രി 8.30ന് നടക്കുന്ന ആദ്യസെമിഫൈനൽ മത്സരത്തിൽ  റാക്ക സോക്കർ സ്പോർട്ടിങ് എഫ്.സി, സോക്കോ ഇരിക്കൂർ എഫ്.സിയെ നേരിടും. രണ്ടാം സെമിയിൽ സോക്കർ വാരിയേഴ്സ് എഫ്.സി, ഖോബാർ നൈറ്റ്‌സ് എഫ്.സിയുമായി ഏറ്റുമുട്ടും. തുടർന്ന് ഫൈനൽ മത്സരവും, ടൂർണ്ണമെന്റ് സമാപനചടങ്ങുകളും നടക്കും.  സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിലെ സാമൂഹിക സാംസ്ക്കാരികരംഗത്തെ പ്രമുഖവ്യക്തിത്വങ്ങൾ സമാപനച്ചടങ്ങുകളിൽ പങ്കെടുക്കും.
 
എല്ലാ പ്രവാസികളെയും കുടുംബങ്ങളെയും ഫെബ്രുവരി 28 വ്യാഴാഴ്ച ടൂർണമെന്റിലെ മത്സരങ്ങൾ വീക്ഷിയ്ക്കുന്നതിനായി സ്വാഗതം ചെയ്യുന്നതായി നവയുഗം കായികവേദി കേന്ദ്രകമ്മിറ്റി അറിയിച്ചു. 

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q