Friday, May 17, 2024
Saudi ArabiaTop Storiesവഴികാട്ടി

സൗദിയിലെ ഇന്ത്യക്കാരുടെ പാസ്പോർട്ടുകൾ പുതുക്കുന്നതിന് സേവാ പദ്ധതി വഴി അപേക്ഷിക്കേണ്ട രീതി; സചിത്ര വിവരണം

വെബ് ഡെസ്ക്: ഇന്ത്യയിലെ പാസ്‍പോര്‍ട്ട് സേവാ പദ്ധതി സൗദി അറേബ്യയിലും നടപ്പാക്കുന്നതിൻ്റെ ഭാഗമായി സൗദി അറേബ്യയിലെ പ്രവാസികള്‍ക്ക് പാസ്‍പോര്‍ട്ട് പുതുക്കുന്നതിനുള്ള അപേക്ഷകള്‍ ഇനി പാസ്‍പോര്‍ട്ട് സേവാ പോര്‍ട്ടല്‍ വഴി ഓണ്‍ലൈനായി നല്‍കണം എന്ന വാർത്ത വന്നത് മുതൽ പ്രവാസികൾ പലരും അതിന്റെ നടപടിക്രമങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിലാണ്.

ആർക്കും അല്പം സമയമെടുത്താൽ ഒരു പ്രയാസവുമില്ലാതെ പൂർത്തികരിക്കാവുന്ന നടപടിക്രമങ്ങളെ ഇതിനുള്ളു എന്ന് ആദ്യം ഓർക്കുക. ഒരു ഇമെയിൽ ഐഡി അപേക്ഷകനു വേണം എന്നതാണു പ്രധാന നിബന്ധന.

സൗദിയിൽ ഉള്ളവർ ഈ സേവനം ഉപയോഗിക്കാൻ താഴെ കൊടുത്ത https://portal5.passportindia.gov.in/Online/index.html എന്ന ലിങ്കിൽ പോയി രെജിസ്റ്റർ ചെയ്യുകയാണ് ആദ്യം ചെയ്യേണ്ടത്.

രെജിസ്റ്റർ ബട്ടൺ ക്ലിക്ക് ചെയ്യുമ്പോൾ ഉടൻ തുറക്കുന്ന പോപ് അപ് പേജിൽ ആവശ്യപ്പെടുന്ന വിവരങ്ങൾ പൂരിപ്പിച്ച് നൽകുകയാണ് അടുത്ത സ്റ്റെപ്പ് .

താഴെ കൊടുത്ത ചിത്രത്തിൽ കാണുന്ന എംബസി അഥവാ കോൺസുലേറ്റ് സെലക്ട് ചെയ്യുക . റിയാദ് പരിധിയിൽ പെടുന്നവർ റിയാദും ജിദ്ദ പരിധിയിൽ പെടുന്നവർ ജിദ്ദയും സെലക്ട് ചെയ്യേണ്ടതാണ് . ശേഷം പേരും ഇമെയിൽ ഐഡിയും നൽകുക .

പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം ഇമെയിൽ നിർബന്ധമാണ് ആണ് എന്നതാണ് . കാരണം നമ്മുടെ രെജിസ്ട്രേഷൻ പ്രോസസ് ആക്ടിവേറ്റ് ആക്കാനുള്ള ലിങ്ക് പ്രസ്തുത ഈമെയിലിലേക്കാണ് വരിക .

നമ്മുടെ ഇമെയിൽ ഐ ഡി തന്നെ നമുക്ക് പിന്നീട് സൈറ്റിൽ അപേക്ഷകൾക്കായി പ്രവേശനത്തിന് ഉപയോഗിക്കാനുള്ള യുസർ ഐഡി ആയി ഉപയോഗിക്കാം എന്ന് ഓർക്കുക. അതിനു അവിടെ ഓപ്‌ഷൻ കാണാം. ഇമെയിൽ ഐഡി തന്നെ യൂസർ ഐഡി ആയി നിശ്ചയിക്കുന്നതാണ് എപ്പോഴും ഓർത്തിരിക്കാനും മറ്റും നല്ലത്. അത് കൊണ്ട് താഴെ ചിത്രത്തിൽ കാണുന്നത് പോലെ Do you want your Login Id to be same as E-mail Id? എന്ന ഭാഗത്ത് yes എന്നത് ക്ലിക്ക് ചെയ്ത് രെജിസ്ട്രേഷൻ പ്രോസസ് തുടരുക.

ശേഷം പാസ് വേർഡ് നൽകിയ ശേഷം താഴെ ചിത്രത്തിൽ കാണുന്നത് പോലെ ഹിന്റ് ക്വസ്റ്റ്യൻ എന്ന കോളത്തിൽ ക്ളിക്ക് ചെയ്ത് നമ്മുടെ ആദ്യ സ്കൂൾ, ജനന സ്ഥലം, ഇഷ്ടപ്പെട്ട കളർ തുടങ്ങി നൽകിയ ചോദ്യത്തിൽ ഏതെങ്കിലും ഒന്ന് സെലക്റ്റ് ചെയ്യുക. എന്നിട്ട് അതിൻ്റെ ഉത്തരം താഴെ കോളത്തിൽ കൊടുക്കണം.

മുകളിൽ നാം നൽകിയ ഹിൻ്റ് ക്വസ്റ്റ്യനും ജനനത്തിയതിയും വ്യക്തമായതും എപ്പോഴും ഓർത്തിരിക്കേണ്ടതും നിർബന്ധമാണ്. കാരണം നമ്മുടെ രെജിസ്റ്റർ ചെയ്ത യൂസർ ഐഡിയുടെ പാസ് വേർഡ് എല്ലാ 90 ദിവസം കഴിയുമ്പോഴും എക്സ്പെയർ ആകും. പുതിയ പാസ് വേർഡ് റി സെറ്റ് ചെയ്യുമ്പോൾ ഹിൻറ് ക്വസ് റ്റ്യനും ജനനത്തിയതിയും ആവശ്യപ്പെടുംബോൾ നേരത്തെ നൽകിയവ തന്നെ കൃത്യമായി നൽകേണ്ടി വരും. സേവാ ലോഗിൻ സ്ക്രീനിലെ ‘Forgot Password? എന്ന ബട്ടൺ ക്ളിക്ക് ചെയ്താണു പാസ് വേർഡ് റീസെറ്റ് ചെയ്യേണ്ടത്.

ശേഷം കാണുന്ന ഇമേജ് കോഡ് ടൈപ്പ് ചെയ്ത് രെജിസ്റ്റർ ബട്ടൺ ക്ളിക്ക് ചെയ്യുക. ഉടൻ നാം രെജിസ്റ്റർ ചെയ്ത ഇമെയിൽ ഐഡിയിലേക്ക് ഒരു ആക്ടിവേഷൻ ലിങ്ക് വരികയും ഇമെയിൽ ഇൻബോക്സ് തുറന്ന് അതിൽ ക്ലിക്ക് ചെയ്ത് നമ്മുടെ അപേക്ഷ ഫോം പൂർത്തീകരിക്കുകയും ചെയ്യുക. ശേഷം പൂരിപ്പിച്ച അപേക്ഷയുടെ പ്രിൻ്റൗട്ട് എടുത്ത് ആവശ്യമായ രേഖകളും ഫീസും സഹിതം ഇന്ത്യൻ പാസ്പോർട്ട് സേവനങ്ങൾ നൽകുന്ന വി എഫ് എസ് പോലുള്ള പ്രത്യേക ഏജൻസികളിൽ നേരിട്ട് പോയി സമർപ്പിക്കുകയാണു ചെയ്യേണ്ടത്.

അമേരിക്കയിലും ബ്രിട്ടനിലും മാത്രമാണ് നിലവില്‍ ഇന്ത്യക്ക് പുറത്ത് പാസ്‍പോര്‍ട്ട് സേവാ പദ്ധതി നടപ്പാക്കിയിട്ടുള്ളത്. ഒരു ഗള്‍ഫ് രാജ്യത്തില്‍ ഇതാദ്യമായാണു പാസ്‍പോര്‍ട്ട് സേവാ സൗകര്യം ആരംഭിക്കുന്നത്. ഇനി മുതൽ സൗദിയിലെ പ്രവാസികള്‍ ഓൺലൈനായി സമർപ്പിച്ചാൽ മാത്രമേ പാസ്പോർട്ട് എടുക്കുന്നതിനും പുതുക്കുന്നതിനുമുള്ള അപേക്ഷകൾ ഇനി മുതൽ സ്വീകരിക്കപ്പെടുകയുള്ളൂ എന്ന് പ്രത്യേക ഓർക്കുക. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇന്ത്യയിലെ പാസ്പോര്‍ട്ട് സേവനങ്ങള്‍ പാസ്‍പോര്‍ട്ട് സേവാ പോര്‍ട്ടല്‍ വഴിയാണ് ലഭ്യമാവുന്നത്. ഇതേ സംവിധാനം മറ്റു വിദേശ രാജ്യങ്ങളിലെ ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങളിൽ കൂടി നടപ്പാക്കുകയാണ് വിദേശകാര്യ മന്ത്രാലയം.

ജിഹാദുദ്ദീൻ അരീക്കാടൻ

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്