തിങ്കളാഴ്‌ച, ജൂൺ 8, 2026
Top Stories

പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് നടക്കുന്നത് വ്യാജ പ്രചരണം

തിരുവനന്തപുരം: വിദേശത്ത് വെച്ച് മരണപ്പെടുന്ന പ്രവാസികളുടെ മൃതദേഹം നോർക്ക മുഖാന്തിരം സൗജന്യമായി നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് ഇപ്പോൾ പ്രചരിക്കുന്ന കുപ്രചരണങ്ങൾക്കെതിരെ നോർക്ക രംഗത്ത്. മാധ്യമങ്ങൾ വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നതായാണൂ നോര്‍ക്ക ആരോപിക്കുന്നത്. വിദേശ രാജ്യങ്ങളിലെ പ്രവാസികളുടെ ഉന്നമനത്തിനായാണ് നോർക്ക പ്രവര്‍ത്തിക്കുന്നതെന്നും പ്രചരണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും വ്യാജ പ്രചരണങ്ങളെ പ്രവാസികൾ തിരിച്ചറിയണമെന്നും നോർക്ക റൂട്ട്സ് അതികൃതർ വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു.

പ്രവാസി മലയാളികളുടെ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കുന്നതിനു 2019-20 ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതി ഏപ്രിലിൽ മാസം മുതലാണ് പ്രാബല്യത്തിൽ വരിക. അതിനനുസരിച്ച് ഈ കാര്യത്തിന് വ്യക്തമായ നിയമവും ചട്ടവും രൂപീകരിക്കേണ്ടതുണ്ട്. നടപടിക്രമങ്ങൾ അതിവേഗം പൂർത്തീകരിച്ച് ഇത് പ്രാബല്യത്തിൽ വരിക തന്നെ ചെയ്യും. ഏതെല്ലാം വിഭാഗങ്ങൾക്കാണ് ഈ സൗജന്യ സഹായം ലഭിക്കുക എന്നതടക്കമുള്ള കാര്യങ്ങൾ നിശ്ചയിക്കേണ്ടതായുണ്ട്.

ഗൾഫ് മേഖലയിൽ പ്രവർത്തിക്കുന്ന ചില മാധ്യമങ്ങൾ നോർക്കയുടെ കോൾസെന്ററിൽ വിളിച്ച് പദ്ധതിയെക്കുറിച്ച് ആശയക്കുഴപ്പങ്ങൾ മനപ്പൂർവ്വം സ്യഷ്ടിക്കാൻ ശ്രമിക്കുകയാണ്. എന്നാല്‍ നിലവില്‍ പദ്ധതിയുടെ വിവരങ്ങൾ നോർക്കയുടെ കോൾസെന്ററിൽ ലഭ്യമല്ലെന്നും നോർക്കയുടെ പ്രസ്താവനയിൽ പറയുന്നു.

നിലവിൽ പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിന് ധനസഹായം നൽകുന്ന ‘കാരുണ്യം’ പദ്ധതിയെക്കുറിച്ചും മൃത ശരീരവും അസുഖബാധിതരെയും സൗജന്യമായി ആശുപത്രിയിലേക്കോ നാട്ടിലേക്കോ എത്തിക്കുന്ന നോർക്ക എമർജൻസി ആംബുലൻസ് സർവ്വീസ് പദ്ധതിയെക്കുറിച്ചുമുള്ള വിവരങ്ങൾ മാത്രമേ നോർക്കയുടെ കോൾസെന്ററിൽ നിന്ന് ലഭ്യമാകുകയുള്ളൂ എന്നും പുതിയ പദ്ധതി പ്രാബല്യത്തിൽ വരുന്നതനുസരിച്ച് വിശദവിവരങ്ങൾ നോർക്കയുടെ കോൾസെന്ററിലും വെബ്സൈറ്റിലും ലഭിക്കുന്നതായിരിക്കുമെന്നും നോര്‍ക്ക റൂട്ട്സിൻ്റെ പ്രസ്താവനയിൽ അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്