ദുബായിൽ ഉപഭോക്താവ് സംതൃപ്തനാണോ അല്ലയോ എന്ന് ഇനി കാമറകൾ തീരുമാനിക്കും
ദുബായിൽ റോഡ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ ടി എ) കേന്ദ്രങ്ങളിൽ ഇനി ഉപഭോക്താവിന്റെ അഭിപ്രായം കാമറ രേഖപ്പെടുത്തും. ഉപഭോക്താവിന്റെ മുഖഭാവം നോക്കി, ലഭിച്ച സേവനത്തിൽ ഇയാൾ എത്രത്തോളം സന്തുഷ്ടനാണ് എന്ന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന പുതിയ കാമറകൾ കണ്ടെത്തും.
ദുബായിലെ ആർ ടി എ യുടെ അൽ ബർഷ, ഉമ്മ് അൽ റാമൂൽ, ദെയ്‌റ, അൽ അവിർ എന്നീ നാല് കേന്ദ്രങ്ങളിൽ കാമറ സ്ഥാപിച്ചു. ഉപഭോക്താക്കൾ എത്രത്തോളം സംതൃപ്തരാണ് എന്ന് കണ്ടെത്തുകയാണ് പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് ആർ ടി എ കോർപ്പറേറ്റ് ടെക്‌നോളജി സപ്പോർട് സർവീസ് സെക്ടറിലെ സ്മാർട്ട് സർവീസ് ഡയറക്ടർ മാഹിർ ഷിറാഹ് പറഞ്ഞു.
ആളുകളുടെ സ്വകാര്യത മാനിച്ച് ഫോട്ടോ എടുക്കാതെ തന്നെ ഇടപാടുകൾക്ക് മുൻപും ശേഷവും കാമറ ഉപഭോക്താവിന്റെ മുഖഭാവങ്ങൾ വിശകലനം ചെയ്ത് ഇയാൾ എത്രത്തോളം സന്തുഷ്ടനാണ് എന്ന വിവരം അപ്പപ്പോൾ നൽകും. ഇമെയിൽ വഴിയും എസ് എം എസ് വഴിയും വിവരം ഉടനടി കൈമാറാനും ഈ സിസ്റ്റത്തിന് കഴിയും.
ഉപഭോക്താവിന്റെ അഭിപ്രായം അപ്പപ്പോൾ തന്നെ അറിയാൻ സാധിക്കുന്നത് കൊണ്ട് ആവശ്യമെങ്കിൽ ഉചിതമായ നടപടികൾ കൈകൊണ്ട് സേവനം മെച്ചപ്പെടുത്താൻ ഇത് സഹായകമാവും. ഉപഭോക്താവ് കേന്ദ്രത്തിൽ പ്രവേശിച്ചത് മുതൽ തിരിച്ചു പോവുന്നത് വരെയുള്ള മുഖഭാവങ്ങൾ കാമറ നിരീക്ഷിച്ചു കൊണ്ടിരിക്കും ഇത് ഉപഭോക്താവിന് നൽകപ്പെട്ട സേവനവുമായി ബന്ധിപ്പിച്ച് റിപ്പോർട്ട് തയ്യാറാക്കും.
ഉപഭോക്താവ് നേരിട്ട് ഒന്ന് മുതൽ അഞ്ച് വരെ റേറ്റിംഗ് നൽകിയിരുന്ന സ്ഥാനത്ത് ഇനി മുതൽ ക്യാമെറകൾ ആ ജോലി ഏറ്റെടുക്കും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa