നിയമ പരിധിക്കപ്പുറത്തേക്കുള്ള സഹായ മനസ്കത നിങ്ങളെ കുടുക്കിയേക്കാം
വെബ്‌ഡെസ്‌ക്: സൗദിയിൽ തന്റെ ശമ്പള പരിധിക്കപ്പുറം വൻ തുക നാട്ടിലേക്കയച്ചതിനു രണ്ട് വർഷത്തെ ജയിൽ ശിക്ഷ അനുഭവിച്ച മലയാളി കഴിഞ്ഞ ദിവസം മോചിതനായി നാട്ടിലെത്തിയ വാർത്ത പല മാധ്യമങ്ങളിലും കണ്ടിരുന്നു. ഈ സന്ദർഭത്തിൽ പ്രവാസികൾ ചില കാര്യങ്ങൾ സൂക്ഷിച്ച് കൈകാര്യം ചെയ്തില്ലെങ്കിൽ പിന്നീട് ഊരാക്കുടുക്കായി മാറും എന്ന് തിരിച്ചറിയേണ്ടിയിരിക്കുന്നു.
സൗദിയിൽ ജോലി ചെയ്യുന്ന പലരും തങ്ങളുടെ ബന്ധുക്കളെയും അടുത്ത കൂട്ടുകാരെയും മറ്റും സഹായിക്കാനായി തങ്ങളുടെ അക്കൗണ്ടുകൾ വഴി പണമിടപാട് നടത്താറുണ്ട്. ഒരു വിദേശ തൊഴിലാളിയുടെ വരുമാനത്തിന്റെ പരിധി വിട്ട് ഉയർന്ന തോതിലുള്ള ബാങ്ക് ഇടപാടുകൾ സൗദി അധികൃതർ കൃത്യമായി വീക്ഷിക്കുന്നുണ്ട്. സംശയം തോന്നിയാൽ ചോദ്യം ചെയ്യലിനു വിധേയമാകും. വ്യക്തമായ വിശദീകരണം നൽകാൻ സാധിച്ചില്ലെങ്കിൽ നിയമ നടപടികൾ നേരിടേണ്ടി വരും.
നിരവധി മലയാളികൾ പല സന്ദർഭങ്ങളിലും ചോദ്യ ചെയ്യലിനു വിധേയമായിട്ടുണ്ട്. സ്പോൺസർമാരെത്തി വ്യക്തമായ വിശദീകരണം നൽകിയത് കൊണ്ട് രക്ഷപ്പെട്ടവരും ഉണ്ട്. എന്നാൽ അധിക പേർക്കും കൃത്യമായ വിശദീകരണങ്ങൾ നൽകാൻ സാധിക്കാത്തതിനാൽ ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. അത് കൊണ്ട് തന്നെ എത്ര അടുത്ത ബന്ധുവോ സ്നേഹിതനോ ആയാലും നമ്മുടെ വരുമാനത്തിൻ്റെ പരിധിക്കപ്പുറമുള്ള ഇടപാടുകൾ നടത്താതിരിക്കാൻ പരമാവധി ശ്രദ്ധിക്കുകയാണു നല്ലത്.
ഇപ്പോഴത്തെ സാഹചര്യത്തിൽ ഏതൊരാൾക്കും സ്വന്തമായൊരു ബാങ്ക് അക്കൗണ്ട് ഉണ്ടാക്കുക എന്നത് ഒരു ബുദ്ധിമുട്ടുള്ള കാര്യമല്ല. പണമയക്കാൻ മറ്റുള്ളവരെ ചുമതലപ്പെടുത്തുന്നവരോട് സ്വന്തമായി ബാങ്ക് അക്കൗണ്ട് ഉണ്ടാക്കി അത് വഴി തന്നെ അയക്കാൻ ഉപദേശിക്കുകയായിരിക്കും ഓരോരുത്തർക്കും ഉചിതം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa