Sunday, September 22, 2024
Saudi ArabiaTop Stories

സൗദിയിൽ കുടുങ്ങി കിടക്കുകയാണെന്ന വാർത്ത നിഷേധിച്ച് അമേരിക്കൻ യുവതി

ഭർത്താവുമായി പിരിഞ്ഞതിന് ശേഷം നിയമക്കുരുക്കിൽ പെട്ട് സൗദിയിൽ കുടുങ്ങി കിടക്കുകയാണ് താനെന്ന വാർത്ത തള്ളി അമേരിക്കൻ യുവതി. 31 കാരിയും 4 വയസ്സുള്ള ഒരു പെൺകുട്ടിയുടെ മാതാവുമായ അമേരിക്കക്കാരി  ബെത്തനി വിയേറ യാണ്, സൗദി ഭർത്താവുമായി പിണങ്ങിയതിനു ശേഷം സൗദിയിൽ കുടുങ്ങിക്കിടക്കുകയാണ് താൻ എന്ന വാർത്ത നിഷേധിച്ച് രംഗത്ത് വന്നത്.

ചില പാശ്ചാത്യ മാധ്യമങ്ങളാണ്, ഭർത്താവ് താമസ രേഖ പുതുക്കാത്തത് കൊണ്ട് വിയേറ സൗദിയിൽ കുടുങ്ങിയിരിക്കുകയാണെന്ന് റിപ്പോർട്ട് ചെയ്തത്. എന്നാൽ ഒരു സൗദി പെൺകുട്ടിയുടെ മാതാവ് എന്ന നിലയിൽ, സ്പോൺസർ ഇല്ലാതെ തന്നെ സ്ഥിരമായി സൗദിയിൽ തുടരാൻ നിയമം അവർക്ക് അനുമതി നൽകുന്നുണ്ട്.

ഒരിക്കലും സൗദി വിടാൻ ശ്രമിച്ചിട്ടില്ലെന്നും, സൗദിയിൽ ജീവിക്കുന്നതിൽ താനും തന്റെ പുത്രിയും സന്തുഷ്ടരാണെന്നും ഇവിടെ തന്നെ തുടരാനാണ് തന്റെ തീരുമാനമെന്നും അവർ പറഞ്ഞു. തന്റെ പ്രശ്‌നം അറിഞ്ഞ ഉടനെ തന്നെ മണിക്കൂറുകൾക്കുള്ളിൽ ബന്ധപ്പെട്ട അധികാരികൾ തന്റെ താമസ രേഖ പുതുക്കി നൽകുകയും, ആവശ്യമായ സഹായങ്ങൾ വാഗ്‌ദാനം നൽകുകയും ചെയ്തു.

2013 ൽ പുറത്തിറക്കിയ നിയമ പ്രകാരം സൗദി കുട്ടികളുടെ വിദേശിയായ മാതാവിന് സ്പോൺസർ ഇല്ലാതെ തന്നെ സ്ഥിര താമസ രേഖ ലഭിക്കാൻ അവകാശമുണ്ട്. മാത്രവുമല്ല സ്വദേശിവൽക്കരണ പ്രക്രിയ പ്രകാരം, ഇവർ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ സ്വദേശിയെ ജോലിക്ക് വെച്ചതായി പരിഗണിക്കുകയും ചെയ്യും.

2011 മുതൽ റിയാദിൽ താമസിക്കുന്ന വിയേറ സ്വന്തമായി ബിസിനസ് ചെയ്യുകയാണ്. തന്റെ മകളെ അവളുടെ പിതാവിനോടും വീട്ടുകാരോടുമുള്ള ബന്ധം നിലനിർത്തിക്കൊണ്ട് ഒരു സൗദിയായി തന്നെ വളർത്തുമെന്ന് അവർ പറഞ്ഞു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q