ഫാർമസികളിൽ 20 ശതമാനം സൗദിവത്ക്കരണം വരുന്നു
സൗദിവത്ക്കരണം ഫാർമസികളിലും നടപ്പാക്കുന്നതിനുള്ള പദ്ധതിയുമായി സൗദി തൊഴിൽ മന്ത്രാലയം രംഗത്ത്. ഫാർമസി ജോലികൾ 20 ശതമാനം സ്വദേശിവത്ക്കരിക്കാനാണു അധികൃതരുടെ പദ്ധതി.
അഞ്ചിൽ കൂടുതൽ സൗദികളല്ലാത്ത ഫാർമസിസ്റ്റുകളുള്ള സ്ഥാപനങ്ങളിൽ 20 ശതമാനം സൗദികളെ നിയമിക്കണമെന്നാണു വ്യവസ്ഥ വരുന്നത്. ഫാർമസിമേഖലയിലെ സ്വദേശികളുടെ സാന്നിദ്ധ്യം വർദ്ധിപ്പിക്കാനാണു അധികൃതർ ഇത് വഴി ഉദ്ദേശിക്കുന്നത്.
അതേ സമയം സ്വകാര്യ മേഖലയിലെ അക്കൗണ്ടിംഗ് ജോലികളിൽ സ്വദേശികൾക്ക് 20,000 തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിനുള്ള പദ്ധതി തൊഴിൽ മന്ത്രാലയവും സൗദി പബ്ളിക് അക്കൗണ്ടൻ്റ് ഓർഗനൈസേഷനും ആസൂത്രണം ചെയ്യുന്നുണ്ടെന്ന വാർത്ത കഴിഞ്ഞയാഴ്ച പുറത്ത് വന്നിരുന്നു.
ഇതിനോടനുബന്ധിച്ചുള്ള ധാരണാ പത്രത്തിൽ സൗദി തൊഴിൽ മന്ത്രാലയവും സൗദി അക്കൗണ്ടൻ്റ് ഓർഗനൈസേഷനും ഹ്യൂമൻ റിസോഴ്സസ് ഡെവലപ്മെൻ്റ് ഫണ്ടും ഒപ്പ് വെച്ചിട്ടുണ്ട്.
2022 ആകുംബോഴേക്കും സ്വകാര്യ മേഖലയിലെ 20,165 അക്കൗണ്ടിംഗ് ജോലികൾ സ്വദേശിവത്ക്കരിക്കുകയാണു ലക്ഷ്യം. 2019ൽ മാത്രം 2016 തൊഴിലുകളും, 2020 ൽ മാത്രം 4034 തൊഴിലുകളും, 2021ൽ 6049 തൊഴിലുകളും, 2022 ൽ 8066 തൊഴിലുകളും സൗദികൾക്ക് മാത്രമായി ലഭ്യമാക്കും.
ധാരണ പ്രകാരം അക്കൗണ്ടിംഗ് ഓഡിറ്റിംഗ് മേഖലയിൽ സൗദികളെ കൂടുതൽ നിയമിക്കുന്നതിനു തൊഴിലുടമകൾ നിർബന്ധിതരാകും. സൗദി അക്കൗണ്ടിംഗ് ഓർഗനൈസേഷനിൽ അക്കൗണ്ടിംഗ് പ്രഫഷൻ ഇഖാമകളുള്ളവർ രെജിസ്റ്റർ ചെയ്യുകയും അക്കൗണ്ടിംഗ് ഓർഗനൈസേഷൻ്റെ അപ്രൂവൽ കിട്ടിയാൽ മാത്രം വർക്ക് പെർമിറ്റുകൾ പുതുക്കാൻ സാധിക്കുകയും ചെയ്യുന്ന സിസ്റ്റമായിരിക്കും നടപ്പാകുക എന്നാണു റിപ്പോർട്ടുകൾ പറയുന്നത്. വർക്ക് പെർമിറ്റ് പുതുക്കിയാലേ ഇഖാമകൾ പുതുക്കാനാകൂ എന്നതിനാൽ ഇനി കാര്യങ്ങൾ എളുപ്പമാകില്ല.
ജനറൽ അക്കൗണ്ടൻ്റ്, കോസ്റ്റ് അക്കൗണ്ടൻ്റ്, ഓഡിറ്റർ, ഫിനാൻഷ്യൽ കണ്ട്രോളർ, ഇൻ്റേണൽ ഓഡിറ്റർ, ഫിനാൻഷ്യൽ ഓഡിറ്റ് സൂപർവൈസർ എന്നീ പ്രഫഷനുകളാണു പ്രധാനമായും അധികൃതർ ലക്ഷ്യമാക്കുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa