Sunday, November 24, 2024
Dammam

ഫാഷിസത്തിന് തടയിടേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം- നഹാസ് മാള

ദമ്മാം: ലോക സംസ്കാരങ്ങളെ തന്നെ അട്ടിമറിക്കുന്ന ഫാഷിസ്റ്റ്‌ നീക്കങ്ങളെ തടയിടേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് മുൻ എസ്.ഐ.ഒ അഖിലേന്ത്യാ പ്രസിഡന്റ് നഹാസ് മാള പറഞ്ഞു. യൂത്ത് ഇന്ത്യ കിഴക്കൻ പ്രവശ്യ സംഘടിപ്പിച്ച അക്കാദമിക് കോൺഫ്രൻസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഫാഷിസം അവസാനിക്കുന്നില്ല. ജീവിതത്തിന്റെ എല്ലാ തുറകളിലൂടെയും അത് നമ്മെ വിഴുങ്ങി കൊണ്ടിരിക്കുകയാണ്. ഒരു തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാൻ പോകുമ്പോഴെങ്കിലും ഫാഷിസത്തിന്റെ വക്താക്കൾ അധികാരത്തിലേറിയാലുള്ള തിക്ത ഫലങ്ങൾ മനസ്സിലാക്കണം. ഫാഷിസത്തിന്റെ നാൾവഴികളും പ്രവർത്തനങ്ങളെയും അതുയർത്തുന്ന പ്രതിഫലനങ്ങളെയും കുറിച്ച് പഠിക്കേണ്ടതുണ്ടെന്നും തദടിസ്ഥാനത്തിലുള്ള പരിഹാരങ്ങൾക്കായി കൈകോർക്കണമെന്നും അദ്ദേഹം ചേർത്തു പറഞ്ഞു. നൂറ്റാണ്ടുകൾ പുറകിലേക്ക് വേരാഴ്ത്തിയ ഫാഷിസത്തിന്റെ വേരുകൾ ചെന്നെത്തുന്നത് സവർണ മേധാവിത്വത്തോടൊപ്പം കോളനിവൽക്കരണത്തിലേക്കും ലിബറലിസത്തിലേക്കുമാണെന്ന് സാംസ്‌കാരിക പ്രവർത്തകൻ അനൂപ് വി. ആർ അഭിപ്രായപ്പെട്ടു. യൂത്ത് ഇന്ത്യ പ്രവിശ്യ പ്രസിഡന്റ് മുഹമ്മദ് അമീൻ അധ്യക്ഷ ഭാഷണം നിർവഹിച്ചു.

ഫാഷിസം: ആഗോള ചരിത്രം വികാസം പാശ്ചാതലം, സവർണ അധികാരക്രമം -ദേശീയത മതേതരത്വം, ഫാഷിസം സമീപനങ്ങൾ പ്രതികരണങ്ങൾ എന്നീ തലക്കെട്ടുകളിൽ മൂന്ന് സെഷനുകളിലായി പ്രബന്ധാവതരണങ്ങൾ നടന്നു. കിംഗ് ഖാലിദ് യൂണിവേഴ്സിറ്റി അസി.പ്രൊഫ. തഫ്സൽ ഇജാസ്, ശബ്ന അസീസ്, മുഹ്സിൻ ആറ്റാശ്ശേരി, മുഹമ്മദ് അമീൻ, മുനവ്വർ മുഹമ്മദ് എന്നിവർ വിവിധ സെഷനുകളിൽ വിഷയങ്ങളവതരിപ്പിച്ചു. മുഹമ്മദ് സഫ്വാൻ, അർഷദ് അലി, അസീസ് എ.കെ എന്നിവർ മോഡറേറ്റർമാരായിരുന്നു. നഹാസ് മാള, വി.ആർ.അനൂപ് എന്നിവർ വിവിധ സെഷനുകളിൽ എക്സ്പെർട്ട് ടോക്കിൽ സംസാരിച്ചു. നിസാർ വാണിയമ്പലം, ഷബീർ ചാത്തമംഗലം, നൗഫൽ കൊടുവള്ളി , കമറുദ്ധീൻ, അബ്ദുൽ ഹമീദ് , ഷബീർ എന്നിവർ വിവിധ സെഷനുകളെ വിലയിരുത്തി സംസാരിച്ചു.

പ്രോഗ്രാം കൺവീനർ പരിപാടിക ളെ കുറിച്ചുള്ള നിർദ്ദേശങ്ങൾ നൽകി. തനിമ കേന്ദ്ര പ്രസിഡന്റ് കെ.എം.ബഷീർ , പ്രവിശ്യ പ്രസിഡന്റ് ഉമർ ഫാറൂഖ് , യൂത്ത് ഇന്ത്യ വിവിധ സോണുകളുടെ പ്രസിഡൻറുമാരായ ബിനാൻ ബഷീർ, ഹിഷാം ,റയാൻ മൂസ എന്നിവർ സംബന്ധിച്ചു. ശാക്കിർ ഖിറാഅത്ത് നിർവ്വഹിച്ചു. കബീർ മുഹമ്മദ്, സുഫൈദ്, നവാഫ്, ഫായിസ്, അബ്ദുല്ല സയീദ്, ഷജീർ തൂണേരി, ജംഷീർ മൂസ, നിശാം, ഷജീർ കെ.ടി, ഹസ്സൻ നിശാം, ആരിഫലി എന്നിവർ നേതൃത്വം നൽകി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa