Friday, April 18, 2025
Saudi ArabiaTop Stories

ബൈക്കിനു പിന്നിൽ കാറിടിച്ചു മരിച്ച റഷീദിന്റെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും

റിയാദ്: ഒരാഴ്ച മുൻപ് സൗദിയിൽ വാഹനാപകടത്തിൽ മരണപ്പെട്ട താമരശ്ശേരി പുതുപ്പാടി വള്ളിക്കെട്ടുമ്മൽ പാറ റഷീദിന്റെ മൃതദേഹം ഇന്ന് രാത്രി എയർഇന്ത്യ വിമാനത്തിൽ നാട്ടിലേക്ക് കൊണ്ടുപോവും. നാളെ രാവിലെ നാട്ടിലെത്തുന്ന മൃതദേഹം പുതുപ്പാടി ഒടുങ്ങാക്കാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ മറവ് ചെയ്യും.

സാമൂഹിക പ്രവർത്തകരായ ശിഹാബ് കൊട്ടുകാട്, തെന്നൽ മൊയ്‌തീൻ കുട്ടി എന്നിവരാണ് മൃതദേഹം നാട്ടിലയക്കാനുള്ള ഏർപ്പാടുകൾ ചെയ്തത്. ഇന്ത്യൻ എംബസ്സിയാണ് ചിലവുകളെല്ലാം വഹിച്ചിട്ടുള്ളത്.

കഴിഞ്ഞ മാസം 28ന് ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് പോകുന്ന വഴി ബൈക്കിന് പിന്നിൽ സ്വദേശി പൗരൻ ഓടിച്ച കാർ ഇടിച്ചായിരുന്നു അപകടം സംഭവിച്ചത്. ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ് തലക്ക് ഗുരുതര പരിക്കേറ്റ റഷീദിനെ പൊലീസാണ് ആശുപത്രിയിലെത്തിച്ചത്. 11 വർഷമായി സാജിറിലുണ്ടായിരുന്ന റഷീദ്, രണ്ട് വർഷം മുമ്പാണ് ഒടുവിൽ നാട്ടിൽ പോയി വന്നത്. സാബിറയാണ് ഭാര്യ. മക്കൾ: റാന ഷെറിൻ (16), റിയ ഫെബിൻ (13)

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa