സ്വദേശിവൽക്കരണം; മത്സ്യബന്ധന മേഖലയിൽ വിദഗ്ധ പരിശീലനം
യാമ്പു: സ്വദേശിവൽക്കരണത്തിന്റെ ഭാഗമായി മത്സ്യബന്ധന മേഖലയിൽ സൗദി യുവാക്കൾക്ക്, പരിസ്ഥിതി ജല കാർഷിക മന്ത്രാലയം പരിശീലനം നൽകുന്നു. ഓരോ മത്സ്യബന്ധന ബോട്ടുകളിലും ഒരു സ്വദേശി ജീവനക്കാരൻ വേണമെന്ന പുതിയ നിബന്ധനയെ തുടർന്നാണ്, ആവശ്യമായ തൊഴിലാളികളെ ലഭ്യമാക്കാൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പരിശീലന പരിപാടികൾ സംഘടിപ്പിക്കുന്നത്. ഈ മേഖലയിലേക്ക് സൗദി യുവാക്കൾ കടന്നു വരുന്നത് കുറവായത് കൊണ്ട് ആവശ്യത്തിന് ആളെ കിട്ടാത്ത സാഹചര്യമാണ് നിലവിലുള്ളത്. ആവശ്യമായത്ര പരിശീലനം ലഭിച്ച തൊഴിലാളികളെ ലഭിക്കാത്തത് കൊണ്ട് സ്വദേശിവൽക്കരണം സമയത്തിന് നടത്താൻ കഴിഞ്ഞിരുന്നില്ല. ഇതിനെ തുടർന്നാണ് ഇപ്പോൾ പരിശീലന പരിപാടി ഊര്ജിതമാക്കിയത്.
സൗദി യുവാക്കളെ കൂടുതലായി ഈ മേഖലയിലേക്ക് ആകർഷിക്കാനുള്ള വിവിധ പരിപാടികൾ മന്ത്രാലയം നടപ്പാക്കുന്നുണ്ട്. ആദ്യഘട്ടത്തിൽ 1,000 യുവാക്കൾക്കാണ് പരിശീലനം. സാങ്കേതിക തൊഴിൽ പരിശീലന കോർപറേഷന്റെ സഹകരണത്തോടെയാണ് പരിശീലന പരിപാടികൾ സംഘടിപ്പിക്കുന്നത്. ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യയുടെ സഹായത്തോടെ വിദഗ്‌ധരായ പരിശീലകരാണ് പരിശീലനം നൽകുന്നത്. മൽസ്യബന്ധനത്തിലുള്ള പരിശീലനം, സമുദ്ര സുരക്ഷക്കാവശ്യമായ സംവിധാനങ്ങളുടെ ഉപയോഗരീതി, റേഡിയോ കമ്യൂണിക്കേഷൻ, മത്സ്യലഭ്യത അറിയാനുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ, മറൈൻ യന്ത്രവത്കരണം തുടങ്ങിയവയിലാണ് പരിശീലനം നൽകുന്നത്. ഓരോന്നും അതാത് രംഗത്തെ വിഗഗ്ധരുടെ മേൽനോട്ടത്തിലാണ് പരിശീലിപ്പിക്കുന്നത്.
മലയാളികളടക്കം നിരവധി വിദേശികളാണ് മൽസ്യബന്ധന രംഗത്ത് ജോലി ചെയ്‌യുന്നത്. പരിശീലനം കഴിഞ്ഞ് ഈ മേഖലയിൽ കൂടുതൽ സ്വദേശികൾ ജോലിക്കെത്തുന്നതോടെ, നിരവധി വിദേശികൾക്ക് ജോലി നഷ്ടമാകും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa