Saturday, November 23, 2024
Dammam

ഒൻപതുമാസം വനിതാ അഭയ കേന്ദ്രത്തിൽ; ദുരിതങ്ങൾക്കൊടുവിൽ ലക്ഷ്മി നാട്ടിലേക്ക് മടങ്ങി

ദമ്മാം: രണ്ടു വർഷത്തെ ശമ്പളം കിട്ടാതെ, ഒടുവിൽ വനിത അഭയകേന്ദ്രത്തിൽ നീണ്ട കാലം കഴിയേണ്ടി വന്ന ഇന്ത്യൻ വനിത, നവയുഗം സാംസ്ക്കാരികവേദിയുടെയും ഇന്ത്യൻ എംബസ്സിയുടെയും സഹായത്തോടെ നിയമനടപടികൾ പൂർത്തിയാക്കി, നാട്ടിലേയ്ക്ക് മടങ്ങി.

ആന്ധ്രാസ്വദേശിനി ലക്ഷ്മി ദിന്നെപാടുവാണ് ദുരിതങ്ങളുടെ പ്രവാസജീവിതത്തിൽ നിന്നും രക്ഷപ്പെട്ട് നാട്ടിലേയ്ക്ക് പോയത്. നാലുവർഷങ്ങൾക്ക് മുൻപാണ് ലക്ഷ്മി സൗദിയിൽ ഒരു വീട്ടിൽ ജോലിക്കാരിയായി എത്തിയത്. ഏറെ കഷ്ടപ്പാടുകൾ നിറഞ്ഞ പ്രവാസജീവിതമാണ് ലക്ഷ്മി അനുഭവിച്ചത്. വിശ്രമമില്ലാതെ ജോലി ചെയ്യിച്ചെങ്കിലും പലപ്പോഴും ശമ്പളം കിട്ടിയില്ല. ശമ്പളകുടിശ്ശിക രണ്ടു വർഷത്തോളമായപ്പോൾ, ഒൻപത് മാസങ്ങൾക്ക് മുൻപ് ലക്ഷ്മി, ആ വീട്ടിൽ നിന്ന് ഇറങ്ങി അടുത്തുള്ള പോലീസ് സ്റ്റേഷനിൽ പോയി പരാതി പറഞ്ഞു. പോലീസുകാർ അവരെ ദമ്മാം വനിതാ അഭയകേന്ദ്രത്തിൽ കൊണ്ട് ചെന്നാക്കി.

വനിതാഅഭയകേന്ദ്രത്തിൽ എത്തിയ നവയുഗം ജീവകാരുണ്യപ്രവർത്തക മഞ്ജു മണിക്കുട്ടനോട് തന്റെ ദുരവസ്ഥ വിവരിച്ച്, സഹായം അഭ്യർത്ഥിച്ചു. മഞ്ജു മണിക്കുട്ടൻ ലക്ഷ്മിയുടെ സ്‌പോൺസറെ ഫോണിൽ ബന്ധപ്പെട്ട് ചർച്ചകൾ നടത്തിയെങ്കിലും, അയാൾ സഹകരിയ്ക്കാൻ തയ്യാറായില്ല. മഞ്ജു ഇന്ത്യൻ എംബസ്സിയുമായി ബന്ധപ്പെട്ട്, ലക്ഷ്മിയുടെ കേസിൽ നിയമപരമായി ഇടപെടാൻ അനുമതിപത്രം വാങ്ങി, കേസ് ഏറ്റെടുത്തു. തുടർന്ന് മഞ്ജുവിന്റെയും, നവയുഗം നവയുഗം സഹായത്തോടെ ലക്ഷ്മി ദമ്മാം ലേബർ കോടതിയിൽ സ്പോണ്സർക്കെതിരെ കേസ് ഫയൽ ചെയ്തു. മഞ്ജു തന്നെ കോടതിയിൽ ലക്ഷ്മിയ്ക്കായി ഹാജരായി വാദങ്ങൾ അവതരിപ്പിച്ചു.

സ്പോൺസർ, ലക്ഷ്മിയ്ക്ക് കുടിശ്ശികയായ ശമ്പളവും, ഫൈനൽ എക്സിറ്റും നൽകാൻ കോടതി വിധിച്ചു. എന്നാൽ സ്പോൺസർ അത് അനുസരിയ്ക്കാൻ തയ്യാറാകാതെ, സമയം നീട്ടികൊണ്ടു പോയി. തുടർന്ന് മഞ്ജു ലക്ഷ്മിയെകൊണ്ട് സ്പോണ്സർക്കെതിരെ സിവിൽ കോടതിയിൽ (Mahkama Thanfeed) വിധി നടപ്പാക്കാൻ ആവശ്യപ്പെട്ട് കേസ് കൊടുപ്പിച്ചു. കോടതി ഉടനെ തന്നെ സ്പോണ്സറുടെയും, കുടുംബത്തിന്റെയും മൊത്തം സർക്കാർ സേവനങ്ങളും സിസ്റ്റത്തിൽ ബ്ലോക്ക് ചെയ്യിച്ചു. തുടർന്ന് ബുദ്ധിമുട്ടിലായ സ്പോൺസർ, കോടതിയിൽ എത്തി ലക്ഷ്മിയ്ക്ക് നൽകാനുള്ള കുടിശ്ശിക ശമ്പളവും ആനുകൂല്യങ്ങളും പണമായി കെട്ടിവെച്ചു. അങ്ങനെ ഒൻപത് മാസത്തെ അഭയകേന്ദ്രത്തിലെ കാത്തിരിപ്പിന് ശേഷം, ലക്ഷ്മിയ്ക്ക് രണ്ടു വർഷത്തെ ശമ്പളവും, ആനുകൂല്യങ്ങളും, ഫൈനൽ എക്സിറ്റും കിട്ടി.

മഞ്ജു ഇന്ത്യൻ എംബസ്സിയുമായി ബന്ധപ്പെട്ട് ലക്ഷ്മിയ്ക്ക് ഔട്ട്പാസും എടുത്ത് നൽകി. ലക്ഷ്മി തന്നെ വിമാനടിക്കറ്റ് എടുത്തു. എല്ലാവർക്കും നന്ദി പറഞ്ഞ്, വളരെ സന്തോഷത്തോടെ ലക്ഷ്മി നാട്ടിലേയ്ക്ക് മടങ്ങി.

ഒൻപതു മാസത്തോളം നീണ്ട ഈ കേസിൽ ഇടപെട്ട, നവയുഗം രക്ഷാധികാരി ഷാജി മതിലകം, ഇന്ത്യൻ എംബസ്സി വോളന്റീർ ടീം കൺവീനർ മിർസ ബൈഗ്, വോളന്റീർ ടി.ആർ.എസ്.ശ്രീനിവാസ്, അഭയകേന്ദ്രത്തിലെയും കോടതികളിലെയും സൗദി അധികൃതർ എന്നിവരുടെ സഹായത്തിന് മഞ്ജു നന്ദി പറഞ്ഞു.

ലേബർ കോടതിയിൽ അനുകൂലവിധി ഉണ്ടായാലും പലപ്പോഴും, സ്‌പോൺസർമാർ വിധി നടപ്പാക്കാൻ തയ്യാറാകാത്തതിനാൽ, പല കേസുകളും അനന്തമായി നീണ്ടു പോകാറുണ്ട്. അത്തരം അവസ്ഥയിൽ സിവിൽ കോടതിയിൽ (Mahkama Thanfeed) പോയാൽ, പ്രശ്‌നത്തിന് പെട്ടെന്ന് പരിഹാരമുണ്ടാകും. ഈ വസ്തുത എല്ലാ പ്രവാസികളും മനസ്സിലാക്കണമെന്നും, ഇത്തരം കേസുകളിൽ ഈ സംവിധാനം ഉപയോഗപ്പെടുത്തണമെന്നും നവയുഗം നിയമസഹായവേദി അഭ്യർത്ഥിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa