Sunday, September 22, 2024
QatarTop Stories

ഖത്തറിൽ ഗാർഹിക തൊഴിലാളികളുടെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെട്ടത്; തൊഴിൽ മന്ത്രാലയം

ദോഹ: ഖത്തറിൽ ഗാർഹിക തൊഴിലാളികളെ ശമ്പള സംരക്ഷണ സംവിധാനത്തിനു (ഡബ്ല്യുപിഎസ്‌) കീഴിലാക്കുന്ന കാര്യം പരിഗണയിലുണ്ടെന്ന് ഭരണവികസന, തൊഴിൽ സാമൂഹികകാര്യ മന്ത്രാലയം. തൊഴിൽ മന്ത്രാലയത്തിലെ ഗാർഹിക തൊഴിലാളി റിക്രൂട്‌മെന്റ്‌ വിഭാഗം മേധാവി ഫാരിസ്‌ അൽ കാബിയാണ്‌ ഇക്കാര്യം അറിയിച്ചത്‌. തൊഴിലാളികളുടെ ശമ്പളം ബാങ്ക്‌ അക്കൗണ്ടിലൂടെ നൽകുന്ന സംവിധാനമാണ്‌ ഡബ്ല്യുപിഎസ്‌. തൊഴിലാളിക്ക്‌ എല്ലാമാസവും ആദ്യ ആഴ്‌ചയിൽ ശമ്പളം കൃത്യമായി ലഭിക്കുമെന്നതാണ്‌ ഇതുകൊണ്ടുള്ള മെച്ചം. ഇക്കാര്യത്തിൽ മന്ത്രാലയം വിശദപഠനം നടത്തുകയാണെന്നു ഫാരിസ്‌ പറഞ്ഞു. ഖത്തറിലെ സ്വകാര്യ മേഖലയിലെ തൊഴിലാളികളുടെ ശമ്പളവിതരണം രണ്ടു വർഷം മുൻപേ ബാങ്കിലൂടെ ആക്കിയിരുന്നു.

വൈസ എന്ന സ്വദേശി റിക്രൂട്‌മെന്റ്‌ കമ്പനി ഖത്തറിലേക്ക്‌ ഗാർഹിക തൊഴിലുകളിൽ പ്രാവീണ്യമുള്ളവരെ എത്തിക്കുന്നുണ്ട്‌. സ്വദേശികൾക്കും പ്രവാസികൾക്കും ഈ റിക്രൂട്‌മെന്റ്‌ കമ്പനിയുടെ സേവനം ഉപയോഗപ്പെടുത്താം. നിലവിലുള്ള വീട്ടുവേലക്കാർ വാർഷികാവധിക്ക്‌ സ്വദേശത്തേക്കുപോകുന്ന ഇടവേളയിലേക്കു മാത്രമായും ഗാർഹിക തൊഴിലാളികളെ ഈ കമ്പനി ലഭ്യമാക്കുന്നുണ്ടെന്നു ഫാരിസ്‌ അൽ കാബി പറഞ്ഞു. ഖത്തറിൽ ഗാർഹിക തൊഴിലാളികളുടെ ജീവിത സാഹചര്യങ്ങൾ വളരെ മെച്ചമാണെന്നു തൊഴിൽ മന്ത്രാലയം വെളിപ്പെടുത്തുന്നു. വളരെ കുറച്ചു പരാതികളേ മന്ത്രാലയത്തിനു ലഭിക്കുന്നുള്ളൂ. മറ്റു ഗൾഫ്‌ രാജ്യങ്ങളെ അപേക്ഷിച്ച്‌ ഖത്തറിൽ വീട്ടുജോലിക്കാരുടെ റിക്രൂട്‌മെന്റ്‌ ഫീസ്‌ കുറവാണെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടുന്നു.

ഗാർഹിക തൊഴിലാളികളുടെ റിക്രൂട്‌മെന്റ്‌ സംബന്ധിച്ച്‌ പലപ്പോഴും തൊഴിലുടമകളിൽ നിന്നു മന്ത്രാലയത്തിനു പരാതി ലഭിക്കുന്നുണ്ട്‌. നിശ്‌ചിത സമയത്ത്‌ ജോലിക്കാരെ ലഭ്യമാക്കാതിരിക്കുക, എത്തിക്കുന്ന ജോലിക്കാരിക്ക്‌ വീട്ടുകാരുടെ ഭാഷ വശമില്ലാതിരിക്കുക തുടങ്ങി തങ്ങൾ നിഷ്‌കർഷിച്ച തൊഴിൽ മികവില്ല എന്നതുവരെയാണ്‌ പരാതികൾ. ഏറെ വീട്ടുടമകളും ആവശ്യപ്പെടുന്നത്‌ ഇംഗ്ലീഷ്‌ സംസാരിക്കാൻ അറിയാവുന്ന ജോലിക്കാരെയാണ്‌. എന്നാൽ ജോലിക്കാരി വീട്ടിലെത്തുമ്പോഴാവും ഇംഗ്ലീഷ്‌ അറിയില്ലെന്നു മനസിലാവുന്നത്‌. കുട്ടികളെ നോക്കുന്നതിനാണു മലയാളികൾ ജോലിക്കാരികളെ തേടുന്നത്‌. മലയാളി ജോലിക്കാരികളെ കിട്ടുകയെന്നത്‌ ഏറെ പ്രയാസമാണ്‌. അതിനാൽ ഇംഗ്ലീഷ്‌ ഒഴുക്കോടെ കൈകാര്യം ചെയ്യാവുന്ന മറ്റു രാജ്യക്കാരെയാണ്‌ മലയാളികൾ തേടുന്നത്‌. ഗാർഹിക തൊഴിലാളി റിക്രൂട്‌മെന്റ്‌ സംബന്ധിച്ചും തൊഴിലാളികളുടെയും തൊഴിലുടമകളുടെയും പരാതികളിലും നടപടിയെടുക്കാൻ തൊഴിൽ മന്ത്രാലയത്തിന്‌ അധികാരമുണ്ട്‌. ഖത്തറിലേക്കു വീട്ടുജോലിക്ക്‌ റിക്രൂട്‌ ചെയ്യപ്പെടുന്ന വനിതകൾ ഗർഭിണികളോ, അസുഖ ബാധിതരോ ആണെങ്കിൽ തിരിച്ചയയ്‌ക്കും. പ്രത്യേക ഭാഷയിൽ പരിജ്‌ഞാനം വേണമെന്ന്‌ തൊഴിലുടമ ആവശ്യപ്പെടുകയും ആ ഭാഷയിൽ ജോലിക്കാരിക്ക്‌ അറിവില്ലെങ്കിലും തിരിച്ചയയ്‌ക്കാം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q