Sunday, September 22, 2024
RiyadhTop Stories

മോഷ്ടാവിന്റെ വെട്ടേറ്റ് മലയാളി യുവാവിന് പരിക്ക്

റിയാദ്​: ബത്​ഹയിൽ മോഷ്ടാവിന്റെ വെട്ടേറ്റ് മലയാളി യുവാവിന് പരിക്ക്. കണ്ണൂർ അഞ്ചരക്കണ്ടി സ്വദേശി ഷഫീക്കിനാണ് മോഷ്ടാവിന്റെ വെട്ട് കൊണ്ട് തലക്ക് ഗുരുതരമായ പരിക്കേറ്റത്. ശനിയാഴ്​ച രാത്രി 12 മണിയോടെ മർഖബ്​ സ്​ട്രീറ്റിലാണ് സംഭവം. ഇവിടെ ഒരു റെസ്റ്റോറന്റിൽ ജോലി ചെയ്യുന്ന ഷഫീഖ് രാത്രി ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് പോവുമ്പോൾ, മറഞ്ഞു നിന്ന അക്രമി വെട്ടുകത്തികൊണ്ട് ആക്രമിക്കുകയായിരുന്നു.

താമസിക്കുന്ന കെട്ടിടത്തി​ന്റെ പ്രധാന വാതിലിന്​ സമീപം മറഞ്ഞുനിന്ന അക്രമി ഷഫീഖ് അടുത്തെത്തിയ ഉടനെ കടന്നുപിടിച്ച് തള്ളിയിടുകയായിരുന്നു. പോക്കറ്റിൽ നിന്ന് നിന്ന്​ പഴ്​സും ഇഖാമയും മൊബൈൽ ഫോണും കവർന്നെടുത്ത അക്രമി വലിയ വെട്ടുകത്തി കൊണ്ട്​ തലയ്​ക്കുനേരെ ആഞ്ഞുവെട്ടുകയും ചെയ്​തു. ശഫീഖിന്റെ ​ നിലവിളികേട്ട്​ ആളുകൾ ഓടിക്കൂടുന്നത്​ കണ്ട്​ അക്രമി ഓടി മറഞ്ഞു.

ആളുകൾ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ്​ സ്ഥലത്തെത്തി ചോരയൊലിപ്പിച്ചുകിടന്ന ശഫീഖിനെ ആംബുലൻസ്​ വരുത്തി അൽഈ മാൻ ആശുപത്രിയിലേക്ക്​ കൊണ്ടുപോയി. പരിശോധനയിൽ ആഴത്തിൽ മുറിവേറ്റിട്ടില്ലെന്ന്​ മനസിലായി. എന്നാൽ നീളമുള്ള മുറിവിൽ 22 തുന്നലിടേണ്ടിവന്നു. പൊലീസ്​ കേസെടുത്ത്​ അന്വേഷണം തുടങ്ങി. പിറ്റേന്ന്​ രാവിലെ ഇഖാമ തിരിച്ചു കിട്ടി. വഴിയിൽ കിടന്ന് കിട്ടിയ ഇഖാമ ഒരു സ്വദേശി പൗരൻ റസ്​റ്റോറൻറിൽ ഏൽപിക്കുകയായിരുന്നു. 10 വർഷമായി റിയാദിലുള്ള ശഫീഖ്​ അഞ്ചുവർഷം മുമ്പും സമാനമായി അക്രമിക്കപ്പെട്ടിരുന്നു. മൂന്നംഗ പിടിച്ചുപറി സംഘത്തിന്റെ അക്രമത്തിൽ അന്നും ഷഫീഖിന് മുഖത്ത്​ പരിക്കേറ്റിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q