ഒമാനിൽ നാളെ മുതൽ മഴയും പൊടിക്കാറ്റും; ജാഗ്രതാ നിർദ്ദേശം
മസ്കത്ത്: രാജ്യത്ത് വെള്ളിയാഴ്ച മുതൽ മഴക്കും പൊടിക്കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പൊതുഅതോറിറ്റി അറിയിച്ചു. ചിലയിടങ്ങളിൽ ഇടിയോടെയുള്ള ശക്തമായ മഴക്കും ആലിപ്പഴ വർഷത്തിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മുസന്ദം ഗവർണറേറ്റിൽനിന്നാകും മഴയുടെ തുടക്കം. അൽ ബുറൈമി, അൽ ദാഹിറ, വടക്ക്-തെക്കൻ ബാത്തിന, അൽ ദാഖിലിയ, മസ്കത്ത്, വടക്ക്-തെക്കൻ ശർഖിയ ഗവർണറേറ്റുകളിലും മഴയുണ്ടാകും. ദോഫാർ, അൽ വുസ്ത ഗവർണറേറ്റുകളിൽ ഒറ്റപ്പെട്ട മഴക്കാണ് സാധ്യത. ഒമാൻ തീരത്ത് എല്ലായിടത്തും കടൽ പ്രക്ഷുബ്ധമായിരിക്കും.
ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാൽ തിരമാലകൾ ഒന്നര മീറ്റർ മുതൽ രണ്ടര മീറ്റർ വരെ ഉയരാനിടയുണ്ട്. കടലിൽ പോകുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. മർമൂൽ, യലോനി, ദുകം, ഹൈമ, മഹൂത്ത്, മഖ്ഷിൻ, മസ്യൂന, തുംറൈത്ത്, സമൈം, ഖർനൽ ആലം തുടങ്ങിയ സ്ഥലങ്ങളിൽ പൊടിക്കാറ്റടിക്കാൻ സാധ്യതയുണ്ട്. ദൃശ്യപരിധി കുറയാനിടയുള്ളതിനാൽ വാഹനമോദിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa