Sunday, November 24, 2024
Saudi ArabiaTop Stories

ബിനാമി ബിസിനസ്സ്; മലയാളികൾക്ക് തടവും മൂന്ന് ലക്ഷം റിയാൽ പിഴയും

സകാക്ക: സൗദിയിൽ ബിനാമി ബിസിനസ്സ് നടത്തിയ മലയാളികൾക്ക് സകാക്ക ക്രിമിനൽ കോടതി ശിക്ഷ വിധിച്ചു. സകാക്കയിൽ ഭക്ഷ്യവസ്തുക്കളുടെ മൊത്ത, ചില്ലറ മേഖലയിലാണ് ഇവർ സ്വന്തമായി ബിസിനസ്സ് സ്ഥാപനം നടത്തിയിരുന്നത്. കുഞ്ഞിപ്പാറമ്മാട്ട് നസീർ, യൂനുസ് കാരാടൻ ഇബ്രാഹിം, അസീസ് പാവേരി എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. സൗദി പൗരനായ സഗീർ ബിൻ ദഹ്‌ലാൻ ബിൻ നസീർ അൽശരാരിയുടെ പേരിലാണ് ഇവർ ബിനാമി ബിസിനസ്സ് നടത്തിയിരുന്നത്.

നസീറിന് ആറുമാസവും, മറ്റു രണ്ടുപേർക്കും, നാല് മാസം വീതം തടവുമാണ് കോടതി വിധിച്ചത്. ഇതിന് പുറമെ മൂന്നു ലക്ഷം റിയാൽ പിഴ ഈടാക്കാനും, സ്ഥാപനം അടപ്പിക്കുന്നതിനും, ലൈസൻസും കൊമേർഷ്യൽ രജിസ്‌ട്രേഷനും റദ്ദാക്കാനും വിധിച്ചിട്ടുണ്ട്. ശിക്ഷ പൂർത്തിയാക്കിയ ശേഷം മലയാളികളെ സൗദിയിൽ നിന്ന് നാടുകടത്തും. പുതിയ വിസയിൽ വീണ്ടും രാജ്യത്ത് പ്രവേശിക്കുന്നതിൽനിന്ന് ഇവർക്ക് ആജീവനാന്ത വിലക്കുമേർപ്പെടുത്തി. ഇതേ മേഖലയിൽ പുതിയ സ്ഥാപനം ആരംഭിക്കുന്നതിൽനിന്ന് സൗദി പൗരനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. നിയമ ലംഘകരുടെ പേരുവിവരങ്ങളും അവർ നടത്തിയ നിയമ ലംഘനവും ഇതിനുള്ള ശിക്ഷയും കുറ്റക്കാരുടെ സ്വന്തം ചെലവിൽ പ്രാദേശിക പത്രത്തിൽ പരസ്യം ചെയ്യാനും ഉത്തരവിട്ടു.

ഒരു സൗദി പൗരനാണ്ഇ വർ നടത്തുന്ന സ്ഥാപനം, ബിനാമി ബിസിനസ് ആണെന്ന് സംശയിക്കുന്നതായി വാണിജ്യ, നിക്ഷേപ മന്ത്രാലയത്തെ അറിയിച്ചത്. തുടർന്ന് മന്ത്രാലയം നടത്തിയ പരിശോധനയിൽ സ്ഥാപനം ഇന്ത്യക്കാർ നടത്തുന്നതാണ് എന്നതിന് തെളിവകൾ ലഭിക്കുകയും ചെയ്തു. വലിയ തുക ഇവർ സ്വദേശത്തേക്ക് അയച്ചതിന്റെ രേഖകളും കണ്ടെത്തിയിരുന്നു. അന്വേഷണത്തിനിടെ ഇവരുടെ പക്കൽ നിന്നും, അഞ്ച് ലക്ഷത്തിലേറെ റിയാലും കണ്ടെടുത്തിരുന്നു. പ്രാരംഭ നടപടികൾക്ക് ശേഷം മന്ത്രാലയം പിന്നീട് കേസ് പബ്ലിക് പ്രോസിക്ക്‌ഷനു കൈമാറുകയായിരുന്നു.

സമാനമായ കേസിൽ ഇതിനു മുൻപും മലയാളികളടക്കം നിരവധി വിദേശികൾ പിടിക്കപ്പെട്ടിട്ടുണ്ട്. സൗദിയിൽ ബിനാമി ബിസിനസ്സിനെതിരെയുള്ള നടപടികൾ ഊർജ്ജിതപ്പെടുത്തിയിട്ടുണ്ട്. പിടിക്കപ്പെട്ടാൽ, പത്ത് ലക്ഷം റിയാൽ വരെ പിഴയും രണ്ട് വര്ഷം വരെ തടവും ലഭിക്കാവുന്ന കുറ്റമാണിത്. ഇതിനു പുറമെ സൗദിയിൽ പ്രവേശിക്കുന്നതിന് വിദേശികൾക്ക് ആജീവനാന്തം വിലക്കുമേർപ്പെടുത്തും. ഇതിൽ പങ്കാളികളാവുന്ന സൗദി പൗരന്മാർക്ക് പിന്നീട് ഇതേ മേഖലയിൽ ബിസിനസ്സ് നടത്താനും വിലക്കേർപ്പെടുത്തും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa