സൗദിയിൽ മുണ്ട് ധരിച്ച് പുറത്തിറങ്ങിയാൽ പിഴ; പ്രചരിക്കുന്ന വാർത്തയുടെ സത്യമെന്ത്?
“മുണ്ട് ധരിച്ച് പുറത്തിറങ്ങിയാൽ 5000 റിയാൽ പിഴ” സൗദിയിൽ രണ്ട് ദിവസമായി സോഷ്യൽ മീഡിയകളിൽ പ്രചരിച്ചു കൊണ്ടിരിക്കുന്ന ഒരു വാർത്തയാണിത്. അറബിയിലുള്ള ഒരു വീഡിയോ ക്ലിപ്പ് സഹിതമാണ് വാർത്ത ഷെയർ ചെയ്യപ്പെടുന്നത്. വിഡിയോയിൽ മുണ്ട് ധരിച്ചു പള്ളിയിൽ നിസ്കരിക്കുന്ന ഒരാളെ കാണിക്കുന്നുമുണ്ട്.
എന്നാൽ സൗദി ആഭ്യന്തര മന്ത്രാലയം സൗദി ടൂറിസം വകുപ്പുമായി ചേർന്ന് തയ്യാറാക്കിയ പൊതു പെരുമാറ്റച്ചട്ട നിബന്ധനകൾ ലംഘിക്കുന്നവർക്കുള്ള പിഴയെ കുറിച്ചാണ് വിഡിയോയിൽ വിവരിക്കുന്നത്. ആളുകളെ പരിഹസിക്കുക, അധിക്ഷേപിക്കുക, പൊതുസ്ഥലങ്ങളിലെ മോശമായ പെരുമാറ്റം, ക്യൂ സിസ്റ്റം പാലിക്കാതിരിക്കുക, സ്ത്രീകളെയും കുട്ടികളെയും ഭീഷണിപ്പെടുത്തുക, മാന്യതക്ക് നിരക്കാത്ത വസ്ത്രം ധരിച്ച് പുറത്തിറങ്ങുക എന്നിങ്ങനെ ഒരുപാട് കാര്യങ്ങൾ ഇതിൽ പരാമർശിക്കുന്നുണ്ട്. ഇതിൽ മാന്യതക്ക് നിരക്കാത്ത വസ്ത്രം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്, ഉറങ്ങുമ്പോൾ ധരിക്കുന്ന വസ്ത്രം, അടിവസ്ത്രങ്ങൾ എന്നിവയൊക്കെയാണ്.
എന്നാൽ വിഡിയോയിൽ കാണുന്ന മുണ്ട് ധരിച്ച ആളുടെ ദൃശ്യം കണ്ട് ആരോ അടിച്ചിറക്കിയ സന്ദേശം, സോഷ്യൽ മീഡിയ വഴി വ്യാപകമായി പ്രചരിപ്പിക്കപ്പെടുകയായിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa