യു.ഡി.എഫിനുള്ള പിന്തുണ ഈ തെരഞ്ഞെടുപ്പിന്റെ അനിവാര്യത – പ്രവാസി സമ്മേളനം
ദമ്മാം: മതനിരപേക്ഷതയെ ശക്തിപ്പെടുത്താൻ, കേരളത്തിൽ 20 പാർലമെന്റ് മണ്ഡലങ്ങളിലും യുഡിഎഫിനെ പിന്തുണക്കാനുള്ള വെൽഫെയർ പാർട്ടിയുടെ തീരുമാനം ഈ തെരഞ്ഞെടുപ്പിന്റെ അനിവാര്യതയെന്ന് പ്രവാസി സാംസ്കാരിക വേദി ദമ്മാം റീജിയണൽ കമ്മിറ്റി സംഘടിപ്പിച്ച പൊതുസമ്മേളനം അഭിപ്രായപ്പെട്ടു. പാർട്ടിയേക്കാൾ ഇന്ത്യയാണ് പ്രധാനമെന്നും, ഫാസിസ്റ്റ് വിരുദ്ധത അവകാശപ്പെടുന്നവർ യാഥാർഥ്യ ബോധത്തോടെ വിട്ടു വീഴ്ച കാണിക്കണമെന്നും സമ്മേളനത്തിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.
വിശ്വോത്തര ഭരണഘടനയും, ജനാധിപത്യവും നിലനിൽക്കുന്ന രാജ്യം ആ അർത്ഥത്തിൽ നിലനിൽക്കണോ വേണ്ടയോ എന്ന ചോദ്യമുയർത്തുന്ന തെരഞ്ഞെടുപ്പാണിതെന്ന് മുഖ്യപ്രഭാഷണം നിർവഹിച്ച ഖലീൽ പാലോട് വ്യക്തമാക്കി. നിലവിലെ ഭരണത്തെ കുറിച്ച് അപ്രഖ്യാപിത അടിയന്തിരാവസ്ഥ എന്ന തരത്തിലുള്ള വിശേഷണം മതിയാവില്ലെന്നും, ഭരണഘടന തന്നെ വേണ്ടാ എന്ന് പറയുന്ന സംഘപരിവാർ ഫാസിസത്തെ അങ്ങനെ വിശേഷിപ്പിക്കുന്നത് അതിന്റെ തീക്ഷ്ണതയെ ലഘൂകരിക്കുന്നതിന് തുല്യമാണെന്നും സമ്മേളനം ഉദ്ഘാടനം ചെയ്‌ത രാജീവ് ഗാന്ധി സ്റ്റഡി സെന്റർ കേരള ഇൻ ചാർജ് വി ആർ അനൂപ് പറഞ്ഞു. മാംസാവശ്യത്തിനുള്ള ഇറച്ചി സൂക്ഷിച്ചു എന്ന ആരോപണത്തിന്റെ പേരിൽ പോലും മനുഷ്യർ കൊല്ലപ്പെടുന്ന ഭീതിതമായ സാഹചര്യം മാറാൻ ഇന്ത്യയിൽ യു.പി.എ അധികാരത്തിലേറണമെന്ന് ഒഐസിസി ദമ്മാം റീജിയണൽ കമ്മിറ്റി ആക്റ്റിങ് പ്രസിഡന്റ് ഹനീഫ് റാവുത്തർ പറഞ്ഞു.
മതേതര കക്ഷികൾ വിജയിച്ചുകൊണ്ടു ഇന്ത്യ എന്ന ജനാതിപത്യ രാജ്യത്തു കോൺഗ്രസ് സഖ്യത്തെ ശക്തിപ്പെടുത്തി വിജയിപ്പിക്കൽ അനിവാര്യ മാണെന്നും, വെൽഫെയർ ഈ തെരഞ്ഞെടുപ്പിൽ സ്വീകരിച്ച സംഘു പരിവാറിനെ പുറത്താക്കാൻ യു ഡി ഫിനെ വിജയിപ്പിക്കുക എന്ന ധീരമായ നിലപാടിനെ അഭിനന്ദിക്കുന്നു എന്നും കെ.എം സി സി നാഷണൽ കമ്മിറ്റി അംഗം അമീറലി കൊയിലാണ്ടി വ്യക്തമാക്കി. ഫാസിസത്തിന്റെ എക്കാലത്തെയും പ്രധാന ഇര സ്ത്രീകളും കുട്ടികളുമാണെന്നും തെരഞ്ഞെടുപ്പിൽ അതീവ ജാഗ്രതയോടെ സമ്മതിദാനാവകാശം വിനിയോഗിക്കണമെന്നും പ്രവാസി ദമ്മാം വനിതാ വിഭാഗം പ്രസിഡന്റ് സുനില സലിം അഭിപ്രായപ്പെട്ടു. അന്തരിച്ച കേരള രാഷ്ട്രീയത്തിലെ എക്കാലത്തെയും നേതാവ് ശ്രീ.കെ എം
മണിക്ക് സമ്മേളനത്തിൽ അനുശോചനം രേഖപ്പെടുത്തി.
റീജിയണൽ കമ്മിറ്റി പ്രസിഡന്റ് ഷബീർ ചാത്തമംഗലം അധ്യക്ഷത വഹിച്ചു. ബിജു പൂതക്കുളം സ്വാഗതം പറഞ്ഞു. റഊഫ് ചാവക്കാട് കവിത ആലപിച്ചു.പ്രവാസി കണ്ണൂർ-കാസർഗോഡ് ജില്ലാ കമ്മിറ്റി നടത്തിയ ക്വീസ് മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ തൻസീം കണ്ണൂർ വിതരണം ചെയ്തു. അഷ്‌റഫ് പട്ടാമ്പി നന്ദി പറഞ്ഞു. ഫൈസൽ കുറ്റിയാടി, ജംഷദലി കണ്ണൂർ, സനീജ സഗീർ, മുഹമ്മദലി പീറ്റയിൽ, സിദ്ധീഖ് ആലുവ, അമീർ പൊന്നാനി തുടങ്ങിയവർ നേതൃത്വം നൽകി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa