Saturday, September 21, 2024
Dammam

6 മാസമായി ശമ്പളമില്ല; പ്രവാസജീവിതം അവസാനിപ്പിച്ച് വസുന്ധര നാട്ടിലേയ്ക്ക് മടങ്ങി.

ദമ്മാം: ആറു മാസത്തെ ശമ്പളം കിട്ടാതെ ദുരിതത്തിലായ ഇന്ത്യൻ വനിത, നവയുഗം സാംസ്ക്കാരികവേദി ജീവകാരുണ്യവിഭാഗത്തിന്റെ സഹായത്തോടെ നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി.

തെലുങ്കാന ഹൈദരാബാദ് സ്വദേശിനിയായ വസുന്ധരയാണ് രണ്ടു മാസത്തെ ദമ്മാം അഭയകേന്ദ്രത്തിലെ താമസം അവസാനിപ്പിച്ച് നാട്ടിലേയ്ക്ക് മടങ്ങിയത്. ഒന്നര വർഷം മുൻപാണ് വസുന്ധര ദമ്മാമിലെ ഒരു വീട്ടിൽ വീട്ടുജോലിക്കാരിയായി എത്തിയത്. ഏറെ ബുദ്ധിമുട്ടുകൾ ആ വീട്ടിൽ അവർക്ക് നേരിടേണ്ടി വന്നു. രാപകൽ വിശ്രമമില്ലാതെ ജോലി ചെയ്യിച്ചെങ്കിലും, ശമ്പളം കൃത്യമായി കൊടുക്കാൻ സ്പോൺസർ തയ്യാറായില്ല. രണ്ടും മൂന്നും മാസം കൂടുമ്പോൾ മാത്രമാണ് ശമ്പളം കിട്ടിയത്. അങ്ങനെ ശമ്പളകുടിശ്ശിക ആറു മാസത്തോളമായപ്പോൾ, വസുന്ധര പ്രതിഷേധിച്ചു. എന്നിട്ടും യാതൊരു ഫലവും ഉണ്ടായില്ല. തുടർന്ന്, ആരുമറിയാതെ ആ വീട്ടിൽ നിന്നും പുറത്തു കടന്ന വസുന്ധര, അടുത്തുള്ള പോലീസ് സ്റ്റേഷനിൽ പോയി പരാതി പറഞ്ഞു. പോലീസുകാർ അവരെ ദമ്മാം വനിതാ അഭയകേന്ദ്രത്തിൽ കൊണ്ട് ചെന്നാക്കി.

അഭയകേന്ദ്രത്തിൽ എത്തിയ നവയുഗം ജീവകാരുണ്യപ്രവർത്തക മഞ്ജു മണിക്കുട്ടനോട് തന്റെ അവസ്ഥ പറഞ്ഞു കൊടുത്ത്, വസുന്ധര സഹായം അഭ്യർത്ഥിച്ചു. മഞ്ജു വസുന്ധരയുടെ സ്‌പോൺസറെ വിളിച്ച് സംസാരിച്ചെങ്കിലും, അയാൾ സഹകരിയ്ക്കാൻ തയ്യാറായില്ല. ലേബർ കോടതിയിൽ സ്പോണ്സർക്ക് എതിരെ കേസ് കൊടുക്കാൻ മഞ്ജു നിർദ്ദേശിച്ചെങ്കിലും, വസുന്ധര അതിന് തയ്യാറായില്ല. കേസ് നീണ്ടു പോകുമെന്നും, തനിയ്ക്ക് കുടുംബപ്രശ്‌നങ്ങൾ കാരണം അടിയന്തരമായി എങ്ങനെയും നാട്ടിൽ എത്തിയേ പറ്റൂ എന്ന നിലപാടാണ് അവർ എടുത്തത്. അതേത്തുടർന്ന് മഞ്ജു ഇന്ത്യൻ എംബസ്സിയുമായി ബന്ധപ്പെട്ട് വസുന്ധരയ്ക്ക് ഔട്ട്പാസ്സ് എടുത്തു കൊടുക്കുകയും, അഭയകേന്ദ്രം അധികാരികളുടെ സഹായത്തോടെ ഫൈനൽ എക്സിറ്റ് അടിച്ചു കൊടുക്കുകയും ചെയ്തു. മഞ്ജുവിന്റെ അഭ്യർത്ഥന മാനിച്ച്, ഹൈദരാബാദ് അസ്സോസിയേഷൻ വിമാനടിക്കറ്റും നൽകി.

എല്ലാവർക്കും നന്ദി പറഞ്ഞു വസുന്ധര നാട്ടിലേയ്ക്ക് മടങ്ങി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q