ലോകകപ്പ് 2022 ; കുവൈത്തിന് സാധ്യതയേറുന്നു
കുവൈത്ത് സിറ്റി: 2022 ലോക കപ്പിന് സഹ ആതിഥേയത്വം വഹിക്കാൻ തയ്യാറാണെന്ന് ഫിഫ പ്രസിഡന്റ് ഗിയാനി ഇൻഫാന്റിനോയെ കുവൈത്ത് അറിയിച്ചതായി റിപ്പോർട്ട്. കഴിഞ്ഞ ശനിയാഴ്ചയും ഞായറാഴ്ചയുമായി കുവൈത്തിൽ വെച്ച് നടന്ന കൂടിക്കാഴ്ചയിൽ, ഇതേ കുറിച്ച് ചർച്ച ചെയ്തതായിട്ടാണ് വിവരം. കുവൈത്ത് അമീർ സബാഹ് അൽ അഹ്മദ് അൽ ജാബിർ അൽ സബാഹ്, നാഷണൽ അസ്സംബ്ലി സ്പീക്കർ, മർസൂഖ് അൽ ഗാനിം, കുവൈത്ത് ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് ഷെയ്ഖ് അഹ്മദ് അൽ യൂസുഫ്, മറ്റു സർക്കാർ ഒഫീഷ്യൽസ് എന്നിവരുമായിട്ടായിരുന്നു ഫിഫ പ്രസിഡന്റ് ചർച്ച നടത്തിയത്.
ചില മത്സരങ്ങൾ കുവൈത്തിൽ വച്ച് നടത്താൻ തയ്യാറാണെന്ന് കുവൈത്ത് അറിയിച്ചിട്ടുണ്ടെന്ന് ഫിഫ പ്രസിഡന്റ് പറഞ്ഞു. എന്നാൽ കുവൈത്ത് ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. തീരുമാനം വൈകാതെ തന്നെ ഉണ്ടാവും എന്നാണ് കരുതുന്നത്. 2020 ലോക കപ്പിൽ കളിക്കുന്ന ടീമുകളുടെ എണ്ണം 32ൽ നിന്നും 48 ആയി ഉയർത്തുന്ന തീരുമാനത്തിൽ മെയ് 5ന് പാരിസിൽ വെച്ച് നടക്കുന്ന ഫിഫ മീറ്റിംഗിൽ വോട്ടിംഗ് നടത്തും. കുവൈത്തിന്റെ ഈ അനുകൂല തീരുമാനം ടീമുകളുടെ എണ്ണം ഉയർത്തുന്നതിന് സഹായകരമാവും.
ഫിഫ ആവശ്യപ്പെട്ടത് പ്രകാരമുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കാൻ കുവൈത്ത് സന്നദ്ധമാണ്. മത്സരങ്ങൾ കുവൈത്തിൽ വെച്ച് നടക്കുന്നത്, കുവൈത്തിന്റെ കായിക മേഖലക്ക് പുത്തൻ ഉണർവ് നൽകും. ലോക കായിക ഭൂപടത്തിൽ കുവൈത്തിന്റെ പേര് രേഖപ്പെടുത്തപ്പെടുകയും ചെയ്യും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa