വിസ്മയക്കാഴ്ചകളൊരുക്കുന്ന എക്സ്പോ 2020 ടിക്കറ്റ് നിരക്ക് വെളിപ്പെടുത്തി.
ദുബായ്: 192 രാജ്യങ്ങൾ പങ്കെടുക്കുന്ന അറബ് മേഖലയിലെ ഏറ്റവും വലിയ ഇവന്റായ എക്സ്പോ 2020 ന്റെ ടിക്കറ്റ് നിരക്കുകൾ സംഘാടകർ വെളിപ്പെടുത്തി. മുതിർന്നവർക്ക് ഒരു ദിവസത്തെ സന്ദർശനത്തിന് 120 ദിർഹവും, മൂന്ന് ദിവസത്തെ സന്ദർശനത്തിന് 260 ദിർഹവുമാണ് ടിക്കറ്റ് നിരക്ക്. മൂന്ന് ദിവസത്തെ ടിക്കറ്റ് 173 ദിവസം നീണ്ടു നിൽക്കുന്ന എക്സ്പോ 2020 ൽ ഏതെങ്കിലും മൂന്ന് ദിവസങ്ങളിൽ ഉപയോഗിക്കാം.
ദിവസവും 60 ലൈവ് ഷോകളും, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കലാകാരൻമാർ അണിയിച്ചൊരുക്കുന്ന വിവിധ കലാ പരിപാടികളും, 192 രാജ്യങ്ങളുടെ പാവലിയനുകളും എല്ലാം കൂടി കണ്ടാസ്വദിക്കുവാൻ ഒരു ദിവസത്തെ സന്ദർശനം കൊണ്ട് കഴിയില്ലെന്ന് സംഘാടകർ പറഞ്ഞു.
അറബ് മേഖല ഇന്നേ വരെ ദർശിച്ചിട്ടില്ലാത്ത ഏറ്റവും വലിയ ഇവന്റിൽ പങ്കെടുക്കാൻ ദശ ലക്ഷക്കണക്കിന് സന്ദർശകർ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അറബ് പാരമ്പര്യം വിളിച്ചോതുന്ന ആദിത്യമര്യാദയോടെ സന്ദർശകരെ സ്വീകരിക്കുമെന്ന് എക്സ്പോ 2020 സെയിൽസ് ആൻഡ് മാർക്കറ്റിങ് ഡെപ്യൂട്ടി ചീഫ് സഞ്ജീവ് ഖോസ്ല പറഞ്ഞു.
ആറ് വയസ്സ് മുതൽ 17 വരെയുള്ളവർക്ക് പകുതി നിരക്കിൽ പ്രവേശനം അനുവദിക്കും. അഞ്ച് വയസ്സിനു താഴെയുള്ള കുട്ടികൾക്കും 65 വയസ്സിനു മുകളിലുള്ളവർക്കും സൗജന്യമായി പ്രവേശനം അനുവദിച്ചേക്കും. പൊതുജനങ്ങൾക്ക് 2020 ഏപ്രിലിൽ ടിക്കറ്റ് വില്പന തുടങ്ങും. യു എ ഇ ക്ക് പുറത്ത് നിന്നുള്ള സന്ദർശകർക്ക് അടുത്ത മാസം മുതൽ അംഗീകൃത റീസെല്ലർമാരിൽ നിന്ന് ടിക്കറ്റുകൾ ലഭിക്കും. 2020 ഒക്ടോബറിൽ ആണ് ആറ് മാസത്തോളം നീണ്ടു നിൽക്കുന്ന എക്സ്പോ 2020 ആരംഭിക്കുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa