ഇഖാമ നംബറിൽ വ്യാജ സിം കാർഡുകൾ; പ്രവാസികൾ കുരുക്കിലാകുന്നത് തുടരുന്നു
വിദേശികളുടെ ഇഖാമ നംബരിൽ വ്യാജ സിം കാർഡുകൾ ഇഷ്യു ചെയ്യുകയും അവ ക്രിമിനൽ സംഘങ്ങൾ വിവിധ തരത്തിലുള്ള കുറ്റ കൃത്യങ്ങൾക്കും തട്ടിപ്പുകൾക്കുമായി വിനിയോഗിക്കുകയും പ്രവാസികൾ അറിയാതെ പെട്ട് പോകുന്നതും വീണ്ടും വാർത്തയാകുന്നു.
നേരത്തെ ഒരു പ്രവാസി യുവാവിനു തൻ്റെ പേരിലുള്ള സിം കാർഡ് ഉപയോഗിച്ച് ഒരാൾ കുറ്റ കൃത്യം ചെയ്തതിനു ജയിലിൽ പോകേണ്ടി വന്നിരുന്നു. എന്നാൽ ഇപ്പൊൾ മറ്റൊരു മലയാളി യുവാവിൻ്റെ പേരിലുള്ള സിം കാർഡ് ഉപയോഗിച്ച് തട്ടിപ്പ് സംഘം പണം തട്ടിയെടുത്തത് വാർത്തയായിരിക്കുകയാണ്.
ഒരു സൗദി പൗരനെ ലോട്ടറി അടിച്ചിട്ടുണ്ടെന്നും തുക ട്രാൻസ്ഫർ ചെയ്യുന്നതിലേക്കുള്ള ചിലവിലേക്കായി 65,000 റിയാൽ വേണമെന്നും ആവശ്യപ്പെട്ട് തട്ടിപ്പ് സംഘം വിളിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്യുകയായിരുന്നു. എന്നാൽ പിന്നീട് സൗദി പൗരനെ തട്ടിപ്പ് സംഘം വിളിക്കാൻ ഉപയോഗിച്ച സിം കാർഡ് മലപ്പുറം സ്വദേശിയുടെ പേരിലുള്ളതാണെന്ന് അന്വേഷണ സംഘം മനസ്സിലാക്കുകയും സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയുമായിരുന്നു.
തൻ്റെ നിരപരാധിത്വം ബോധ്യപ്പെടുത്തിയ ഈ പ്രവാസി സഹോദരൻ തൻ്റെ സ്പോൺസറുടെ ജാമ്യത്തിലാണു പിന്നീട് പുറത്തിറങ്ങിയത്. മാസങ്ങൾക്ക് മുംബ് മലപ്പുറം സ്വദേശിയായ യുവാവ് ഇത് പോലെ അറിയാതെ കുടുങ്ങുകയും രണ്ടാഴ്ചയിലധികം ജയിലിൽ കിടക്കേണ്ടി വരികയും ചെയ്തിരുന്നു.
ഇത്തരം സംഭവങ്ങൾ ആവർത്തിക്കുബോൾ പ്രവാസി സുഹൃത്തുക്കൾ പ്രത്യേകം ശ്രദ്ധ ചെലുത്തേണ്ടതുണ്ടെന്ന് മനസ്സിലാക്കുക. ഫിംഗർ പ്രിൻ്റ് ഒക്കെ ഉള്ളത് കൊണ്ട് ഇപ്പോൾ പഴയ പോലെ വ്യാജ സിം കാർഡുകൾ ഒന്നും ഉണ്ടാകില്ലെന്ന് ആശ്വസിക്കുകയാണു പലരും. എന്നാൽ വിപണിയിൽ നൂറു കണക്കിനു വ്യാജ സിം കാർഡുകളാണു നിലവിലുള്ളത് എന്ന് വിസ്മരിക്കരുത്.
വ്യാജന്മാരെ കൂച്ചു വിലങ്ങിടാൻ നമുക്കാകില്ല എന്നിരിക്കെ നമുക്ക് ചെയ്യാൻ സാധിക്കുന്ന കാര്യം നമ്മുടെ ഇഖാമ നബരിൽ എത്ര സിം കാർഡുകൾ നിലവിലുണ്ട് എന്ന പരിശോധിക്കുകയായിരിക്കും. അനധികൃതമായി നമ്മുടെ പേരിൽ സിം കാർഡുകൾ നിലവിലുണ്ടെന്ന് ബോധ്യപ്പെട്ടാൽ അത് ഉടൻ പോയി കാൻസൽ ചെയ്യിക്കണം. https://portalservices.citc.gov.sa/E-Services/MyNumbers/MyNumbersInquiry.aspx എന്ന വെബ് ലിങ്കിൽ പോയി ഇഖാമ നംബർ ഉപയോഗിച്ച് പരിശോധിച്ചാൽ നമ്മുടെ പേരിൽ എത്ര സിം കാർഡുകൾ നിലവിലുണ്ടെന്ന് മനസ്സിലാക്കാൻ സാധിക്കും.
നമ്മുടെ പേരിൽ നാമറിയാതെ സിം കാർഡുകൾ ആരെങ്കിലും എടുത്തിട്ടുണ്ടെന്ന് ബോധ്യമായാൽ https://portalservices.citc.gov.sa/E-Services/Complaint/LandingScreen.aspx എന്ന ലിങ്കിൽ പോയി പരാതി നൽകി സിം കാൻസൽ ചെയ്യാൻ അപേക്ഷിക്കാൻ സൗകര്യമുണ്ട്. 5 ദിവസം കഴിഞ്ഞ് മൊബൈൽ കംബനി നിങ്ങളുടെ പരാതി പരിഹരിച്ചില്ലെങ്കിൽ സൗദി കമ്യൂണിക്കേഷൻ ആൻ്റ് ഇൻഫർമേഷൻ ടെക്നോളജി കമ്മീഷൻ തുടർന്നുള്ള നടപടികൾ കൈക്കൊള്ളുമെന്നാണു അവരുടെ വെബസൈറ്റിൽ പറയുന്നത്.
ഏതായാലും വൈബ്സൈറ്റ് വഴിയോ മൊബൈൽ കംബനികളുടെ സർവീസ് സെൻ്ററുകളിൽ നേരിട്ട് പോയോ നമ്മുടെ പേരിൽ നമ്മളറിയാതെ എടുത്ത സിം കാർഡുകൾ എത്രയും പെട്ടെന്ന് കാൻസൽ ചെയ്യാൻ പ്രവാസി സുഹൃത്തുക്കൾ ജാഗ്രത പുലർത്തണം. കാരണം വ്യാജ സിം കരസ്ഥമാക്കിയവൻ ഒരിക്കലും സദുദ്ദേശ്യമുള്ളവനാകില്ലെന്നുറപ്പാണു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa