Wednesday, November 27, 2024
Saudi ArabiaTop Stories

സൗദിയിലേക്ക് ഭാര്യക്കും കുട്ടികൾക്കും ഇപ്പോഴും വിസിറ്റിംഗ് വിസ ലഭിക്കുന്നു

സൗദി ഫാമിലി വിസിറ്റിങ് വിസ ലഭിക്കാനുള്ള അപേക്ഷകൾ പലരുടെതും വിദേശകാര്യ മന്ത്രാലയം ഹജ്ജ് സീസൺ പ്രമാണിച്ച് നിരാകരിക്കുംബോഴും വിസിറ്റിംഗ് വിസകൾ ഇപ്പോഴും ലഭിക്കുന്നതായി അനുഭവസ്ഥർ അറിയിച്ചു.

മാതാപിതാക്കളെയും ഭാര്യയുടെ മാതാപിതാക്കളെയും കൊണ്ട് വരാൻ ശ്രമിച്ചവരുടേതാണു തള്ളിക്കളഞ്ഞ അപേക്ഷകളിൽ ഭൂരിപക്ഷവുമെന്നാണു അറിയാൻ സാധിച്ചത്. അതേ സമയം ഭാര്യ,കുട്ടികൾ എന്നിവരെ കൊണ്ട് വരാൻ ശ്രമിച്ചവർക്ക് വിസകൾ ലഭിച്ചതായി നിരവധി പ്രവാസികൾ പറഞ്ഞു.

റമളാനിൽ കുടുംബത്തെ കൊണ്ട് വരാൻ ആഗ്രഹിച്ച പലരും ഇപ്പൊൾ വിസ തള്ളിക്കളയുന്നുണ്ടെന്ന റിപ്പോർട്ട് അറിഞ്ഞതിനു ശേഷം വിഷമത്തിലായിരുന്നെങ്കിലും ഭാര്യ, കുട്ടികൾ എന്നിവരുടേത് തള്ളുന്നില്ല എന്നറിഞ്ഞതോടെ വലിയ ആശ്വാസത്തിലാണ്.

വിസക്ക് അപേക്ഷിക്കുന്നത് വളരെ എളുപ്പമുള്ള നടപടിക്രമവും ചെലവ് കുറഞ്ഞ കാര്യവുമായതിനാൽ നിരവധി പ്രവാസികളാണു അപേക്ഷകൾ സമർപ്പിച്ചിരിക്കുന്നത്. വളരെ ചുരുങ്ങിയ ചേംബർ സ്റ്റാംബിംഗ് ചാർജ്ജ് മാത്രമേ വിസ അപേക്ഷക്കായി മുടക്ക് വരുന്നുള്ളൂ എന്നതിനാൽ പലരും കിട്ടിയ അവസരം വിനിയോഗിക്കുന്നുണ്ട്. ജിദ്ദയിൽ 30 റിയാൽ, മദീനയിൽ 25 റിയാൽ എന്നിങ്ങനെ ചുരുങ്ങിയ തുക മാത്രമാണു ചേംബർ സ്റ്റാംബിംഗിനു ചെലവാകുന്നത്.

ഹജ്ജ് സീസൺ ആകുന്നതിനു മുംബായി സാധാരണയായി വിസിറ്റിംഗ് വിസ അപേക്ഷകൾ തള്ളാറുണ്ട്. അനധികൃതമായി കുടുംബത്തെ ഹജ്ജ് ചെയ്യാൻ അവസരമൊരുക്കുന്നതിനെ തടയുകയാണു ഇതിൻ്റെ പിറകിലെന്നാണു അറിയാൻ സാധിക്കുന്നത്. അത് കൊണ്ട് തന്നെ മുസ്ലിംകളുടെ വിസിറ്റിംഗ് വിസ അപേക്ഷകൾ തള്ളുംബോഴും അമുസ്ലിംകൾക്ക് വിസിറ്റിംഗ് വിസ അനുവദിക്കുന്നത് കാണാറുണ്ട്.

ഈ വർഷം മുൻ കാലങ്ങളേക്കാൾ പ്രവാസി കുടുംബങ്ങൾ സൗദിയിൽ വിസിറ്റിംഗ് വിസയിലെത്തിയതായാണു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഉറങ്ങിക്കിടന്ന സൗദിയിലെ പല സൂഖുകളും വിസിറ്റിംഗിനെത്തിയ പ്രവാസി കുടുംബങ്ങളുടെ സാന്നിദ്ധ്യത്തോടെ വീണ്ടും ഉണർന്നതായാണു റിപ്പോർട്ട്.

ഫാമിലി ലെവി കാരണം എക്സിറ്റ് അടിച്ച് നാട്ടിൽ സ്ഥിരമായ മലയാളി പ്രവാസി കുടുംബങ്ങളും ഈ വെക്കേഷനിൽ വീണ്ടും സൗദിയിലേക്ക് പറക്കുന്നുണ്ട്. റമളാൻ മാസവും വെക്കേഷനും ഒരേ സമയം ആയതിനാൽ ഇരട്ടി മധുരമാണു കുടുംബങ്ങൾക്ക് ലഭ്യമാകുന്നത്.

റി എൻട്രിക്ക് പ്രതി മാസ ഫീസ് വന്നതിനു ശേഷം ഫാമിലി വിസ നില നിർത്തി കുടുംബത്തെ ഒരു വർഷത്തേക്ക് നാട്ടിൽ ലീവിനു പറഞ്ഞയക്കുന്ന സിസ്റ്റമെല്ലാം മാറ്റി ഫാമിലിയെ എക്സിറ്റ് അടിച്ച് വെക്കേഷനിൽ വിസിറ്റിംഗിനു കൊണ്ട് വരുന്ന സിസ്റ്റം പ്രവാസികളിൽ പലരും നടപ്പാക്കിത്തുടങ്ങിയിട്ടുണ്ട്. ഇത് മൂലം ഫാമിലി ലെവി ഇനത്തിലുള്ള തുക കൂടി കുടുംബ നാഥനു ലാഭമാണ്.

അതേ സമയം സീസൺ കണ്ടറിഞ്ഞ് ടിക്കറ്റ് വില വർധിപ്പിക്കുന്ന വിമാനക്കംബനികളുടെ പതിവ് രീതി പല പ്രവാസി കുടുംബങ്ങൾക്കും വലിയ ഭാരമായിട്ടുമുണ്ട്. വെക്കേഷൻ തീരുന്നതോടെ നാട്ടിൽ തന്നെ തിരിച്ചെത്തൽ നിർബന്ധമാകുന്നതിനാൽ പലർക്കും ടിക്കറ്റുകൾക്ക് ഉയർന്ന വില കൊടുത്ത് വാങ്ങേണ്ട അവസ്ഥയാണു സംജാതമായത്.

ഏതായാലും നിരവധി ഇഖാമ പ്രഫഷനുകൾക്ക് വിസിറ്റിംഗ് വിസ വളരെ എളുപ്പത്തിൽ ലഭ്യമാകുന്നുണ്ടെന്നതിനാൽ പ്രവാസികളിൽ പലരും ഒരു തവണയെങ്കിലും കുടുംബത്തെ കൊണ്ട് വരാൻ ശ്രമിക്കുന്ന പ്രവണത വർധിച്ചിട്ടുണ്ട്. പ്രഫഷൻ പ്രശ്നം കാരണം വിസിറ്റിംഗിനു കുടുംബത്തെ കൊണ്ട് വരാൻ സാധിക്കാത്തവർ കുടുംബത്തെ ഉംറക്കെങ്കിലും കൊണ്ട് വരുന്നത് കാണാൻ സാധിക്കുന്നുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്