Monday, September 23, 2024
Top StoriesU A E

സജി ചെറിയാന്റെ പള്ളിയിൽ ദിവസവും നോമ്പ് തുറക്കുന്നത് 700ലധികം പേർ

ദുബായ്: ബിസിനസുകാരനും, യു എ ഇ യിലെ മലയാളി പ്രവാസിയുമായ സജി ചെറിയാൻ ഇഫ്താർ വിരുന്നൊരുക്കുന്നത് 700 ലധികം പേർക്ക്. ക്രിസ്തുമത വിശ്വാസിയായ സജിചെറിയാൻ സ്വന്തമായി പണികഴിപ്പിച്ച മുസ്ലിം പള്ളിയിലാണ് വിശ്വാസികൾക്കായി ഇഫ്താർ സംഘടിപ്പിക്കുന്നത്. മറിയം ഉമ്മു ഈസ എന്ന് നാമകരണം ചെയ്തിട്ടുള്ള പള്ളി ഫുജൈറയിലെ അൽ ഹായിൽ വ്യവസായ മേഖലയിലാണ് പണി കഴിപ്പിച്ചിട്ടുള്ളത്.

നാട്ടിൽ പല ബിസിനസ്സുകളും നടത്തി അതെല്ലാം പരാജയപ്പെട്ട് ലോണും ബാധ്യതകളുമായി കടം കൊണ്ട് വീർപ്പുമുട്ടി നാട്ടിൽ നിൽക്കാൻ പറ്റാത്ത അവസ്ഥയിലാണ് സജി ചെറിയാൻ ഗൾഫിലേക്ക് വിമാനം കയറുവാൻ തീരുമാനിക്കുന്നത്. 2003 ൽ യു എ ഇ യിലെത്തുമ്പോൾ കയ്യിലുണ്ടായിരുന്നത് വെറും 630 ദിർഹം മാത്രം. അവിടന്നങ്ങോട്ട് കഠിനപ്രയത്നത്തിലൂടെയാണ് ഇന്ന് ഫുജൈറയിൽ അറിയപ്പെടുന്ന ബിസിനസ്‌കാരനായി സജി ചെറിയാൻ മാറിയത്.

ഒരു സാധാ കൺസ്ട്രക്ഷൻ ജോലിക്കാരനായിട്ടായിരുന്നു തുടക്കം. പിന്നീട് ഗൾഫിലും ചെറിയ ബിസിനസ്സുകൾ നടത്തി അവയും പരാജയപ്പെട്ടു. തുടർന്ന് ഒരു സ്വദേശിയുടെ സഹായത്തോടെ 100 മുറികളുള്ള ഒരു ലേബർ കാമ്പ് തുടങ്ങി. അവിടന്നങ്ങോട്ടാണ് പിന്നീട് സജി ചെറിയാന്റെ വളർച്ച ആരംഭിച്ചത്.

പള്ളി നിർമ്മിക്കുന്നതിന് മുൻപ് ഇദ്ദേഹം സ്ഥിരമായി ഇഫ്താർ ടെന്റുകളിൽ പോയി ജോലിക്കാർക്ക് ഭക്ഷണം വിതരണം ചെയ്യാറുണ്ടായിരുന്നു. പള്ളിയിൽ പോവാൻ ജോലിക്കാർ കുറെ ദൂരം വെയിലും കൊണ്ട് നടക്കുന്നത് കണ്ടിട്ടാണ് സ്വന്തമായി ഒരു പള്ളി നിർമ്മിക്കാൻ സജി ചെറിയാൻ തീരുമാനിച്ചത്. തുടർന്ന് ഫുജൈറയിലെ ബന്ധപ്പെട്ട വകുപ്പിൽ നിന്ന് ആവശ്യമായ അനുമതികൾ കരസ്ഥമാക്കുകയും പള്ളിയുടെ നിർമ്മാണം ആരംഭിക്കുകയുമായിരുന്നു.

പണി ആരംഭിച്ചപ്പോൾ വിവിധ കോണുകളിൽ നിന്ന് സഹായവുമായി പലരും വന്നെങ്കിലും എല്ലാ ചെലവുകളും സ്വന്തമായി തന്നെ വഹിച്ചാണ് 13 ലക്ഷം ദിർഹം ചിലവിട്ട് അദ്ദേഹം പള്ളിയുടെ നിർമ്മാണം പൂർത്തിയാക്കിയത്. ഫുജൈറയിലെ അറബ് പ്രമുഖരുടെയടക്കം സാന്നിധ്യത്തിൽ കഴിഞ്ഞ റമദാനിൽ നടന്ന ഇഫ്താർ സംഗമത്തിലായിരുന്നു പള്ളി വിശ്വാസികൾക്കായി തുറന്നു കൊടുത്ത്.

കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ, പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ എന്നിവരാണ് പള്ളിയുടെ വഖഫ് പ്രഖ്യാപനം നടത്തിയത്. വിവിധ രാജ്യക്കാരായ നിരവധി ഇസ്ലാംമത വിശ്വാസികൾക്ക് ആശ്വാസകേന്ദ്രമായ ഈ പള്ളി മലയാളിയുടെ മതസൗഹാർദ്ദത്തിന്റെ പ്രതീകമായി തലയുയർത്തി നിൽക്കുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q