Monday, September 23, 2024
Saudi ArabiaTop Stories

കഫീൽ വേണ്ട, സ്വന്തം ഇഷ്ട പ്രകാരം സൗദിയിൽ നിന്ന് പുറത്ത് പോകാം; പുതിയ ഇഖാമയിലെ ആനുകൂല്യങ്ങൾ നിരവധി

കഴിഞ്ഞ ദിവസം സൗദി ശൂറാ കൗൺസിൽ അംഗീകരിച്ച ഗ്രീൻ കാർഡ് മോഡലിലുള്ള ഇഖാമ നിലവിൽ വന്നാൽ പ്രവാസികൾക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ നിരവധിയാണ്.

ഉയർന്ന സാംബത്തിക പശ്ചാത്തലമുള്ളവർക്കും വിവിധ മേഖലകളിൽ പ്രാവീണ്യം ലഭിച്ച വിദഗ്ധർക്കും പുതിയ ഇഖാമ ലഭിക്കുമെന്നാണു റിപ്പോർട്ടുകൾ പറയുന്നത്. ഇത്തരം വ്യക്തികൾക്ക് സൗദിയിൽ സ്‌പോൺസറുടെ ആവശ്യമുണ്ടാകില്ല എന്നതാണ് ഇതിൽ പ്രധാനം.

ഈ ഇഖാമ ലഭിച്ചവർക്ക് ജോലിക്കാരെ വിദേശത്ത് നിന്ന് സ്വന്തം നിലക്ക് സൗദിയിലേക്ക് റിക്രൂട്ട് ചെയ്യാൻ സാധിക്കും. അതോടൊപ്പം ഭൂമി, പാർപ്പിടങ്ങൾ, വാഹനങ്ങൾ തുടങ്ങിയവയിൽ സ്വന്തമായി ഉടമാവകാശവുമുണ്ടായിരിക്കും.

നിലവിലെ നിതാഖാത്ത്, സൗദിവത്ക്കരണ സിസ്റ്റങ്ങളൊന്നും ഇവരെ ബാധിക്കുകയില്ലെന്നാണു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇഷ്ടമുള്ള സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യാൻ ഇവർക്ക് അനുമതിയുണ്ടായിരിക്കും.

സൗദി എയർപോർട്ടുകളിലെ പ്രത്യേക ക്യൂ ഈ ഇഖാമ ലഭിക്കുന്നവർക്ക് ഉപയോഗിക്കാൻ സാധിക്കും. അതോടൊപ്പം സൗദിയിൽ നിന്ന് പുറത്ത് പോകണമെങ്കിലും തിരിച്ച് വരണമെങ്കിലും ആരുടെയും അനുമതിയും ഇവർക്ക് ആവശ്യമില്ല.

അൺലിമിറ്റഡ് വാലിഡിറ്റി ഉള്ള ഇഖാമയും പുതുക്കാവുന്ന താത്ക്കാലിക ഇഖാമയുമാണു ഈ വിഭാഗത്തിൽ അനുവദിക്കുക. ഇത് ലഭിക്കുന്നതിനു ഗാരൻ്റി ആയി ഒരു തുക അടക്കേണ്ടതുണ്ട്. അതിനെക്കുറിച്ചുള്ള വിശദാംശങ്ങൾ താമസിയാതെ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു.

കാലാവധിയുള്ള പാസ്പോർട്ട്, സാംബത്തിക സ്ഥിതി വെളിപ്പെടുത്തുന്ന റിപ്പോർട്ട്, ആരോഗ്യ ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, ക്രിമിനൽ പശ്ചാത്തലമില്ലെന്നതിനുള്ള ക്ളിയറൻസ് സർട്ടിഫിക്കറ്റ് എന്നിവയാണു ഈ ഇഖാമ ലഭിക്കാൻ വേണ്ട യോഗ്യതകൾ.

അതേ സമയം വിദേശികളെ സൗദിയിൽ ദീർഘ കാലം താമസിക്കാൻ അനുവദിക്കുന്ന ഗോൾഡ് കാർഡ് പദ്ധതിയെക്കുറിച്ചും സൗദി തൊഴിൽ സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രാലയം കഴിഞ്ഞ മാസം പ്രഖ്യാപനം നടത്തിയിരുന്നു.

ഇങ്ങനെ ഗോൾഡ് കാർഡ് അനുവദിക്കുന്നതിനുള്ള സാധ്യതകളെക്കുറിച്ച് പഠനം നടത്തുന്നതിനു മന്ത്രാലയം കൺസൾട്ടൻ്റ് ടീമുകളോടും ഏജൻസികളോടും ആവശ്യപ്പെടുകയും ചെയ്തിരുന്നു.

ക്വാളിറ്റി ലൈഫ് പ്രോഗ്രാം 2020 നോടനുബന്ധിച്ചാണു ഗോൾഡ് കാർഡ് സിസ്റ്റം നിലവിൽ വരുന്നത്. 2018ൽ കൗൺസിൽ ഓഫ് എകണോമിക് ആൻ്റ് ഡെലവലപ്മെൻ്റ് അഫയേഴ്സ് ആണു ഇത് സംബന്ധിച്ച് തീരുമാനം കൈക്കൊണ്ടത്.

വിവിധ മേഖലകളിൽ വൈദഗ്ധ്യം ലഭിച്ച വ്യക്തികളെ സൗദിയിലേക്ക് ആകർഷിപ്പിച്ച്
വിദേശികളെ സൗദി സംസ്കാരവുമായി ഇടപഴകുന്നതിനും അത് വഴി വിദേശ സംസ്ക്കാരങ്ങളെ സൗദികളെ പരിചയപ്പെടുത്തുന്നതിനും അവസരമൊരുക്കുകയാണു ഗോൾഡ് കാർഡ് സിസ്റ്റം വഴി ഉദ്ദേശിക്കുന്നത്.

പുതിയ ഗ്രീൻ കാർഡ് മോഡൽ ഇഖാമ വഴി സൗദിയിലെക്ക് വിദേശ നിക്ഷേപകരെയും വിദഗ്ധരെയും ആകർഷിക്കാനാണു ലക്ഷ്യമിടുന്നതെങ്കിൽ ഗോൾഡ് കാർഡ് വഴി സൗദികൾക്ക് സാംസ്ക്കാരിക വിനിമയത്തിനു സഹായകരമാകുന്ന വിദേശികളായ പ്രഗത്ഭരെയാണു ഉദ്ദേശിക്കുന്നത്

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്