സൗദിയിൽ 8 ലക്ഷത്തിനടുത്ത് വിദേശികളെ നാട് കടത്തി
സൗദിയിൽ കഴിഞ്ഞ 18 മാസങ്ങൾക്കിടെ നടന്ന പരിശോധനകളിൽ 31,17,743 നിയമ ലംഘകരായ വിദേശികളെ അറസ്റ്റ് ചെയ്തതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. പൊതു മാപ്പ് അവസാനിച്ച ശേഷം 2017 നവംബർ മുതൽ ആരംഭിച്ച റെയ്ഡുകളിലാണു ഇത്രയും പേർ അറസ്റ്റിലായത്. ജവാസാത്ത്, മക്തബുൽ അമൽ അടക്കം 19 വിവിധ സർക്കാർ ഡിപ്പാർട്ടുമെൻ്റുകളാണു റെയ്ഡുകളിൽ ഭാഗമായത്.
ഇഖാമ, തൊഴിൽ, അതിർത്തി നിയമ ലംഘനങ്ങൾ നടത്തിയവരാണു അറസ്റ്റിലായത്. അറസ്റ്റിലായവരിൽ 7,81,314 പേരെ നാടു കടത്തിയിട്ടുണ്ട്. 4,18,944 നിയമ ലംഘകരുടെ യാത്രാ രേഖകൾ അവരവരുടെ കോൺസുലേറ്റുകളും എംബസികളും വഴി ശരിയാക്കിക്കൊണ്ടിരിക്കുകയാണ്. 5,28,363 പേരുടെ നാട് കടത്തൽ സംബന്ധിച്ച നടപടികൾ പൂർത്തിയായിക്കഴിഞ്ഞു.
10,196 പുരുഷന്മാരും 1664 സ്ത്രീകളുമടക്കം 11,860 പേർ സൗദിയിലെ വിവിധ ഭാഗങ്ങളിൽ തടവിലുണ്ട്. 3811 പേർ അനധികൃത താമസക്കാർക്ക് യാത്രാ, താമസ സൗകര്യങ്ങൾ ചെയ്ത് കൊടുത്തതിനു പിടിക്കപ്പെട്ടിട്ടുണ്ട്.
2017 മാർച്ചിലായിരുന്നു നിയമ ലംഘകരില്ലാത്ത രാജ്യം എന്ന ടൈറ്റിലിൽ സൗദി ആഭ്യന്തര മന്ത്രാലയം പൊതു മാപ്പ് പ്രഖ്യാപിച്ചത്. ആദ്യം 3 മാസത്തേക്ക് പ്രഖ്യാപിച്ച പൊതു മാപ്പ് കാലാവധി പിന്നീട് വിവിധ സന്ദർഭങ്ങളിൽ നീട്ടി നൽകിയിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa