സൗദിയിൽ കഫാല സിസ്റ്റം ഒഴിവാക്കണമെന്ന് ശൂറാ മെമ്പർ
സൗദിയിൽ സ്പോൺസർഷിപ്പ് (കഫാല) സിസ്റ്റം ഒഴിവാക്കണമെന്ന് സൗദി ശൂറാ കൗൺസിൽ മെംബർ ഫഹദ് ബിൻ ജുമുഅ ആവശ്യപ്പെട്ടു. കഴിഞ്ഞ ആഴ്ച അംഗീകരിച്ച പ്രിവിലേജ് ഇഖാമക്കാർക്ക് സ്പോൺസറുടെ ആവശ്യമില്ലെന്നിരിക്കെ എല്ലാ തരം ഇഖാമയുള്ളവർക്കും സ്പോൺസർഷിപ്പ് ഇല്ലാതാക്കണമെന്ന ശൂറാ മെംബറുടെ ആവശ്യം പ്രാധ്യാന്യം അർഹിക്കുന്നതാണ്.
കഫാല സിസ്റ്റം ഒഴിവാക്കുന്നത് ബിനാമി ബിസിനസുകൾ ഇല്ലാതാക്കാനും രഹസ്യ ധന വിനിമയം നിയന്ത്രിക്കാനും സഹായകരമാകുമെന്നാണു ശൂറാ മെംബറുടെ അഭിപ്രായം.
കഫീൽ ഇല്ലാതാകുന്നതോടെ ബിനാമി സംവിധാനം തന്നെ ഇല്ലാതാകും. ഇതോടെ സൗദി യുവാക്കൾക്ക് ധാരാളം തൊഴിലവസരങ്ങൾ ലഭ്യമാകുകയും ചെറു കിട സ്ഥാപനങ്ങൾ സൗദികൾക്ക് തന്നെ ഉടമാവകാശത്തോടു കൂടി നടത്താൻ സാധിക്കുകയും ചെയ്യും.
കഫാല സിസ്റ്റം ഒഴിവാകുന്നതോടെ സകാത്ത് അടക്കുന്നതിൽ നിന്നും, ഗവണ്മെൻ്റ് ഫീസുകൾ അടക്കുന്നതിൽ നിന്നുമെല്ലാം വിദേശികൾ രക്ഷപ്പെടുന്നത് ഇല്ലാതാകും. കഫീൽ ഇല്ലാത്തതിനാൽ തൊഴിലാളി തന്നെ തൻ്റെ എല്ലാ പിഴവുകൾക്കും പൂർണ്ണമായും ഉത്തരവാദിയാകുമെന്നും ഫഹദ് ബിൻ ജുമുഅ അഭിപ്രായപ്പെട്ടു.
കഴിഞ്ഞയാഴ്ച സൗദി ശൂറാ കൗൺസിൽ അംഗീകരിച്ച പ്രിവിലേജ് ഇഖാമ ലഭിക്കുന്നവർ കഫാല സിസ്റ്റത്തിൽ നിന്നെല്ലാം ഒഴിവാണെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. പ്രിവിലേജ് ഇഖാമ ലഭിക്കുന്നവർക്ക് സൗദിയിൽ നിന്നും പുറത്തേക്കും തിരിച്ചും ആരുടെയും അനുമതിയില്ലാതെ തന്നെ പോയി വരാനും എയർപോർട്ടുകളിലെ സ്പെഷ്യൽ ക്യൂ ഉപയോഗിക്കാനും സാധിക്കും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa