സ്‌പെഷ്യൽ ഇഖാമ ലഭിച്ചവർക്കും കുടുംബത്തിനും ലെവിയില്ല; സൗദിവത്കൃത തൊഴിലുകളിൽ ഏർപ്പെടാൻ സാധിക്കില്ല
റിയാദ്: സ്‌പെഷ്യൽ ഇഖാമ ലഭിച്ചവർക്ക് വിവിധ ആനുകൂല്യങ്ങൾ ലഭിക്കുമെങ്കിലും സൗദിവത്ക്കരണം നിർബന്ധമാക്കിയ തൊഴിൽ മേഖലകളിൽ ജോലി ചെയ്യാൻ അനുമതിയുണ്ടാകില്ലെന്ന് അധികൃതർ വ്യക്തമാക്കി.
അതേ സമയം സ്പെഷ്യൽ ഇഖാമ ലഭിച്ചയാൾക്കോ അയാളുടെ കുടുംബത്തിനോ ലെവിയോ ഫാമിലി ലെവിയോ ബാധകമാകില്ലെന്നും അധികൃതർ അറിയിച്ചു. ഭാര്യയെയും പെൺകുട്ടികളെയും 21 വയസ്സിനു താഴെയുള്ള ആൺകുട്ടികളെയും സ്പെഷ്യൽ ഇഖാമ ലഭിച്ചയാൾക്ക് ആശ്രിത്രരായി കൂടെ താമസിപ്പിക്കാം.
അതോടൊപ്പം ബന്ധുക്കളെയെല്ലാം സൗദിയിലേക്ക് വിസിറ്റ് വിസക്ക് കൊണ്ട് വരാനും ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനും സ്പെഷ്യൽ ഇഖാമയിൽ അനുമതിയുണ്ട്.
സ്പെഷ്യൽ ഇഖാമ ഹോൾഡർക്ക് ഏത് സ്വകാര്യ സ്ഥാപനത്തിലും ജോലി ചെയ്യാം. ഇഷ്ടമുള്ള സമയം തൊഴിൽ ഉപേക്ഷിച്ച് മറ്റു സ്ഥാപനങ്ങളിലേക്ക് മാറാം. ഇഖാമ ഹോൾഡറുടെ കുടുംബാംഗങ്ങൾക്കും ഇതേ ആനുകൂല്യമുണ്ടാകുമെന്നാതാണു പ്രത്യേകത.
മക്ക, മദീന, അതിർത്തി പ്രദേശങ്ങളിലൊഴികെ സ്വത്ത് വകകൾ കൈവശപ്പെടുത്താനും വാഹനങ്ങൾ സ്വന്തം പേരിലാക്കാനും അനുമതിയുള്ളതിനു പുറമെ എയർപോർട്ടിൽ സൗദി പൗരന്മാർക്ക് മാത്രമുള്ള കൗണ്ടറുകൾ ഉപയോഗിക്കാനും ആരുടെയും അനുമതിയില്ലാതെ പുറത്ത് പോകാനും തിരികെ വരാനുമുള്ള സ്വാതന്ത്ര്യവുമുണ്ടായിരിക്കും.
സ്പെഷ്യൽ ഇഖാമ സിസ്റ്റം മന്ത്രി സഭയും അംഗീകരിച്ചതോടെ ഞായറാഴ്ച മുതൽ സംവിധാനം പ്രാബല്യത്തിൽ വന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 8 ലക്ഷം റിയാൽ ഫീസ് നൽകുന്ന യോഗ്യതയുള്ളവർക്ക് പരിധിയില്ലാതെ സൗദിയിൽ താമസിക്കാനും 1 ലക്ഷം റിയാൽ ഫീസ് നൽകുന്നവർക്ക് പുതുക്കാവുന്ന ഒരു വർഷത്തേക്കുള്ള ഇഖാമയുമാണു അനുവദിക്കുക.
ഒരു ലക്ഷം റിയാലോ രണ്ട് മാസം തടവോ ലഭിക്കുന്ന കുറ്റകൃത്യങ്ങളിൽ പെടുന്നവരുടെയും സൗദിയിൽ നിന്ന് നാടു കടത്താൻ കോടതി വിധിച്ചവരുടെയും സ്പെഷ്യൽ ഇഖാമകൾ റദ്ദാക്കും. അപേക്ഷകൻ സ്വയം വേണ്ടെന്ന് വെച്ചാലും മരിച്ചാലും നൽകിയ വിവരങ്ങൾ തെറ്റാണെന്ന് ബോധ്യപ്പെട്ടാലും രാജ്യത്തിൻ്റെ നിബന്ധനകൾ പാലിക്കാതിരുന്നാലും സ്പെഷ്യൽ ഇഖാമ കാൻസൽ ചെയ്യും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa