Sunday, September 22, 2024
SharjahTop Stories

യു എ ഇ യിൽ പിഞ്ചു കുഞ്ഞിനെ പള്ളിയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

ഷാർജ: ഏഴ് ദിവസം മാത്രം പ്രായമായ പെൺകുഞ്ഞിനെ ഷാർജയിൽ നസാവിയിലെ ഒരു പള്ളിയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ചൊവ്വാഴ്ച രാവിലെ പ്രഭാത നമസ്കാരത്തിന് ബാങ്ക് കൊടുക്കുന്നതിന്റെ തൊട്ടു മുൻപാണ് തുണിയിൽ പൊതിഞ്ഞ നിലയിൽ കുഞ്ഞിനെ കണ്ടെത്തിയത്.

കുഞ്ഞിനെ കണ്ട ഉടനെ ഇമാം പോലീസിനെ വിവരം അറിയിക്കുകയും, സ്ഥലത്തെത്തിയ പോലീസ് ഉടനെ തന്നെ കുഞ്ഞിനെ അൽ ദൈദ് ഹോസ്പിറ്റലിലേക്ക് മാറ്റുകയും ചെയ്തു. കുഞ്ഞ് ആരോഗ്യവതിയാണെന്ന് പിന്നീട് പോലീസ് അറിയിച്ചു.

ഒരാഴ്ചത്തേക്ക് കുഞ്ഞിന്റെ സംരക്ഷണം ആശുപത്രി അധികൃതർ ഏറ്റെടുക്കും. അതിനു ശേഷം ഷാർജയിൽ സാമൂഹ്യ സേവന വിഭാഗത്തിന്റെ കീഴിലുള്ള ചൈൽഡ് പ്രൊട്ടക്ഷൻ സെന്ററിലേക്ക് മാറ്റുമെന്ന് പോലീസ് അറിയിച്ചു . കുഞ്ഞിന്റെ മാതാപിതാക്കളെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചതായും പോലീസ് പറഞ്ഞു.

ഷാർജയിൽ ഈ വര്ഷം ഇത്തരത്തിൽ കുഞ്ഞുങ്ങളെ പള്ളിയിൽ ഉപേക്ഷിക്കപ്പെടുന്ന രണ്ടാമത്തെ സംഭവമാണ് ഇത്. ഷാർജാ റാസൽഖൈമ അതിർത്തിയിലെ അൽ ഷൗക്ക ഏരിയയിലെ ഒരു പള്ളിയിൽ മൂന്ന് ദിവസം പ്രായമായ ഒരു ആൺകുട്ടിയെ ഇത് പോലെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു. തുണിയിൽ പൊതിഞ്ഞ് ഒരു പെട്ടിയിലാക്കിയ നിലയിലായിരുന്നു കുഞ്ഞിനെ കണ്ടെത്തിയിരുന്നത്.

ഇത്തരത്തിൽ നവജാത ശിശുക്കളെ ഉപേക്ഷിക്കുന്ന സംഭവങ്ങൾ രാജ്യത്ത് വർധിച്ചു വരുന്നുണ്ട്. വിവാഹേതര ബന്ധത്തിലൂടെ ജനിക്കുന്ന കുഞ്ഞുങ്ങളെ, നിയമപരമായ പ്രത്യാഘാതങ്ങൾ ഭയന്നാണ് പലരും ഉപേക്ഷിക്കുന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q