അടുക്കളയുടെ കരിമ്പുകയിൽ നിന്ന് സാഹിത്യലോകത്തേക്ക് ഒരു വീട്ടമ്മ.
കാളികാവ്: അക്ഷരങ്ങളെ ധ്യാനിക്കുകയും എഴുത്തിനെ സ്നേഹിക്കുകയും ചെയ്യുന്ന ഒരു വീട്ടമ്മ കൂടി അടുക്കളയിൽ നിന്ന് അരങ്ങത്തെത്തുന്നു. ഒന്നല്ല, രണ്ട് പുസ്തകങ്ങൾ ഒന്നിച്ച് അനുവാചകർക്ക് സമ്മാനിച്ചാണ് മുംതാസ് മുഹമ്മദ് എന്ന വീട്ടമ്മ സാഹിത്യ ലോകത്തേക്ക് കാലെടുത്തു വെക്കുന്നത്.
കാളികാവ് അഞ്ചച്ചവടി കറുത്തേനി സ്വദേശിനി മുംതാസ് മുഹമ്മദാണ് അരങ്ങേറ്റം നടത്തുന്നത്. “കത്തിത്തീരാത്തൊരാത്മാവ്” എന്ന കവിതാ സമാഹാരവും, വിഖ്യാതമായ ഒരു സാഹിത്യ കൃതിയുടെ സ്വതന്ത്ര പരിഭാഷയായ “വികൃതിയുടെ കൂട്ടുകാരി” എന്ന ബാലസാഹിത്യ കൃതിയുടെ സ്വതന്ത്ര പരിഭാഷയുമാണ് മുംതാസ് മുഹമ്മദിന്റെതായി പുറത്തിറങ്ങുന്നത്.
ഇതിനു പുറമേ ആൻ ഫ്രാങ്കിന്റെ ജീവിതത്തെക്കുറിച്ചുള്ള നോവലും കുട്ടികൾക്കും മുതിർന്നവർക്കുമുള്ള രണ്ട് നോവലുകളുടെ പണിപ്പുരയിലുമാണ് മുംതാസ്. ഇവ ഈ വർഷം തന്നെ പുറത്തിറങ്ങും. എഴുത്തിന്റെ പാരമ്പര്യത്തിൽ നിന്നല്ല മുംതാസിന്റെ വരവ്. അനുഭവങ്ങളുടെ ആഴത്തിൽ നിന്നാണ് അവർ എഴുത്തിലേക്കുള്ള വിത്തു നനച്ചെടുക്കുന്നത്.
പല രചനകളും ഒളിച്ചിരുന്നെഴുതിയവയാണെന്നും മുംതാസ് മുഹമ്മദ് പറയുന്നു. പാo പുസ്തകത്തിനപ്പുറത്ത് മറ്റൊരു പുസ്തകവും വായിക്കാൻ സ്വാതന്ത്ര്യമില്ലാത്ത വീട്ടിലായിരുന്നു ബാല്യം. അതു കൊണ്ടു തന്നെ ഒളിച്ചും പാത്തുമായിരുന്നു എഴുത്തും വായനയും. വിവാഹ ശേഷം പത്രം പോലും വായനയുണ്ടായിരുന്നില്ല. എങ്കിലും ഒഴിവുവേളകളിൽ നോട്ടുബുക്കുകളിൽ പലതും കുത്തിക്കുറിച്ചു.
30 കവിതകളടങ്ങിയതാണ് കത്തിത്തീരാതൊരാത്മാവ് എന്ന കവിതാ സമാഹാരം. 60 രൂപയാണ് വില. വികൃതിയുടെ കൂട്ടുകാരിക്ക് 110 രൂപയും. രണ്ട് പുസ്തകങ്ങളും പ്രസിദ്ധീകരിച്ചിരിക്കുന്നത് മലപ്പുറം പേരക്ക ബുക്സാണ്. ജൂലൈ 30ന് ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് ജന്മനാടായ കറുത്തേനിയിൽ യുവധാര സാംസ്കാരിക വേദി സംഘടിപ്പിക്കുന്ന ചടങ്ങിൽ നിരൂപകയായ ജ്യോതിക യുവ കഥാകാരി റൂബി നിലമ്പൂരിന് നൽകി കത്തിത്തീരാത്തൊരാത്മാവും, അബു ഇരിങ്ങാട്ടിരി കഥാകൃത്ത് എൻ.അബ്ദുൽ ഗഫൂറിന് നൽകി വികൃതിയുടെ കൂട്ടുകാരിയും പ്രകാശനം നിർവഹിക്കും.
മാവുങ്ങൽ മുഹമ്മദിന്റെയും സൈനബയുടെയും മകളായ ഇവർ അകാലത്തിൽ വിധവയായി എഴുത്തിലും വായനയിലുമായി കഴിഞ്ഞുകൂടുകയാണ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa