ചെറുകിട സ്ഥാപനങ്ങൾക്കുള്ള ലെവി ഇളവ് നിർത്തിയതായി റിപ്പോർട്ട്
സ്വദേശിവത്ക്കരണം പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായി സ്വകാര്യ മേഖലയിലെ വിദേശ തൊഴിലാളികൾക്ക് ഏർപ്പെടുത്തിയിരുന്ന ലെവിയിൽ നിന്ന് ഇളവ് അനുവദിച്ചിരുന്ന ചെറു കിട സ്ഥാപനങ്ങൾക്കും ഇപ്പോൾ ലെവി ബാധകമാകാൻ തുടങ്ങിയതായി റിപ്പോർട്ട്.
ചെറു കിട സ്ഥാപനങ്ങളിൽ ജോലി ചെയ്തിരുന്ന, ഇത് വരെ ലെവി അടക്കാതിരുന്ന പലരും കഴിഞ്ഞ ദിവസങ്ങളിൽ ഇഖാമ പുതുക്കാൻ ശ്രമിച്ചപ്പോൾ ലെവി അടക്കേണ്ടി വന്ന അനുഭവം മെസ്സേജുകളിലൂടെ പങ്ക് വെച്ചിരുന്നു.
4 വിദേശികളുള്ള ചെറുകിട സ്ഥാപനങ്ങൾക്ക് പൂർണ്ണമായും 9 വിദേശികളുള്ള ചെറു കിട സ്ഥാപനങ്ങളിലെ 4 തൊഴിലാളികൾക്കുമായിരുന്നു ഇത് വരെ ലെവിയിൽ ഇളവ് അനുവദിച്ചിരുന്നത്.
കഴിഞ്ഞ ജനുവരിയിൽ പ്രസിദ്ധീകരിച്ച പ്രമുഖ സൗദി ദിനപത്രത്തിൽ 4 മാസങ്ങൾക്ക് ശേഷം ചെറുകിട സ്ഥാപനങ്ങൾക്കുള്ള ലെവിയിലുള്ള ഇളവ് നിർത്തൽ ചെയ്യുമെന്ന് വാർത്ത വന്നിരുന്നു. അതേ സമയം ഒരു ചോദ്യത്തിനു മറുപടിയായി തൊഴിലുടമ ആ സ്ഥാപനത്തിൽ ജോലി ചെയ്യുന്നില്ലെങ്കിൽ മാത്രമാണു ലെവി ഇളവ് ലഭിക്കുക എന്നും തൊഴിൽ മന്ത്രാലയം ഇക്കഴിഞ്ഞ മാർച്ചിൽ അറിയിക്കുകയും ചെയ്തിരുന്നു.
ഏതായാലും ചെറു കിട സ്ഥാപനങ്ങൾക്കുള്ള ലെവി ഇളവ് നിർത്തൽ ചെയ്തതായി ഇത് വരെ ഔദ്യോഗിക റിപ്പോർട്ടുകളൊന്നും ശ്രദ്ധയിൽ പെട്ടിട്ടില്ലെങ്കിലും പലർക്കും കഴിഞ്ഞ ദിവസങ്ങളിൽ ലെവി അടക്കേണ്ടി വന്നതായ അനുഭവങ്ങൾ നിരവധി പ്രവാസികളെ ആശങ്കയിലാക്കിയിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa