Sunday, September 22, 2024
Special Stories

മലനാടൻ ഗ്രാമീണ യുവാവ് യൂറോപ്യൻ യൂണിയന്റെ സാമ്പത്തിക തലപ്പത്ത്

പഠന ഗവേഷണ മികവും കഠിനാദ്ധ്വാനവും അത്യുത്സാഹവും വഴി ഒരു മലനാടൻ ഗ്രാമീണ യുവാവ് യൂറോപ്യൻ യൂണിയന്റെ സാമ്പത്തിക തലപ്പത്ത്. മാനവികതയും സാമൂഹ്യ ശാസ്ത്രവും പഠിച്ച് സാമ്പത്തിക ശാസ്ത്രജ്ഞനായി മാറിയ ഡോ. നബീൽ അജ്മലാണ് മലപ്പുറം ജില്ലയിലെ കാളികാവെന്ന മലയോര നാടിന് അഭിമാനമായി മാറിയിരിക്കുന്നത്.

കാളികാവ് തണ്ടു കോട് സ്വദേശി മാഞ്ചേരി സൈനുദ്ദീൻ കുരിക്കളുടെ മകൻ DR നബീൽ അജ്മലാണ് സ്തുത്യർഹമായ നേട്ടത്തിനുടമ. യൂറോപ്യൻ യൂണിയന്റെ കീഴിൽ ബ്രസൽസിലെ ഗ്ലോബൽ റയർ എർത്ത് ഇന്റസ്ട്രി അസോസിയേഷൻ സെക്രട്ടറി ജനറലായാണ് നബീലിന് നിയമനം ലഭിച്ചത്.

യൂറോപ്പിന്റെ അപൂർവ്വഭൗമ വ്യവസായത്തിന്റെ അമരം ഈ മലയാളി യുവാവിന്റെ കൈകളിലാണെന്നുള്ളത് രാജ്യത്തിനും നേട്ടമാണ്.
ലോകത്തിന്റെ ഗതിവിഗതികളുടെയും സാമൂഹിക സൈനിക സാമ്പത്തിക നിലനിൽപ്പിന്റെയും ആധാരം പുത്തൻ സാമ്പത്തിക നയങ്ങളാണെന്ന് തിരിച്ചറിഞ്ഞകാലത്ത് പ്രത്യേകിച്ചും.

നബീലിന്റെ പഠന കാലം ദാരിദ്ര്യത്തിന്റെയും അസൗകര്യങ്ങളുടെയും കാലമായിരുന്നു. ആമപ്പൊയിൽ ജി എൽ പി.സ്ക്കൂളിൽ തുടങ്ങി JNU, ജാമിയ മില്ലിയ, ബാങ്കളൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, എന്നിവിടങ്ങളിലെ പഠനങ്ങളും ഓസ്ട്രേലിയ, ജപ്പാൻ, നെതർലന്റ്, അമേരിക്ക, എന്നിവിടങ്ങളിലെ ഗവേഷണ ഉപരിപഠനങ്ങളും നബീലിനെ ഉൾക്കാഴ്ചയുള്ള സാമ്പത്തിക ശാസ്ത്രജ്ഞനാക്കി മാറ്റി.

ചൈനയുടെ വ്യാവസായികവും സാമ്പത്തികവുമായ പുരോഗതി പഠന വിഷയമാക്കിയ നബീൽ ഭൗമ വ്യവസായത്തിന്റെ സാധ്യത ലോകത്തിനു മുന്നിൽ തുറന്നു വെച്ചു. ബാങ്കളൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ അസിസ്റ്റന്റ് പ്രഫസറായി ജോലി നോക്കവെ ഭൗമ വ്യവസായ സാധ്യതയിൽ തുടർപഠനത്തിന് ജപ്പാനിൽ നിന്ന് സ്കോളർഷിപ്പ് ലഭിച്ചു.

ചൈനയും അമേരിക്കയും തമ്മിലുള്ള വ്യാപാര അസ്വാരസ്യങ്ങൾ ആഗോള ഭൗമ വ്യവസായത്തെ ബാധിക്കുമെന്ന ഭീഷണിക്കിടെ 2019 ജൂൺ 26 ന് ബ്രസൽസിൽ വെച്ച് നടന്ന 12 അംഗ രാജ്യങ്ങളുടെ യോഗത്തിൽ വെച്ചാണ് നബീലിനെ ആർ.ഇ.ഐ.എ യുടെ ഉന്നതാധികാരിയായി നിയോഗിച്ചത്.
മുമ്പ് ബെൽജിയത്തിലെ LEUVEN യൂണിവേഴ്സിറ്റിയിലെ മുതിർന്ന ഗവേഷകനും പ്രോജക്ട് മാനേജരുമായിരുന്നു.

അമേരിക്കയിലെ പ്രശസ്തമായ JHONHOPKINS യൂണിവേഴ്സിറ്റിയാണ് നബീലിനെ മികച്ച ഭൗമ ശാസ്ത്രഞ്ജനായി തിരഞ്ഞെടുത്തത്. പരിസ്ഥിതി ആഘാതം കുറച്ച് കൊണ്ട് ചൈന നേടിയ വ്യാവസായിക വിപ്ലവം മറ്റു രാജ്യങ്ങൾക്കും മാതൃകയാക്കാം എന്നാണു് നബീലിന്റെ പക്ഷം.

ദരിദ്രകുടുംബത്തിൽ ജനിച്ച് പഠനരംഗത്ത് അത്യധ്വാനം ചെയ്ത് നേടിയ വിജയത്തിൽ തനിക്ക് സ്കോളർഷിപ്പും മറ്റു സഹായങ്ങളും നൽകിയ സംഘടനകളെ നബീൽ നന്ദിപൂർവ്വം സ്മരിക്കുന്നു. പഠനകാലത്ത് പുസ്തകങ്ങൾ വാങ്ങുന്നതിനും സൈക്കിൾ എന്ന മഹാ മോഹം നേടുന്നതിനും പഠനത്തോടൊപ്പം ജോലി ചെയ്ത അനുഭവവും നബീൽ പങ്കുവെക്കുന്നു.

വളാഞ്ചേരി സ്വദേശിയായ റഹ്മത്ത് ബാരിയാണ് ഭാര്യ. ഇവർക്ക് രണ്ടു കുട്ടികളുമുണ്ട്. എഞ്ചിനിയറിംഗ് ബിരുദമുള്ള ഭാര്യ ബ്രസൽസിൽ ബയോസയൻസിൽ ഗവേഷകയാണ്.

കുഞ്ഞിമുഹമ്മദ് കാളികാവ്

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q