ഇഖാമ കാലാവധി അറിയണമെങ്കിൽ പോലും ഇനി അബ്ഷിർ നിർബന്ധം; പുതിയ അബ്ഷിർ പോർട്ടൽ ഏറെ ഉപകാരപ്രദം
സൗദി ആഭ്യന്തര മന്ത്രാലയത്തിൻ്റെ വിവിധ സേവനങ്ങൾ സ്വദേശികൾക്കും വിദേശികൾക്കും ലഭ്യമാക്കുന്ന ഓൺലൈൻ സംവിധാനമായ അബ്ഷിറിൻ്റെ മുഴുവൻ സേവനങ്ങളും പുതിയ വെബ്സൈറ്റിലേക്ക് മാറിയത് ഏറെ സൗകര്യ പ്രദമായെന്ന് അനുഭവസ്ഥർ വെളിപ്പെടുത്തുന്നു.
നേരത്തെ ആഭ്യന്തര മന്ത്രാലയത്തിൻ്റെ വെബ്സൈറ്റിൽ തന്നെ ലോഗിൻ ചെയ്യുംബോൾ ലഭ്യമായിരുന്ന അബ്ഷിർ സേവനങ്ങൾ ഇപ്പോൾ പുതിയ വെബ്സൈറ്റിലേക്ക് പൂർണ്ണമായും മാറിയിരിക്കുകയാണു.
www.moi.gov.sa എന്ന ആഭ്യന്തര മന്ത്രാലയത്തിൻ്റെ വെബ്സൈറ്റിൽ നിരവധി സേവനങ്ങളുടെ ബാഹുല്യമായിരുന്നെങ്കിൽ അബ്ഷിറിനു മാത്രമായുള്ള http://www.absher.sa/എന്ന പുതിയ വെബ്സൈറ്റിൽ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ആവശ്യമായ കാര്യങ്ങൾ മാത്രമാണു ഉൾപ്പെടുത്തിയിട്ടുള്ളത് എന്നത് ഏറെ സൗകര്യപ്രദമാണു.
അതേ സമയം അബ്ഷിർ അക്കൗണ്ട് മുഖേനെ ലോഗിൻ ചെയ്താൽ മാത്രമേ സേവനങ്ങൾ ലഭ്യമാകൂ എന്ന് പ്രത്യേകം ഓർക്കേണ്ടതുണ്ട്. അത് കൊണ്ട് തന്നെ ഇനിയും അബ്ഷിർ തുടങ്ങാത്തവരുണ്ടെങ്കിൽ അക്കൗണ്ട് തുടങ്ങാനും സേവനങ്ങൾ പ്രയോജനപ്പെടുത്തുകയും ചെയ്യാൻ മടിക്കരുത്.
നിലവിൽ നിരവധി സംവിധാനങ്ങളാണു അബ്ഷിർ വഴി ലഭ്യമാകുന്നത് എന്ന് പ്രത്യേകം ഓർക്കണം. കുടുംബത്തെ വിസിറ്റിംഗിനു കൊണ്ട് വന്നാൽ വിസ പുതുക്കാനും ആശ്രിതരുടെ പാസ്പോർട്ട് നഖ്ൽ മഅലൂമാത്ത് ചെയ്യാനും ആശ്രിതരുടെ റി എൻട്രി വിസകൾ ഇഷ്യു ചെയ്യാനും മറ്റു നടപടികൾക്കുമെല്ലാം അബ്ഷിർ സഹായകരമാകും.
അതോടൊപ്പം വ്യക്തികൾക്ക് അവരുടെ സ്വദേശങ്ങളിലേക്കും തിരിച്ചുമുള്ള യാത്രയുടെ വിവരങ്ങളും പാസ്പോർട്ടിലെ വിവരങ്ങൾ അപ്ഡേറ്റ് ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിനും മറ്റുമെല്ലാം അബ്ഷിർ സഹായിക്കും.
സ്വന്തം റി എൻട്രി, എക്സിറ്റ്, നഖ്ൽ മഅലൂമാത്ത് തുടങ്ങിയ ചുരുക്കം കാര്യങ്ങളെ ഇനി അബ്ഷിർ വഴി വ്യതികൾക്ക് അനുവദിച്ച് നൽകാൻ ബാക്കിയുള്ളൂ. ബാക്കിയുള്ള അധിക സേവനങ്ങളും ജവാസാത്തിനെ സമീപിക്കാതെ മൊബൈലിലിരുന്നോ കംബ്യൂട്ടർ വഴിയോ പൂർത്തിയാക്കാൻ നിലവിൽ അബ്ഷിർ സഹായിക്കും.
ഒരു വ്യക്തിയുടെ പേരിലുള്ള വാഹനങ്ങളുടെ വിവരങ്ങൾ, ട്രാഫിക് ഫൈൻ എന്നിവ അറിയാനും അബ്ഷിർ ഉപകാരപ്പെടും. ഏറ്റവും പുതിയ പദ്ധതി പ്രകാരം അബ്ഷിർ വഴി നമുക്കെതിരെ ചുമത്തിയ പിഴകളിൽ പരാതിയുണ്ടെങ്കിൽ ട്രാഫിക് വിഭാഗത്തിനെ അത് ബോധിപ്പിക്കാനുള്ള അവസരവും ഒരുക്കിയിട്ടുണ്ടെന്നത് ശ്രദ്ധേയമാണ് .
പഴയ www.moi.gov.sa സൈറ്റിൽ ക്ളിക്ക് ചെയ്ത് ആർക്കും ഇഖാമ ഡേറ്റ് ചെക്ക് ചെയ്യാൻ അവസരം ഉണ്ടായിരുന്നെങ്കിൽ ഇപ്പോൾ http://www.absher.sa/ ൽ അബ്ഷിർ അക്കൗണ്ട് ഉപയോഗിച്ച് സൈറ്റ് ലോഗിൻ ചെയ്യൽ നിർബന്ധമായിരിക്കുകയാണെന്നത് പ്രത്യേകം ഓർക്കുക.
ഒരാളുടെ ഇഖാമ നംബറിൽ എത്ര പണം ഉപയോഗിക്കാതെ ബാക്കിയുണ്ടെന്ന് അറിയുന്നതിനും അബ്ഷിർ നിർബന്ധമായിരിക്കുകയാണിപ്പോൾ. ഇഖാമ നംബറിൽ ബാക്കിയുള്ള തുക അറിഞ്ഞാൽ പിന്നീട് പണമടക്കുംബോൾ ആവശ്യമുള്ള തുക മാത്രം നിക്ഷേപിക്കാൻ ഇത് സഹായകരമാകും .
ഡ്രൈവിംഗ് ലൈസൻസ് പുതുക്കാനും ഇസ്തിമാറ പുതുക്കാനും വാഹനത്തിന്റെ ഓണര്ഷിപ്പ് റദ്ദാക്കാനുമെല്ലാം അബ്ഷിർ വഴി സാധ്യമാകും. ഒരു വ്യക്തിയുടെ ഹെൽത്ത് ഇൻഷൂറൻസിൽ എത്ര ഡേറ്റ് ബാക്കിയുണ്ടെന്നറിയാനും അബ്ഷിർ വഴി സാധ്യമാകും.
ഏതായാലും സൗദി അറേബ്യയിൽ ഇനി അബ്ഷിർ ഇല്ലാതെ ഒരാൾക്കും മുന്നോട്ട് പോകാൻ കഴിയില്ലെന്ന കാര്യം തീർച്ചയാണ് . അബ്ഷിർ ഇല്ലാത്തവർ എത്രയും പെട്ടെന്ന് അക്കൗണ്ട് തുറക്കുകയും ഇല്ലാത്തവരെ പുതിയ അക്കൗണ്ട് തുറക്കാൻ പ്രേരിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്.
മൊബൈൽ വഴിയോ കംബ്യൂട്ടർ വഴിയോ അക്കൗണ്ട് ഓപൺ ചെയ്യാനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി മാളുകളിലോ മറ്റോ സ്ഥാപിച്ചിട്ടുള്ള ജവാസാത്തിൻ്റെ കിയോസ്ക് മെഷീനിൽ ഫിംഗർ പ്രിൻ്റ് നൽകി അക്കൗണ്ട് ആക്റ്റിവേറ്റ് ചെയ്യുന്നതോടെ ആർക്കും അബ്ഷിർ ഉപഭോക്താവാകാൻ സാധിക്കും. പ്ളേസ്റ്റോറിലും ആപ് സ്റ്റോറിലും അബഷിറിന്റെ ആപുകൾ ലഭ്യമാണ് .
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa