Thursday, April 17, 2025
Dammam

കെ എം സി സി ഫുഡ്ബോൾ ബുറൈദയിൽ ഒരുക്കങ്ങൾ ഊർജ്ജിതം.

ബുറൈദ: ബുറൈദ കെ എം സി സി ബലിപെരുന്നാൾ സുദിനത്തിൽ സംഘടിപ്പിക്കുന്ന അഞ്ചാമത് ഫുഡ്ബോൾ ടൂർണ്ണമെന്റ് ബുറൈദയിലെ ളാഹി ശർക്ക് ജാലിയാത്ത് ഫ്ളഡ്ലിറ്റ് സ്റ്റേഡിയത്തിൽ വെച്ച് നടത്തുമെന്ന് സ്വാഗതസംഘം ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

മത്സരത്തിൽ ജേതാക്കളാവുന്ന ടീമിന് കത്ത്കൂത്ത് റസ്‌റ്റോറന്റ് ബുകൈരിയയും, ന്യൂ ഹോട്ടൽ ബുറൈദയും സംയുക്തമായി നൽകുന്ന നാലായിരം റിയാലും ജസാർ അൽ ശർക്ക് ബുറൈദ നൽകുന്ന നൗഫൽ വയനാട് മെമ്മോറിയൽ ട്രോഫിയും ലഭിക്കും. ടൂർണ്ണമെന്റിൽ രണ്ടാം സ്ഥാനത്തെത്തുന്ന ടീമിന് ഷമാസി സെന്റർ ( ഹാപ്പി സെൻറർ) കേരളാ മാർക്കറ്റ് ബുറൈദ നൽകുന്ന രണ്ടായിരം റിയാലും മൂലാൻസ് ഗ്രൂപ്പ് ( വിജയ് മസാല) നൽകുന്ന ട്രോഫിയും സമ്മാനിക്കും.

ബുറൈദക്കു പുറമെ ദമ്മാം, റിയാദ്, ഹായിൽ തുടങ്ങി സൗദിയുടെ വിവിധ പ്രവിശ്യകളിൽ നിന്നായി കരുത്തരായ എട്ട് ടീമുകൾ പങ്കെടുക്കും. ഓരോ മത്സരം കഴിയുമ്പോഴും അതിൽ മികച്ച കളിക്കാരനെ തെരഞ്ഞെടുത്ത് ഉപഹാരം നൽകുന്നത് ഈ വർഷത്തെ പ്രത്യേകതയാണ്. മത്സരം ബലിപെരുന്നാൾ സുദിനത്തിലായത് കൊണ്ട് മികച്ച പ്രവാസി പങ്കാളിത്തമാണ് പ്രതീക്ഷിക്കുന്നത്.

ആയിരക്കണക്കിന് കാണികളെ ഉൾക്കൊള്ളാവുന്ന വേദിയാണ് ശർക്ക് ജാലിയാത്തിന്റെ ഫ്ളഡ്ലിറ്റ് ഗ്രൗണ്ട്. ടൂൺമെന്റുമായി സഹകരിച്ച വ്യവസായ പ്രമുഖരും, പ്രതിനിധികളും ബുറൈദയിലെ വിവിധമേഖലയിൽനിന്നുള്ള വിശിഷ്ട വ്യെക്തികളും  വർണാഭമായ ഉദ്‌ഘാടന ചടങ്ങിൽ പങ്കെടുക്കും. കാണികളായെത്തുന്നവർക്ക് മിതമായ നിരക്കിൽ ഭക്ഷണം ലഭ്യമാക്കുന്നതിനാവശ്യമായ സൗകര്യവുമൊരുക്കും.

മത്സരം സംഘടിപ്പിക്കുന്നതിലൂടെ മിച്ചം വരുന്ന തുക പ്രവാസ ലോകത്ത് ബുദ്ധിമുട്ടുകൾ നേരിടുന്ന പ്രവാസി സഹോദരൻമാരുടെ ക്ഷേമത്തിനായി വിനിയോഗിക്കുമെന്നും മുൻവർഷങ്ങളിലും ടൂർണ്ണമെന്റിന്റ നടത്തിപ്പിലൂടെ പണം സമാഹരിക്കാനും അത് വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കാനും സാധിച്ചിരുന്നതായി സംഘാടകർ പറഞ്ഞു.

തുടർച്ചയായി അഞ്ചാമത് വർഷവും ടൂർണ്ണമെന്റ് സംഘടിപ്പിക്കാൻ സാധിക്കുന്നത് പ്രവാസികളുടെ കാൽപ്പന്തുകളി യോടുള്ള താൽപ്പര്യവും ഏതു പ്രതിസന്ധി ഘട്ടത്തിലും പ്രവാസിയോടൊപ്പം ചേർന്നു നിൽക്കുന്ന കെ എം സി സി എന്ന സംഘടനയോടുള്ള അനുഭാവവുമാണെന്നു വിലയിരുത്തുന്നതായി ടൂർണ്ണമെന്റ് കമ്മിറ്റി ചെയർമാൻ സക്കീർ മാടാല അഭിപ്രായപ്പെട്ടു.

ഇത്തവണത്തെ ടൂർണ്ണമെന്റ് നിയന്ത്രിക്കുന്നത്  റിയാദ് കേന്ദ്രമായി പ്രവർത്തിക്കുന്ന (റിഫ) ഫുട്ബോൾ അസോസിയേഷന്റെ റഫറിമാരായിരിക്കുമെന്ന് ജനറൽ കൺവീനർ സക്കീർ കൈപ്പുറം പറഞ്ഞു. ട്രഷറർ ബഷീർ ഒതായി, വൈസ് ചെയർമാൻ ഫൈസൽ ആലത്തൂർ, സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അനീസ് ചുഴലി എന്നിവരും പത്രസമ്മേളനത്തിൽ സന്നിഹിതരായിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa