ഉംറക്കാർക്ക് ഇനി സൗദിയിലെവിടെയും സഞ്ചരിക്കാം
തിരു ഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിൻ്റെ അദ്ധ്യക്ഷതയിൽ ഇന്ന് ജിദ്ദയിൽ ചേർന്ന മന്ത്രി സഭാ യോഗത്തിൽ സൗദിയിലെത്തുന്ന ഉംറ തീർത്ഥാടകർക്ക് രാജ്യത്തെവിടെയും സന്ദർശിക്കാനുള്ള അനുമതി നൽകി.
ഇത് വരെ മക്ക, മദീന, ജിദ്ദ എന്നീ പ്രദേശങ്ങളുടെ അതിർത്തിക്കപ്പുറത്തേക്ക് സഞ്ചരിക്കാൻ ഉംറ, ഹജ്ജ് തീർത്ഥാടകർക്ക് ഔദ്യോഗികാനുമതി ഇല്ലായിരുന്നു.
പുതിയ തീരുമാനത്തോട് കൂടി സൗദിയിലെത്തുന്ന ഉംറ തീർത്ഥാടകർക്ക് രാജ്യത്തെവിടെയും സന്ദർശിക്കാനുള്ള സ്വാതന്ത്ര്യം ലഭിച്ചിരിക്കുകയാണ്. ഇത് സൗദിയിലെ വ്യാപാര വാണിജ്യ പാർപ്പിട മേഖലകളെ ഉത്തേജിപ്പിക്കാൻ സഹായിക്കുമെന്ന് തീർച്ചയാണ്.
മക്ക, മദീന, ജിദ്ദ അതിർത്തികൾക്കപ്പുറത്ത് കഴിയുന്ന നിരവധി സാധാരണക്കാരായ പ്രവാസികൾക്ക് ഈ തീരുമാനം വലിയ ആശ്വാസമാകുമെന്നാണു പ്രതീക്ഷ. പലർക്കും പ്രഫഷനും മറ്റും കാരണമായി വിസിറ്റിംഗ് വിസക്കും മറ്റും കുടുംബത്തെ കൊണ്ട് വരാൻ സാധിക്കാതെ വരാറുണ്ട്. ഇത്തരക്കാർക്ക് ഉംറ വിസക്ക് കുടുംബത്തെ കൊണ്ട് വന്ന് തങ്ങളുടെ കൂടെ ഒരു മാസത്തേക്കെങ്കിലും താമസിപ്പിക്കാൻ ഇത് വഴി സാധ്യമാകും.
കൂടാതെ എല്ലാ ഉംറക്കാർക്കും സൗദി മുഴുവൻ കറങ്ങാനുള്ള അവസരം ലഭിക്കുന്നതോടെ സൗദിയുടെ വിവിധ ഭാഗങ്ങളിലെ ടൂറിസത്തിനു വലിയ പ്രോത്സാഹനമായിത്തീരുന്നതോടൊപ്പം വ്യാപാര, പാർപ്പിട മേഖലയിൽ വലിയ സാമ്പത്തിക കുതിപ്പിനും സഹായകരമാകുമെന്നാണ് പ്രതീക്ഷ .
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa