ന്യൂസിലാൻ്റിലെ പള്ളികളിലെ വെടിവെപ്പിൽ മരിച്ചവരുടെയും പരിക്കേറ്റവരുടെയും 200 ബന്ധുക്കൾ സൽമാൻ രാജാവിൻ്റെ ആതിഥേയത്വത്തിൽ ഹജ്ജിനെത്തും
ന്യൂസിലാൻ്റിലെ പള്ളികളിൽ കഴിഞ്ഞ മാർച്ചിൽ നടന്ന വെടിവെപ്പിൽ മരിച്ചവരുടെയും പരിക്കേറ്റവരുടെയും 200 കുടുംബാംഗങ്ങൾ ഈ വർഷം ഹജ്ജ് നിർവ്വഹിക്കാൻ സൽമാൻ രാജാവിൻ്റെ അതിഥികളായെത്തും.
വെടി വെപ്പിൽ മരിച്ച 50 പേരുടെയും പരിക്കേറ്റ മറ്റുള്ളവരുടെയും ബന്ധുക്കളാണു രാജാവിൻ്റെ ആതിഥേയത്വത്തിൽ ഹജ്ജിനെത്തുക.
ഹജ്ജിനു ഒരുങ്ങാനുള്ള നടപടിക്രമങ്ങൾ ന്യുസിലാൻ്റിലെ സൗദി എംബസി ഉടൻ പൂർത്തിയാക്കും. ന്യൂസിലാൻ്റിലെ ഭീകരാക്രമണത്തിനു ഇരകളായവരോടുള്ള സൗദിയുടെ പിന്തുണയുടെ ഭാഗമായാണു രാജാവിൻ്റെ നിർദ്ദേശം.
ഈ വർഷം ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 1300 പേർ രാജാവിൻ്റെ ആതിഥേയത്വത്തിൽ ഹജ്ജ് നിർവ്വഹിക്കുന്നുണ്ട്. 72 രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്കാണു അവസരം ലഭിക്കുന്നത്.
ആഗോള തലത്തിൽ മുസ്‌ലിംകളുടെ ക്ഷേമത്തിനു സൗദി ഭരണാധികാരി നൽകുന്ന പ്രാമുഖ്യത്തിൻ്റെ പ്രതിഫലനമാണു ഇത് വഴി വ്യക്തമാകുന്നതെന്ന് സൗദി ഇസ്‌ലാമിക കാര്യം മന്ത്രി ഡോ: അബ്ദുല്ലത്തീഫ് ആലു ശൈഖ് അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa