Sunday, September 22, 2024
Jeddah

സൈക്കിൾ സഞ്ചാരത്തിന് വിട; അബ്ദുക്ക പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്നു

ജിദ്ദ: സൈക്കിളിൽ സഞ്ചാരം പതിവാക്കി ജോലിക്കൊപ്പം സാമൂഹ്യ സേവനം നടത്തുന്ന വ്യത്യസ്തനായ പ്രവാസി ചെമ്പൻ അബ്ദു സൈക്കിൾ സഞ്ചാരം നിർത്തി പ്രവാസത്തോട് വിട പറയുന്നു.

2012 മുതലാണ് അബ്ദുക്കയുടെ ജീവിതത്തിലേക്ക് സൈക്കിൾ കടന്നു വന്നത്. അതിനു മുമ്പ് വിവിധ ആവശ്യങ്ങൾക്കും സംഘടനാ പ്രവർത്തനങ്ങൾക്കും വേണ്ടി നടന്നു പോവാറായിരുന്നു പതിവ്. ഇത് കണ്ട ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് ഉദ്യോഗസ്ഥനായ ഇഖ്ബാൽ ആണ് ഇദ്ദേഹത്തിന് ഒരു സൈക്കിൾ സമ്മാനിച്ചത്. പിന്നീടുള്ള യാത്ര സൈക്കിളിലായി. ഇതിനിടെ പലപ്പോഴും സൈക്കിൾ കളവ് പോയ അനുഭവവും ഉണ്ട്. സൈക്കിൾ നഷ്ടപ്പെടുമ്പോൾ പുതിയത് വാങ്ങി വീണ്ടും സഞ്ചാരം തുടരുകയാണ് പതിവ്.

 അബ്ദു ചെമ്പൻ തന്റെ സന്തത സഹചാരിയായ സൈക്കിളുമൊത്ത്

മലപ്പുറം ജില്ലയിലെ പറമ്പിൽ പീടിക പാലപ്പെട്ടിപ്പാറ സ്വദേശിയായ ചെമ്പൻ അബ്ദു 1992 നവംബര് 27 നാണു ജിദ്ദയിൽ എത്തിയത്. ജിദ്ദയിൽ എത്തി രണ്ടു ദിവസത്തിന് ശേഷം അൽ ഹംറയിലെ യിൽഡിസ്‌ലർ (Yildizlar) റെസ്‌റ്റോറന്റിലെ ജോലിയിൽ പ്രവേശിച്ചു. 27 വർഷമായി ഇതേ ജോലിയിൽ ഇപ്പോഴും തുടരുന്നു.

തിരക്ക് പിടിച്ച ജോലിക്കിടയിലും സാമൂഹ്യ പ്രവർത്തനത്തിന് സമയം കണ്ടെത്തുന്ന അബ്ദുക്ക കെഎംസിസിയുടെ വിവിധ ഘടകങ്ങളിൽ ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങൾ വഹിക്കുന്നുണ്ട്. ഹജ്ജിനു ശേഷം പ്രവാസ ലോകത്തോട് വിട പറയാനുള്ള ഒരുക്കത്തിലാണ് അബ്ദുക്ക.

നിലവിൽ ജിദ്ദ – പെരുവള്ളൂർ പഞ്ചായത്ത് കെഎംസിസി പ്രസിഡന്റ്, വള്ളിക്കുന്ന് മണ്ഡലം കെഎംസിസി വൈസ് പ്രസിഡന്റ്, റുവൈസ് ഏരിയ കെഎംസിസി ചെയര്മാന് എന്നീ നിലകളിലും ജിദ്ദ എസ് ഐ സി, ദാറുൽ ഹുദാ ജിദ്ദ കമ്മിറ്റി, പെരുവള്ളൂർ യതീം ഖാന കമ്മിറ്റി എന്നിവയിലും അംഗമാണ്.

100 വയസ് തികഞ്ഞ മുഹമ്മദ് കുട്ടി ഹാജി പിതാവും ഉമ്മയ്യക്കുട്ടി ഹജ്ജുമ്മ മാതാവുമാണ്. ഭാര്യ ഫാത്തിമ . മക്കൾ: റിയാസ് (മക്ക) റഹീസ് , റുബീന, റാഹില , റസ്ലത്ത്

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q