റി എൻട്രി വിസ കാലാവധി കഴിഞ്ഞ് 3 വർഷത്തിനുള്ളിൽ സൗദിയിലേക്ക് പുതിയ വിസയിൽ പോകാൻ സാധിക്കുമോ?
റി എൻട്രി വിസയിൽ നാട്ടിലേക്ക് പോയി വിസ കാലാവധി അവസാനിച്ച ശേഷം 3 വർഷത്തിനുള്ളിൽ മറ്റൊരു വിസയിൽ തിരികെ സൗദിയിലേക്ക് പോകാമോ എന്ന ചോദ്യം നിരവധി പ്രവാസികളും മുൻ പ്രവാസികളും ചോദിക്കാറുണ്ട്.
സൗദി ജവാസാത്ത് ഉദ്യോഗസ്ഥരിൽ നിന്നുള്ള അറിയിപ്പ് പ്രകാരം ഒരാൾ റി എൻട്രി വിസയിൽ സ്വദേശത്ത് പോയി തിരികെ വരാതിരുന്നാൽ പിന്നീട് സൗദിയിലേക്ക് മറ്റൊരു വിസയിൽ പ്രവേശിക്കണമെങ്കിൽ 3 വർഷം കഴിയണമെന്നതാണ് നിയമം.
അതേ സമയം പഴയ സ്പോൺസർ തന്നെയാണു പുതിയ വിസ അയച്ച് കൊടുത്തതെങ്കിൽ 3 വർഷത്തെ വിലക്ക് നിയമം ബാധകമല്ല. പഴയ സ്പോൺസറുടെ അടുത്തേക്കാണെങ്കിൽ ഏത് സമയവും പുതിയ വിസയിൽ വരാൻ സാധിക്കും.
എന്നാൽ മറ്റൊരു സ്പോൺസറുടെ അടുത്തേക്ക് 3 വർഷത്തിനുള്ളിൽ തന്നെ പുതിയ വിസയിൽ പോയവരുണ്ട്, അതോടൊപ്പം 3 വർഷം കഴിഞ്ഞിട്ട് പോലും സൗദി എയർപോർട്ടിൽ നിന്ന് മടക്കി അയക്കപ്പെട്ടവരും ഉണ്ട് എന്നതാണു സത്യം.
എന്ത് കൊണ്ടാണു ഇത്തരം ഒരു സാഹചര്യം ഉണ്ടാകാൻ കാരണമെന്ന് പല സുഹൃത്തുക്കളും സംശയം പ്രകടിപ്പിച്ചിരുന്നു.
റി എൻട്രി വിസ കാലാവധി അവസാനിച്ച് 3 വർഷം തികയും മുംബേ മറ്റൊരു വിസയിൽ സൗദിയിലിറങ്ങാൻ സാധിച്ചവരുടെ കാര്യമെടുക്കാം. ഇങ്ങനെ സൗദിയിലിറങ്ങിയ ഭൂരിപക്ഷം ആളുകളുടെയും പുതിയ സ്പോൺസർമാർ എയർപോർട്ടിൽ നേരിട്ടെത്തി ഇവരെ തങ്ങൾക്ക് ആവശ്യമാണെന്ന് ജവാസാത്തിൽ ബോധ്യപ്പെടുത്തിയാണു പുറത്തിറക്കുന്നത് എന്നാണു മനസ്സിലാക്കാൻ സാധിച്ചത്.
അതേ സമയം 3 വർഷം കഴിഞ്ഞിട്ടും പുതിയ വിസയിൽ പോയപ്പോൾ സൗദി എയർപോർട്ടിൽ നിന്ന് മടക്കിയവരുടെ കാര്യവും അന്വേഷണ വിധേയമാക്കുകയുണ്ടായി. ഇങ്ങനെ മടങ്ങുന്നവരിലധികവും പഴയ സ്പോൺസർ ഏതെങ്കിലും രീതീയിൽ പരാതി നൽകിയവരായിരിക്കുമെന്നാണു വിവരം ലഭിച്ചത്.
ട്രാവൽസ് ഫീൽഡിലുള്ള സുഹൃത്തുക്കളോടും മറ്റും ഈ വിഷയം സംസാരിച്ചപ്പോഴും ഇതേ മറുപടിയാണു ലഭിച്ചത്. ഇങ്ങനെ 3 വർഷം കഴിഞ്ഞ് തിരികെ വന്ന ഒരു മലയാളിയെ കഴിഞ്ഞയാഴ്ച റിയാദ് എയർപോർട്ടിൽ നിന്ന് അറസ്റ്റ് ചെയ്തതായി വാർത്തയുണ്ടായിരുന്നു. സ്പോൺസറുമായി നേരത്തെ ഉണ്ടായിരുന്ന കേസായിരുന്നു കാരണമത്രെ.
ഏതായാലും റി എൻട്രി വിസ അവസാനിച്ച ശേഷം പുതിയ വിസയിൽ 3 വർഷത്തിനു മുംബോ ശേഷമോ സൗദിയിലേക്ക് പോകുന്നവർ പുതിയ സ്പോൺസറോട് എയർപോർട്ടിൽ ഇറങ്ങുന്ന സമയം ഹാജരാകാനും ആവശ്യമെങ്കിൽ ജവാസാത്ത് ഉദ്യോഗസ്ഥരുമായി സംസാരിക്കാനും ഉണർത്തുന്നത് നല്ലതായിരിക്കും എന്നാണു മനസ്സിലാകുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa