ബഹ്റൈനിൽ ഇമാമിനെ കൊലപ്പെടുത്തിയ വിദേശിയുടെ വധ ശിക്ഷ നടപ്പാക്കി
ബഹ്രൈനിലെ പള്ളിയിലെ ഇമാം അബ്ദുൽ ജലീൽ സിയാദിയെ കൊലപ്പെടുത്തുകയും ശരീരം വെട്ടി നുറുക്കി വേസ്റ്റ് ബാഗുകളിലാക്കി ഉപേക്ഷിക്കുകയും ചെയ്ത വിദേശിയുടെ വധ ശിക്ഷ നടപ്പാക്കിയതായി ബഹ്‌റൈൻ അധികൃതർ അറിയിച്ചു.
പള്ളിയിലെ ബാങ്ക് വിളിക്കുന്നയാളായിരുന്ന ബംഗ്ളാദേശ് പൗരനായിരുന്നു കൊലപാതകി. ഇയാൾ സുഹൃത്തുക്കളുമായി പള്ളിയുടെ ആദരവിനു ചേരാത്ത രീതിയിൽ പള്ളിക്കകത്ത് ഒരുമിച്ച് കൂടുന്നതിനെ ഇമാം ചോദ്യം ചെയ്തതായിരുന്നു കൊലപാതകത്തിലേക്ക് പ്രേരിപ്പിച്ചതെന്നാണു റിപ്പോർട്ടുകൾ പറയുന്നത്.ബഹ്രൈൻ ജനതയെ ആകെ ഞെട്ടിച്ച സംഭവമായിരുന്നു കഴിഞ്ഞ വർഷത്തെ ഈ ക്രൂരമായ കൊലപാതകം. 15 വർഷമായി പള്ളിയിലെ ഇമാമായിരുന്നു അബ്ദുൽ ജലീൽ സിയാദി.
സുബ്ഹ് നമസ്ക്കാരത്തിനു ശേഷം ഇമാമിനെ കൊലപ്പെടുത്തി ശരീരം മുറിച്ച് ബാഗുകളിലാക്കി സുഹൃത്തുക്കളുടെ സഹായത്തോടെ വേസ്റ്റ് ബോക്സിൽ നിക്ഷേപിക്കുകയായിരുന്നു പ്രതി ചെയ്തത്.മൃത ദേഹം ഉപേക്ഷിച്ച ഏരിയയിൽ യാദൃശ്ചികമായി എത്തിയ മറ്റൊരാൾക്ക് സംശയം തോന്നിയതിനെത്തുടർന്നുണ്ടായ അന്വേഷണമായിരുന്നു പിന്നീട് പ്രതിയെ പിടി കൂടാൻ സഹായിച്ചത്.
ഇമാമിനെ കൊലപ്പെടുത്തിയ ദിവസം ളുഹർ നമസ്ക്കാരത്തിനു ഇമാമിനു പകരമായി ഈ കൊലപാതകിയായിരുന്നു ഇമാം നിന്നിരുന്നതെന്നും റിപ്പോർട്ടുകളിൽ പറയുന്നു.
അതേ സമയം ഭീകര പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച മറ്റു രണ്ട് പേരെയും ഇന്ന് ബഹറൈനിൽ വധ ശിക്ഷക്ക് വിധേയരാക്കിയിട്ടുണ്ട്. വെടിയുതിർത്താണു വധ ശിക്ഷകൾ നടപ്പാക്കിയത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa